പനാജി: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയുടെ മൂന്നു പുസ്തകങ്ങള്‍ രാജ്ഭവന് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിലവിളക്ക് കൊളുത്തി . ഇംഗ്ലീഷ് പുസ്തകങ്ങളായ ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ, വെന്‍ പാരലല്‍ ലൈന്‍സ് മീറ്റ് എന്നിവയും കവിതാ സമാഹാരമായ എന്റെ പ്രിയ കവിതകള്‍ എന്നിവയുമാണ് പ്രകാശനം ചെയ്യപ്പെട്ടത്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസ്, ടൂറിസം വകുപ്പ് മന്ത്രി രോഹന് കൗണ്ടെ, ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസോ എന്നിവരാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്. ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി കര്‍ദ്ദിനാള്‍ ഫെറൗ, ഗോവ രാമകൃഷ്ണ മിഷന് സെക്രട്ടറി സ്വാമി മഹേഷാത്മാനന്ദ, സീനിയര്‍ പത്രപ്രവര്ത്തകന് പാച്ചുമേനോന്‍ എന്നിവര്‍ യഥാക്രമം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
ഗോവ സമ്പൂര്‍ണ്ണ യാത്രയുടെ ഭാഗമായി ഗോവ ഗ്രാമങ്ങളിലെയും വിവിധ ആരാധനാലയങ്ങളിലെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക വൃക്ഷങ്ങള്‍ കണ്ടെത്തി, അവയെക്കുറിച്ച് രചിച്ച പുസ്തകമാണ് ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരളം, മിസോറാം, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും ഗവര്‍ണര്‍ ശ്രീധരന് പിള്ളയുടെ വിവിധ പുസ്തക പ്രകാശന ചടങ്ങുകളില്‍ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് വെന്‍ പാരലല്‍ ലൈന്‍സ് മീറ്റ്.
ശ്രീധരന് പിള്ളയുടെ കവിതകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് എന്റെ പ്രിയ കവിതകള്‍. ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ളയുടെ ഡിസ്ക്രഷണറി ഫണ്ടില്‍ നിന്ന് കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് നല്കി വരുന്ന ധനസഹായ പദ്ധതിയുടെ തുടര്‍ച്ചയായി ഇന്ന് തൊണ്ണൂറു ലക്ഷം രൂപയുടെ ചെക്കുകളുടെ വിതരണം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: