നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്കാരവും പേറുന്ന ഊര്‍ജസ്വലരായ ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള അവസാന ശ്രമങ്ങള്‍ ഇന്ന് ഇന്ത്യന്‍ ജനതയെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മതപരമായും സാമ്പത്തികമായും ഭരണഘടനാപരമായും വേര്‍തിരിക്കപ്പെട്ട ഒരു ജനതയാണ് മണിപ്പൂരികള്‍. രത്നങ്ങളുടെ നഗരം, മണിപ്പൂര്‍ നദിയാല്‍ സമ്പുഷ്ടമാക്കപ്പെട്ട താഴ്വര, പാഘന്പായുടെ രാജ്യം എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. കിഴക്ക് മ്യാന്മാര്, തെക്ക് മിസോറാം, വടക്ക് നാഗാലാന്‍ഡ്, പടിഞ്ഞാറ് ത്രിപുര എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ഹിമാലയന്‍ മലനിരകളുടെ ഒരു തുടര്‍ച്ചാ പ്രദേശമാണ് ഇവിടം.
നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിന്നും മ്യാന്മാറിലേക്കും മറ്റു തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപാര വാണിജ്യ ബന്ധം തുടര്‍ന്നുപോന്നിരുന്നത് മണിപ്പൂര്‍ വഴിയാണ്. ഇന്ത്യന്‍ സംസ്കാരത്തിന്റെ അങ്ങോട്ടുള്ള പ്രയാണത്തിന് ഒരു കവാടം കൂടിയായിരുന്നു മണിപ്പൂര്‍. സന മാഹികള്‍ (മെയ്തെയ്കള്‍) എന്നറിയപ്പെടുന്ന പുരാതന വിശ്വാസം പേറുന്നവരും നാഗാ മലനിരകളില്‍ കണ്ടുവന്നിരുന്ന നാഗ ആദിവാസി ഗോത്ര വിഭാഗങ്ങളുമായിരുന്നു അവിടെ അധിവസിച്ചിരുന്നത്. ചരിത്രപരമായി, മണിപ്പൂരില്‍ ഭരണം നടത്തിയിരുന്നത് മെയ്തെയ് സനമാഹികളായ രാജാക്കന്മാരായിരുന്നു. നൂറോളം രാജാക്കന്മാര് ഭരിച്ച മെയ്തെയ് രാജ്യത്തെ ആദ്യ രാജാവ് എ ഡി 33 ല്‍ ഭരിച്ചിരുന്ന പാഘന്പാ ആണെന്ന് ചരിത്രം പറയുന്നു. സനലെയ്പോക്ക്, ടിലികോക്ക്ടോണ്, പൊയ്റെയ്ലാം, മെയ്തിലിപാക്, മെയ്ത്രാബാക് എന്നീ നാടന്‍ മണിപ്പൂരി പേരുകളിലും മണിപ്പൂര്‍ അന്ന് അറിയപ്പെട്ടിരുന്നു. സ്വന്തം രാജ്യം സംരക്ഷിക്കുന്നതിനായി ബര്‍മ്മയുമായും മറ്റും ധാരാളം യുദ്ധങ്ങള്‍ ഈ രാജാക്കന്മാര് നടത്തിയിരുന്നു.
എഡി 1704ല്‍ ചരൈരോങ്ബാ എന്ന രാജാവ് വൈഷ്ണവ് സംസ്കാരത്തില്‍ ആകൃഷ്ടനാവുകയും സനമാഹി വിശ്വാസത്തോടൊപ്പം വൈഷ്ണവിസത്തെ മണിപ്പൂരിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും ചെയ്തു. പീതാംബര്‍ സിംഗ് എന്ന പുതിയ നാമത്തില്‍ അറിയപ്പെട്ട ഈ രാജാവിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഹൈന്ദവ ക്ഷേത്രങ്ങള്‍ അവിടെ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. 1949 ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതുവരെ അവിടെ രാജാക്കന്മാര് ഭരണം തുടര്‍ന്നു. 1891 ല്‍ മണിപ്പൂര്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ വന്നു. ബ്രിട്ടനും ബര്മ്മയുമായുണ്ടായ യുദ്ധവും, ബര്‍മ്മയുടെ പരാജയവുമാണ് ഇതിന് കാരണമായത്. പിന്നീട് നിരവധി യുദ്ധങ്ങള്‍ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചു. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കടന്നുകയറാന്‍ ജപ്പാന് സൈന്യം ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടുകയുണ്ടായി. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും, ബര്‍മയിലെ ചിന് മിസോ മലനിരകളിലെ ഗോത്ര വിഭാഗങ്ങളായ മിസോ (കുക്കി) കളും ജപ്പാന് പടയോടൊപ്പം നിന്നെങ്കിലും ബ്രിട്ടന് വിജയിക്കുകയായിരുന്നു. 1944 ല്‍ നടന്ന ഈ യുദ്ധത്തെ ഇംഫാല്‍ യുദ്ധം എന്ന് വിളിക്കുന്നു.
ആംഗ്ലോ മണിപ്പൂര്‍ യുദ്ധത്തിലൂടെ മണിപ്പൂരിനെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്ത ബ്രിട്ടന് ചില ഭൂപരിഷ്കരണ നിയമങ്ങള്‍ നടപ്പില്‍വരുത്തി. അത് മെയ്തെയ്, നാഗാ, പിന്നീട് മണിപ്പൂരിലേക്ക് കുടിയേറ്റപ്പെട്ട കുക്കികള്‍ക്കിടയിലും വേര്‍തിരിവ് ഉണ്ടാക്കി. ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആയ ശേഷം തിരുത്തല്‍ വരുത്തി പുനരാവിഷ്കരിച്ച ഈ നിയമങ്ങള്‍ വേര്‍തിരിന്റെ വ്യാപ്തി കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.
ഇന്നുണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ പൊടിപ്പും തൊങ്ങലും വെക്കാത്ത അടിസ്ഥാന കാരണങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് മുന്നില്‍ ചില സുപ്രധാന വസ്തുതകളാണ് തെളിഞ്ഞുവരിക.
1) 1960 ലെ മണിപ്പൂര്‍ ഭൂപരിഷ്കരണ നിയമവും അതോടബന്ധിച്ച് പിന്നീട് വന്ന ഭരണഘടനാ പരിഷ്കാരങ്ങളും.
2) മതപരിവര്‍ത്തനം മൂലമുണ്ടായി വന്ന സാമൂഹിക ജനസംഖ്യാ വ്യതിയാനവും, വംശീയവും ഭാഷാപരവുമായ സംസ്കാരങ്ങളുടെ അപചയവും.
3) ഭൂപരിഷ്കരണ മതപരിവര്‍ത്തന ഫലമായി ഉണ്ടായിവന്ന വിദ്യാഭ്യാസ ഔദ്യോഗിക സാമ്പത്തിക അസമത്വം.
4) വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലിരിക്കുന്ന മെയ്തെയ്കളുടെ പട്ടികജാതി പദവിക്കായുള്ള കേസിന്റെ അടുത്തിടെ വന്ന വിധി പ്രസ്താവം.
5) മെയ്തെയ് വിശ്വാസികളുടെ, മലനിരകളിലുള്ള പുണ്യ പ്രദേശങ്ങളിലേക്ക് വര്‍ഷംതോറും നടത്തിവരാറുള്ള തീര്‍ത്ഥാടനത്തിന് കുക്കി വിഭാഗം ഏര്‍പ്പെടുത്തിയ വിലക്കും, പ്രദേശത്തിന്റെ സ്ഥലനാമം പാരമ്പര്യ സനമാഹി പദത്തില്‍ നിന്നും ഗോത്രനാമത്തിലേക്ക് മാറ്റിയതിലുള്ള അമര്‍ഷവും.
6) ബര്‍മ്മ, ബംഗ്ലാദേശ്, മിസോറാം എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റവും, സംരക്ഷിത വനം കയ്യേറിയുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും അതോടനുബന്ധിച്ച് പുതിയ സര്‍ക്കാര്‍ നടത്തിയ കുടിയൊഴിപ്പിക്കലുകളും.
7) വനമേഖലയിലെ അനധികൃത പോപ്പി കൃഷി, ലഹരിക്കടത്ത്, മ്യാന്മാര് വഴി ചൈനയില്‍ നിന്നുള്ള ആയുധക്കടത്ത്.
8) സ്വന്തം സ്വത്വം നശിച്ചുപോകുമോ എന്നുള്ള മെയ്തെയ്കളുടെ ഭയം, അരക്ഷിതാവസ്ഥ.
9) എല്ലാറ്റിനുമുപരി പരസ്പരം അക്രമിക്കാന്‍ ത്വരയുള്ള ജനിതകപരമായ ഗോത്ര സ്വഭാവം.
മേല്‍പ്പറഞ്ഞ വസ്തുതകള്‍ വിശദമായി മനസിലാക്കുന്നതിന് ആരാണ് സനമാഹികള്‍ എന്നും നാഗകള്‍ എന്നും കുക്കികള്‍ എന്നും മനസിലാക്കേണ്ടതുണ്ട്. സനമാഹിസം അഥവാ മെയ്തെയ്സം, ലിങ്തോയിസം എന്നീ പേരുകളില്‍ അറിയപ്പെടുന്നത് മണിപ്പൂരിന്റെ മെയ്തെയ് വിഭാഗത്തിന്റെ തനതായ പാരമ്പര്യ വിശ്വാസമാണ്. ഹിന്ദുത്വത്തോട് ഏറെ സാമ്യമുള്ളതും ഒരുപാട് പുരാതന വിശ്വാസങ്ങളും, ബഹുദൈവങ്ങളുമുള്ള, ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഒരു ന്യൂനപക്ഷ മത വിശ്വാസമാണത്. ഏതാണ്ട് 2 ലക്ഷത്തിലധികം ആളുകള്‍ മാത്രമാണ് ഇന്ന് ഔദ്യോഗികമായി സനമാഹിസത്തില് ഉള്ളത്. ലിങ്തോ സനമാഹി എന്ന ദൈവത്തിന്റെ പേരിലാണ് ഈ മതം അറിയപ്പെടുന്നത്. യയ്ബിരേല് സിദ്ധാബ എന്ന പരമോന്നത ദൈവത്തിന്റെയും ലെയ്മാരേല്‍ സിദ്ധാ ബ എന്ന ദേവതയുടെയും മൂത്ത പുത്രനാണ് ലിങ് തോ സനമാഹി.
ഓരോ മെയ്തെയെ സംബന്ധിച്ചും അതവരുടെ ഹൃദയത്തിന്റെ ഭാഗമാണ്. ഏതുതരം വിശ്വാസത്തിലേക്ക് ചേക്കേറിയാലും ഓരോ ഭവനത്തിലും ഇന്നും അവര്‍ സനമാഹി രൂപം സൂക്ഷിക്കുന്നുണ്ട്. സനമാഹി എന്നാല്‍ ജലദേവത എന്ന ഒരു വിവക്ഷ കൂടി ഉണ്ട്. സനമാഹികള്‍ക്ക് ഒരു മതനേതാവില്ല, എന്നാല്‍ ഓരോ വിശ്വാസിയുടെയും മനസുകളില്‍ ആണ് അത് ജീവിക്കുന്നത്. അവരുടെ പുരാതന ഭാഷയായ മെയ്തെയ് ആണ് പിന്നീട് രൂപാന്തരം പ്രാപിച്ച മണിപ്പൂരി ആയത്. അവരുടെ പ്രധാന ക്ഷേത്രം ഇംഫാലിലെ കാംഗ്ലയിലുള്ള പക്കന്ബ ക്ഷേത്രമാണ്. വാല് കടിച്ച് ചുരുണ്ട് ഇരിക്കുന്ന ഒരു പാമ്പാണ്/ഡ്രാഗണ്‍, സനമാഹിസത്തിന്റെ ചിഹ്നം. ഡ്രാഗണ്‍ ബോട്ട്റേസ് അവരുടെ ഒരു പ്രധാന ആഘോഷമാണ്.
അഗ്നി, ജലം, വായു, ഭൂമി, ആകാശം, ദൈവത്തിന്റെ ആത്മാവ് എന്നിവ ചേരുന്നതാണ് ജീവന് എന്നാണ് സനമാഹികള്‍ വിശ്വസിക്കുന്നത്. അവരുടെ മതചിഹ്നത്തില്‍ അതിനെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് പൊട്ടുകള്‍ കാണാം. പോളോ എന്ന സ്പോര്‍ട്സ് ലോകത്തിന് സംഭാവന ചെയ്തത് മെയ്തെയ്കള്‍ ആണ്. അതിനായി ഒരു ദേവത തന്നെ അവര്‍ക്കുണ്ട്. ലോകത്ത് അമ്മമാര്‍ മാത്രം നടത്തുന്ന ഏക വലിയ ചന്ത (ഇമ കെയ്താള്) സനമാഹികള്‍ക്ക് സ്വന്തം.
രാജഭരണകാലത്ത് സനമാഹിസത്തോടൊപ്പം വൈഷ്ണവിസവും ധാരാളം പേര് പിന്തുടര്ന്ന് വന്നു. ബിഷ്ണുപൂര്‍ തുടങ്ങിയ സ്ഥലനാമങ്ങളും, പുരാതന ക്ഷേത്രങ്ങളും, നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വൈഷ്ണവ സ്ക്രിപ്റ്റുകള്‍ രേഖപ്പെടുത്തിയ ശിലാഫലകങ്ങളും ഇതിന് തെളിവാണ്. മണിപ്പൂരികളുടെ പ്രധാന നൃത്തമായ രാസലീല 1762 മുതല്‍ 1798 എ ഡി വരെ ഭരിച്ച ഭാഗ്യചന്ദ്ര രാജാവിന്റെ കാലഘട്ടത്തിലാണ് ഏറ്റവും പ്രശസ്തിയാര്‍ജിച്ചത്. ബാലി കമ്പോഡിയന്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങളുടെ ഒരു സങ്കലനമാണ് ഇതില്‍ നമുക്ക് കാണാനാവുക. രാസലീലയിലെ ഗോപികമാര്‍ സുതാര്യമായ തുണികൊണ്ടുള്ള മുഖാവവരണമണിഞ്ഞാണ് നൃത്തം ചെയ്യുക. മറ്റ് ശാസ്ത്രീയ നൃത്തങ്ങളിലെപ്പോലെ മുഖഭാവങ്ങള്ക്കിവിടെ പ്രാധാന്യമില്ല. കാരണം, രാധാകൃഷ്ണ ഹൃദയങ്ങളുടെ ഇഴുകിച്ചേരലിനാണ് അവിടെ പ്രാധാന്യം കല്പ്പിച്ചിരുന്നത്. ഇങ്ങിനെ ധാരാളം സത്വവുംപാരമ്പര്യവും പേറുന്ന സനമാഹികള്‍ക്ക് പിന്നീടെന്തു സംഭവിച്ചു?
ബ്രിട്ടീഷുകാര്‍ മണിപ്പൂര്‍ കീഴടക്കിയെങ്കിലും പൂര്‍ണമായി അവിടെ ഭരണം നടത്താന്‍ ശ്രമിച്ചില്ല. ബ്രിട്ടീഷ് സാമ്രാജ്യം ചൈനയിലേക്ക് വ്യാപിപ്പിക്കാനുള്ള ഭൂമിശാസ്ത്രപരമായ തന്ത്ര പ്രധാന സ്ഥലമായി അതിനെ നിലനിര്‍ത്തി. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിര്‍ദ്ദേശപ്രകാരം ഈസ്റ്റിന്ത്യാ കമ്പനി അവരുടെ നിയന്ത്രണത്തില്‍ രാജാക്കന്മാരെ ഭരണത്തില്‍ തുടരാന്‍ അനുവദിച്ചു. അവര്‍ക്ക് ആവശ്യമായ മനുഷ്യവിഭവ ശേഷിയോ സാമ്പത്തികമോ ബ്രിട്ടന് നല്‍കിയതുമില്ല. 1835 ല്‍ ബ്രിട്ടീഷ് സൗഹൃദ ഓഫീസ് അവര്‍ ഇംഫാലില്‍ സ്ഥാപിച്ചു. രാജാവായ ബോധചന്ദ്ര സിംഗ് ഇന്ത്യയുമായി ചേരുന്നതുവരെ അങ്ങനെ ഭരണം തുടര്‍ന്നു. വര്‍ഷം മൂന്നു ലക്ഷം രൂപ രാജകുടുംബത്തിന് നല്‍കാമെന്ന വ്യവസ്ഥയിലാണ് അവര്‍ ഇന്ത്യന്‍ യൂണിയനില്‍ 1949 ല്‍ ലയിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: