വൈക്കം: വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം പാര്‍ട്ടി തീരുമാന പ്രകാരം രാജിവെക്കാന്‍ തയ്യാറാകാത്തതിനാല്‍ നഗരസഭാ ഭരണം സ്തംഭനത്തിലേക്ക്.
വൈക്കം നഗരസഭയില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് 10, ബിജെപി 4 എന്നിങ്ങനെയാണ് കക്ഷിനില. ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസില്‍ ചെയര്‍മാനെ സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ജില്ലാ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. രണ്ടര വര്‍ഷം എ ഗ്രൂപ്പിനും അടുത്ത രണ്ടര വര്‍ഷം ഐ ഗ്രൂപ്പിനും ചെയര്മാന് സ്ഥാനം പങ്കിടുക എന്നതായിരുന്നു കരാര്‍. ഡിസിസി ആസ്ഥാനത്താണ് ഇത്തരമൊരു തീരുമാനം എടുത്തത്. ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിച്ച രേണുക രതീഷ് കരാര്‍ പ്രകാരം ഒന്നരവര്‍ഷം ചെയര്‍പേഴ്സണ്‍ ആയതിനു ശേഷം രാജിവെച്ചു.
പിന്നീട് ചെയര്‍പേഴ്സണായ രാധിക ശ്യാം കരാര്‍ കാലാവധി കഴിഞ്ഞ് രാജിവെക്കാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണം.
കരാര്‍ പ്രകാരം അടുത്ത രണ്ടര വര്‍ഷത്തേക്ക് ഐ ഗ്രൂപ്പിലെ പ്രീതാ രാജേഷിനാണ് സ്ഥാനം ലഭിക്കേണ്ടത്. അതിനാല്‍ അവര്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഇവര്‍ ചെയര്‍പേഴ്സണായി വരാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു വിഭാഗം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് നിലവിലുള്ള ചെയര്‍പേഴ്സണ്‍ രാജിവെക്കാന്‍ തയ്യാറാകാത്തതെന്ന ആരോപണം ശക്തമാണ്. തര്‍ക്കവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി ഓഫീസില്‍ നടത്തിയ ചര്‍ച്ചയിലും രാധികാ ശ്യം രാജിവെക്കാന്‍ തയ്യാറായില്ല. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, രാധികാ ശ്യം രാജിവെക്കണമെന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ എല്‍ഡിഎഫിലെ ചില കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് രാധികയുടെ നീക്കമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പിന്നാക്ക വിഭാഗ സംഘടനകള്‍ രാധിക ശ്യാം മിനെതിരെ നടപടി ആവശ്യപ്പെട്ട് ശക്തമായ പ്രചാരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: