ബെംഗളൂരു: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ബംഗളുരുവില്‍ നടക്കുന്ന മന്ത്രിതല ഡിജിറ്റല്‍ സാമ്പത്തിക സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നൈപുണ്യവികസന, സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിവിധ വിദേശരാജ്യങ്ങളുടെ ഐടി വകുപ്പ് ചുമതല വഹിക്കുന്ന മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
ഇന്ത്യയുടെ മാതൃകയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയും പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് വേണ്ട അനുബന്ധ സംവിധാനങ്ങളും അതാത് രാജ്യങ്ങളില്‍ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച ആശയവിമയവും ഇതോടൊപ്പം നടന്നു.
ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി സുനൈദ് അഹമ്മദ് പാലക്, മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ ഐടി, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്നൊവേഷന് വകുപ്പ് മന്ത്രി ദീപക് ബാല്ഗോബിന്, ഫ്രഞ്ച് മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ അഫയേഴ്സ് അംബാസഡര്‍ ഹെന്റി വെര്‍ദ് യ്ര്‍, തുര്‍ക്കിയിലെ വ്യവസായ സാങ്കേതിക വകുപ്പ് മന്ത്രി മെഹ്മെത് ഫാതിഹ് കസിര്‍, കൊറിയ ഡെപ്യൂട്ടി മന്ത്രി ഡോ. ജിന്ബേ ഹോങ് തുടങ്ങിയവര്‍ രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തിയവരില്‍പ്പെടുന്നു.
ഡിജിറ്റല്‍ പൗരന്മാര്ക്ക് പ്രയോജനപ്രദമായ പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ലോകത്തിനു തന്നെ ഒരു പാഠപുസ്തകമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം വിദേശ രാജ്യങ്ങളുടെ മന്ത്രിമാരുമായി നടന്ന വ്യക്തിഗത ചര്‍ച്ചകളില്‍ അദ്ദേഹം വരച്ചു കാട്ടി. ഡിജിറ്റല്‍ ഗവര്ണന്സ് മേഖലയില്‍ പിന്നാക്കം നില്ക്കുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ സൗകര്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് രാജ്യം തയ്യാറാണെന്നും ചര്‍ച്ചയില്‍ രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിച്ചു.
ജി 20 രാഷ്ട്രങ്ങളിലെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട മന്ത്രിതല യോഗത്തിനോടനുബന്ധിച്ച് നടന്ന നാലാമത് ഡിജിറ്റല്‍ ഇക്കണോമി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളുടെ മന്ത്രിമാരുമായി രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തിയത്. ഇന്ത്യ ജി20 അദ്ധ്യക്ഷപദമേറ്റതിനു പിന്നാലെയാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം സ്റ്റാര്‍ട്ടപ്പ് ഹബ്ബിന് കീഴില്‍ ജി20 ഡിജിറ്റല്‍ ഇന്നൊവേഷന് അലയന്‍സ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
എല്ലാ ജി20 അംഗരാഷ്ട്രങ്ങളില്‍ നിന്നും പുറമെ ക്ഷണിക്കപ്പെട്ട ഒമ്പത് അതിഥി രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ജി20 ഡിജിറ്റല്‍ ഇന്നൊവേഷന് അലയന്‍സ് രൂപീകൃതമായിട്ടുള്ളത്. വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക, കാര്‍ഷിക മേഖലകളിലടക്കം ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി മനുഷ്യ ജീവിതം ആയാസരഹിതമാക്കുകയെന്ന ഉദ്ദേശവും പ്രസ്തുത സംരംഭത്തിന് പിന്നിലുണ്ട്. വിവിധ രാജ്യങ്ങളില്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ നടപ്പിലാക്കുന്നതിന്റെ സാദ്ധ്യതകള്‍ സംബന്ധിച്ച് ബംഗളുരുവിലെ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന ദ്വിദിന മന്ത്രിതല സമ്മേളനം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: