കള്ളക്കര്‍ക്കിടകമെന്നു പൂര്‍വികരും രാമായണ മാസമെന്ന് മലയാളക്കരയും വിശേഷിപ്പിക്കുന്ന കര്‍ക്കിടകമാസം അവസാനിക്കുന്നതോടെ, തെളിഞ്ഞ ആകാശവും നറുവെയിലും പ്രതീക്ഷിക്കുന്ന ഒരു പുതിയ അബ്ദം സമാഗതമാവുകയാണ്, കൊല്ലവര്‍ഷം 1199. കൊല്ലവര്‍ഷത്തെ മലയാളികള്‍ ക്രമേണ മറക്കുകയാണെങ്കിലും പിറന്നാളും പൊന്നോണവും മേടവിഷുവും ആഘോഷിക്കുവാന്‍ മലയാള വര്‍ഷം തിരയാറുണ്ട്. മലയാള മാസത്തിലെ ഒന്നാം തീയതി മറന്നാലും ആണ്ടുപിറവിയിലെ ക്ഷേത്രദര്‍ശനം മുടക്കാത്ത ഭക്തര്‍ ഇന്നും ധാരാളമാണ്. അവര്‍ ചിങ്ങപ്പുലരിയെ പ്രതീക്ഷയോടെ, പൊന്നോണ നാളുകളുടെ സ്മരണയോടെ വരവേല്‍ക്കുന്നു. ദുരിതങ്ങളുടെയും അതിജീവനത്തിന്റെയും ദിനങ്ങള്‍ക്കിടയിലും നഷ്ടപ്പെട്ടവരുടെ വേദന വിതുമ്പുന്ന മനസ്സോടെയാണെങ്കിലും പൊന്നോണത്തെ മലയാളി മറക്കാറില്ല. ആര്‍ഭാടം കുറച്ചാലും ദുഃഖങ്ങള്‍ക്കവധികൊടുത്ത് ഓണത്തപ്പനെ വരവേല്‍ക്കും.
മലയാളത്തിന്റെ തനത് അബ്്ദമായ കൊല്ലവര്‍ഷം പുതിയ തലമുറയ്‌ക്ക് അപരിചിതമാണ്. കാലഗണനയെ സംബന്ധിച്ചിടത്തോളം മലയാള നാടിന്റെ അഭിമാനമാണ് കൊല്ലവര്‍ഷം. കേരളത്തിന്റെ ഔദ്യോഗികാബ്്ദമായി, അംഗീകാരവുമുണ്ട്. ബ്രിട്ടീഷ് ഭരണത്തോടെ ക്രിസ്തബ്ദത്തിന്റെ അഭിനിവേശം ശക്തമായിട്ടുണ്ടെങ്കിലും സ്വതന്ത്രഭാരതത്തില്‍ കലിവര്‍ഷവും ശകവര്‍ഷവും നിലവിലുണ്ടെങ്കിലും കൊല്ലവര്‍ഷത്തെ മലയാളി കൈവിട്ടിട്ടില്ല.
കൊല്ലവര്‍ഷത്തിന്റെയാരംഭം ക്രിസ്തുവര്‍ഷം 825 ലാണ്. എന്നാല്‍ വര്‍ഷാരംഭത്തിനടിസ്ഥാനമായിട്ടുള്ള കാരണം സംബന്ധിച്ച ചരിത്രരേഖകള്‍ സുവ്യക്തമല്ല. കൊല്ലവര്‍ഷാരംഭത്തെ സംബന്ധിച്ച നിരവധി ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്. തിരുവിതാംകോട് രാജാവ് ഉദയ മാര്‍ത്താണ്ഡ വര്‍മയാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്നാണ് ‘തിരുവിതാംകൂര്‍ ചരിത്ര’ കര്‍ത്താവായ ശങ്കുണ്ണി മേനോന്റെ നിഗമനം. അതനുസരിച്ച് കലിവര്‍ഷം 3926 നും (ക്രിസ്തുവര്‍ഷം 825) ഒരു പുതിയ വര്‍ഷം ആരംഭിക്കുന്നതിനായി ഭരണാധിപന്‍ പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തുകയും എ.ഡി.825 ആഗസ്റ്റ് പതിനഞ്ചിന് എല്ലാവരുടെയും സമ്മതപ്രകാരം ചിങ്ങം ഒന്നായി ഒരു പുതിയ വര്‍ഷം ആരംഭിക്കുകയും ക്രമേണ അയല്‍ രാജ്യങ്ങളും മലയാളക്കരയിലുടനീളം ഈ അബ്ദം അംഗീകരിക്കുമായിരുന്നു. ഈ നിഗമനത്തെ തെളിവുകള്‍ നിരത്തിയെതിര്‍ക്കുന്നവരുമുണ്ട്.
കോലത്തുനാടും വേണാടും പെരുമാള്‍ ഭരണത്തില്‍ നിന്നും മുക്തമായതിന്റെ സ്മരണയ്‌ക്കു കൊല്ലവര്‍ഷമാരംഭിച്ചതായാണ് മലബാര്‍ മാന്വലിന്റെ കര്‍ത്താവായ വില്യം ലോഗന്റെ അഭിപ്രായം. ഈ നാട്ടുരാജ്യങ്ങള്‍ യഥാക്രമം കന്നി ഒന്ന്, ചിങ്ങം ഒന്ന് തീയതികളിലാണ് സ്വതന്ത്രമായതെന്നും അതിനാല്‍ അവിടുള്ളവര്‍ ഈ ദിവസങ്ങളെ പുതുവര്‍ഷദിനമായി കരുതുന്നുവെന്നും ലോഗന്‍ അഭിപ്രായപ്പെടുന്നു.
കൊടുങ്ങല്ലൂര്‍ തലസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമന്‍ ചക്രവര്‍ത്തിയാണ് ‘മലയാംകൊല്ലം’ എന്നറിയപ്പെട്ടിരുന്ന കൊല്ലവര്‍ഷം ആരംഭിച്ചതെന്നാണ് ‘കേരളസാഹിത്യചരിത്രത്തില്‍’ ഉള്ളൂര്‍ വ്യക്തമാക്കിയിട്ടുള്ളത്.
വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും ബ്രാഹ്്മണരുടെയിടയില്‍ ‘പരശുരാമാബ്്ദ’ മെന്ന കാലഗണന നിലനിന്നിരുന്നതായി കരുതപ്പെടുന്നു. അതിന്‍പ്രകാരം ഓരോ ആയിരം വര്‍ഷം കൂടുമ്പോഴും പുതിയ അബ്ദം ആരംഭിക്കുകയാണ് ചെയ്തുവന്നിരുന്നത്. എന്നാല്‍ മൂന്നാം പരശുരാമാബ്്ദത്തിന്റെ അവസാനത്തില്‍ എഡി 824 ല്‍ സഹസ്രാബ്്ദത്തിലവസാനിക്കാതെ തുടരുന്ന രീതിയില്‍, കോലത്തുനാട്ടിലെ പ്രസിദ്ധമായ തുറമുഖമായിരുന്ന ‘പന്തലായിനികൊല്ല’ത്തുവച്ച് കോലത്തിരികളുടെ ഭരണത്തില്‍ കോലാബ്്ദം അഥവാ കൊല്ലവര്‍ഷം ആരംഭിച്ചെന്നും പിന്നീടത് കാലാന്തര ഭാഷാ വ്യതിയാനമനുസരിച്ച് കൊല്ലവര്‍ഷമായെന്നും വടക്കന്‍ കേരളത്തില്‍ കന്നി ഒന്നും തെക്കന്‍ കേരളത്തില്‍ ചിങ്ങം ഒന്നും തീയതികള്‍ വര്‍ഷാരംഭമായി കരുതിപ്പോരുന്നതിനെ ന്യായീകരിച്ച് അഭിപ്രായപ്പെടുന്നവരുണ്ട്. കരക്കേണിക്കൊല്ലമെന്നും പന്തലായിനി കൊല്ലമെന്നും രണ്ടുകൊല്ലം തെക്കും വടക്കും പ്രദേശങ്ങളിലായിട്ടുണ്ടെങ്കിലും തെക്കന്‍ കേരളത്തിലെ കൊല്ലത്തിനാണ് ചരിത്രപരമായ പ്രാധാന്യമുള്ളതെന്നാണ് ഒരുകൂട്ടരുടെ വാദം. വേണാടുഭരിച്ചിരുന്ന അയ്യനടികള്‍ തിരുവടികളാണ് ഇന്ന് നിലവിലുള്ള കൊല്ലം പട്ടണത്തിന്റെ ആരംഭംകുറിച്ചതെന്നും അതിന്റെ തുടക്കമായി കൊല്ലവര്‍ഷം ആരംഭിച്ചതെന്നുമാണ് തെക്കന്‍ കേരളത്തിലെ പൊതുവിലുള്ള അഭിപ്രായം. കൊല്ലം നഗരത്തിലെ ശിവക്ഷേത്രപ്രതിഷ്ഠയും ഈ ദിവസമാണെന്നും വിശ്വസിക്കുന്നു. ചരിത്രപരമായ വാദഗതികള്‍ ഭിന്നമാണെങ്കിലും ക്രിസ്തുവര്‍ഷം 825 ല്‍ ചിങ്ങം ഒന്നായി കൊല്ലവര്‍ഷം ആരംഭിക്കുകയും ഇപ്പോള്‍ 1198 വര്‍ഷം പിന്നിടുകയും ചെയ്തിരിക്കുന്നു.
ചിങ്ങപ്പിറവി പുതുവത്സരപ്പുലരിയാണ്, തെക്കന്‍ കേരളത്തിന്. ഓണനാളുകളെ വരവേല്‍ക്കാന്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊന്നിന്‍ ചിങ്ങം. വാമനന്റെ തിരുനാളാണ് തിരുവോണം. പൂവിടല്‍ നടത്തി തിരുവോണനാളില്‍ തൃക്കാക്കരയപ്പനെ വരവേറ്റ് പൂജിക്കുന്നു. തൃക്കാക്കരയപ്പന്‍ വാമനനാണ്. മഹാബലി ചക്രവര്‍ത്തി നാടുകാണാനെത്തുന്ന നാളുകളെന്ന ഐതീഹ്യത്തിന് പുരാണത്തിന്റെ പിന്‍ബലമില്ല. മഹാബലിയും വാമനനുമായി ബന്ധപ്പെട്ട കഥ നടന്നതായി പറയപ്പെടുന്ന സ്ഥലം ഭാഗവത പുരാണപ്രകാരം നര്‍മ്മദാ നദീതീരത്തുള്ള ‘ഭൃഗുകച്ഛ’ മാണ്. മാത്രമല്ല ഒരു ഭക്തനുനല്‍കാവുന്ന എല്ലാ സൗഭാഗ്യങ്ങളും നല്‍കി, ഭഗവാന്റെ തന്നെ സംരക്ഷണയില്‍, സാവര്‍ണമന്വന്തരത്തിലെ ഇന്ദ്രപദവിയും നല്‍കി, ചിരംജീവിയാക്കി, സുതലത്തിലേക്കാണ് അയച്ചത്. തൃക്കാക്കരയപ്പനെ ഇഷ്ടദേവനായും മഹാബലിയെ മാതൃകാഭരണാധികാരിയുമായി കരുതിയിരുന്ന, തോലകവിയുടെ സമകാലികനായിരുന്ന ചേരമാന്‍ പെരുമാള്‍ 28 ദിവസം നീണ്ടുനിന്നിരുന്ന ഉത്സവം തൃക്കാക്കരയില്‍ നടത്തിയിരുന്നു. 58 നാടുവാഴികള്‍ ഈ രണ്ടു ദേശക്കാര്‍ വീതം ഓരോ ദിവസമെന്ന കണക്കിന് കര്‍ക്കിടക തിരുവോണനാള്‍ മുതല്‍ ഉത്സവമാരംഭിക്കുകയും അത് നാട്ടിലാകെ ആഘോഷമാവുകയുമാണുണ്ടായെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.
പൂര്‍ണാവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മം കൊണ്ടു ധന്യമായ ‘അഷ്ടമിരോഹിണി’യും ഈ ചിങ്ങമാസത്തിലാണ്. ഭദ്രാവതാരത്തിലെ രണ്ട് അവതാരമൂര്‍ത്തികളുടെ ജന്മദിനങ്ങളും വിനായക ചതുര്‍ത്ഥിയും ചിങ്ങമാസത്തിന്റെ സവിശേഷതയാണ്. മലയാളക്കരയെ സംബന്ധിച്ചിടത്തോളം ചട്ടമ്പിസ്വാമി തിരുവടികളും നാരായണഗുരുദേവനും പിറന്നതും ഈ മാസത്തിലാണ്. സാമൂഹ്യപരിഷ്‌കര്‍ത്താക്കളായ അയ്യന്‍കാളി, കെ.കേളപ്പന്‍ തുടങ്ങിയവരുടെ ജന്മമാസവും ചിങ്ങമാണ്. ആഘോഷ പെരുമയാര്‍ന്ന, ഒരു നല്ലനാളയുടെ പ്രതീക്ഷയോടെ ഈ ചിങ്ങപ്പുലരിയെ നമുക്ക് വരവേല്‍ക്കാം.
(ക്ഷേത്രശക്തി മുന്‍ എഡിറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: