ന്യൂദല്‍ഹി: കരാര്‍ കാലാവധി അവസാനിച്ചെന്ന പേരില്‍ പ്രസവാനുകൂല്യം വെട്ടിച്ചുരുക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി. കരാര്‍ കാലാവധിക്കപ്പുറവും പ്രസവാനുകൂല്യത്തിന് അമ്മമാരായ കരാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് എസ്.വി.എന്‍. ഭാട്ടി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. പ്രസവ കാലയളവില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ പോലും പ്രസവാനുകൂല്യങ്ങള്‍ക്ക് തൊഴിലാളിക്ക് അര്‍ഹതയുണ്ടെന്നും 1961ലെ മറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ 12(2) വകുപ്പ് വിശദീകരിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. 1961ലെ പ്രസവാനുകൂല്യ നിയമത്തിന്റെ അഞ്ച്, എട്ട് വകുപ്പുകള്‍ പ്രകാരം തൊഴിലുടമ മൂന്നുമാസത്തിനകം ആനുകൂല്യങ്ങള്‍ നല്‍കണമെന്നും വിധിയില്‍ പറയുന്നു.
ദല്‍ഹി എന്‍സിടിക്ക് കീഴിലുള്ള ജനക്പുരി ആശുപത്രിയിലെ പതോളജി ഡോക്ടറായിരുന്ന കവിതാ യാദവിന് പ്രസവാനുകൂല്യങ്ങള്‍ നിഷേധിച്ച കേസിലാണ് വിധി. ഡോക്ടറുടെ മൂന്ന് വര്‍ഷത്തെ കരാര്‍ 2017 ജൂണ്‍ 11ന് അവസാനിച്ചിരുന്നു. എന്നാല്‍ സര്‍വീസിലിരിക്കെ തന്നെ ജൂണ്‍ ഒന്ന് മുതല്‍ പ്രസവാവധിക്കായി അപേക്ഷ നല്കി. കരാര്‍ കാലാവധി അവസാനി
ക്കുന്ന ജൂണ്‍ 11 വരെയുള്ള ആനുകൂല്യങ്ങള്‍ മാത്രമാണ് അധികൃതര്‍ ഡോക്ടര്‍ക്ക് അനുവദിച്ചത്. ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണിലനെയും ഹൈക്കോടതിയെ യും സമീപിച്ചെങ്കിലും തീരുമാനങ്ങള്‍ എതിരായിരുന്നു. ഇതേത്തുടര്‍ന്നാണ് അപ്പീലുമായി ഡോക്ടര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മൂന്നുമാസം ശമ്പളത്തോടു കൂടിയ പ്രസവാവധി എന്നത് 2017ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആറുമാസമാക്കി ഉയര്‍ത്തിയിരുന്നു. 3500 രൂപ മെഡിക്കല്‍ ബോണസായും 26 ആഴ്ച ശമ്പളത്തോടു കൂടിയ അവധിയുമാണ് ആദ്യ രണ്ട് പ്രസവങ്ങള്‍ക്ക് നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയ്ക്ക് മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 6000 രൂപയുടെ പ്രത്യേക ധനസഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബിജെപി ഭരിക്കുന്ന സിക്കിമില്‍ കഴിഞ്ഞമാസം പ്രസവാവധി ഒരുവര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
കുട്ടികളെ നോക്കുന്നതിനായി ഭര്ത്താക്കന്മാര്ക്ക് ഒരുമാസത്തെ ശമ്പളത്തോടുകൂടിയ അവധിയും സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ പ്രസവാവധി ആറുമാസത്തില്‍ നിന്ന് ഒന്‍പതുമാസമാക്കി ഉയര്‍ത്തണമെന്ന് നിതി ആയോഗും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: