എസ്.കെ.
പ്രകൃതിയെയും ജീവജാലങ്ങളെയും കുടുംബാംഗങ്ങളായിക്കരുതുന്ന മഹനീയ സംസ്‌ക്കാരത്തിന്റെ ഹൃദ്യമായ ചിത്രീകരണം രാമായണത്തില്‍ പല സന്ദര്‍ഭങ്ങളിലും കാണാം. കുടുംബബന്ധങ്ങളെ ദൃഢമാക്കുന്ന ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചം പുറത്തേക്കും പ്രസരിക്കുമ്പോള്‍ മറ്റുള്ളവരും സ്വന്തക്കാരാണെന്നു തോന്നും.
പുരിവാസം ഉപേക്ഷിച്ച് വനവാസത്തിനെത്തിയ ശ്രീരാമനും സീതയ്‌ക്കും അവിടെക്കഴിയാന്‍ പ്രയാസമുണ്ടായില്ല. മുനിമാരും വൃക്ഷലതാദികളും പക്ഷിമൃഗാദികളും അവര്‍ക്കു കുടുംബാംഗങ്ങളായി. ശ്രീരാമന്റെ സമഭാവനയോടെയുള്ള സമാശ്ലേഷണത്തില്‍ സന്തുഷ്ടചിത്തനായ ഗുഹന്‍ പറയുന്നത്
”ധന്യനായേനടിയനിന്നു കേവലം
നിര്‍ണയം നൈഷാദജന്മവും പാവനം”
കിരാതവംശത്തിലെ ജനനവും പാവനമാണെന്നു ഗുഹനു തോന്നാന്‍ കാരണം ഗുഹന്റെ വംശമോ സ്ഥാനമോ നോക്കാതെയുള്ള ശ്രീരാമന്റെ സൗഹൃദപ്രകടനമാണ്.
ശ്രീരാമദര്‍ശനം ലഭിച്ചപ്പോള്‍
”ജ്ഞാനമില്ലാതെ ഹീനജാതിയിലുള്ള മൂഢ
ഞാനിതിനൊട്ടുമധികാരണിയല്ലയല്ലോ”
എന്നു പറഞ്ഞ ശബരിയുടെ സംശയം രാമന്‍ അകറ്റുന്നതിങ്ങനെ:
”പുരുഷസ്ത്രീജാതീനാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനുജഗത്രയേ
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണ-മേതും”
ഭക്തിയുള്ളവരെ പുരുഷ, സ്ത്രീ, ജാതി വംശഭേദമില്ലാതെ രാമന്‍ സ്വന്തക്കാരായി കാണുന്നു.
സുഗ്രീവന്‍ രാമനു ചെയ്ത സഹായങ്ങളെക്കുറിച്ച് അറിഞ്ഞ ഭരതന്‍ ആ വാനരശ്രേഷ്ഠനെ ആദരിക്കുന്നതു കാണുക.
”പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങള്‍ക്കു
കിഞ്ചന സംശയമില്ലെന്നറികെടോ”
അങ്ങനെ സുഗ്രീവനെ ഭരതന്‍ കുടുംബാംഗമാക്കുന്നു.
സര്‍വചരാചരങ്ങളിലും പ്രസരിക്കുന്നത് ഒരേ ചൈതന്യത്തിന്റെ രശ്മികളാണെന്നറിയുന്നവര്‍ക്ക് ഒന്നിനെയും വെറുക്കാനും ദ്രോഹിക്കാനും കഴിയില്ല.
”ശീഘ്രം ഭരദ്വാജതാപസേന്ദ്രാശ്രമം
വ്യാഘ്രഗോവൃന്ദപൂര്‍ണം വിരോധം വിനാ
സംപ്രാപ്യ സംപ്രീതനായ ഭരതനും”
ഭരദ്വാജ താപസേന്ദ്രന്റെ ആശ്രമവാടത്തില്‍ കടുവകളും പശുക്കളും പരസ്പരവിരോധമില്ലാതെയാണു വസിക്കുന്നത്!
സീത അപഹരിക്കപ്പെട്ടതറിഞ്ഞ് ദുഃഖിതനായ രാമന്‍ തന്റെ ‘കുടുംബാംഗങ്ങളായ’ മൃഗ,പക്ഷി സഞ്ചയങ്ങളോടും വൃക്ഷവൃന്ദത്തോടും പ്രിയപത്‌നിയെക്കുറിച്ച് ആരായുന്നു. കിഷ്‌കിന്ധയില്‍ വിരഹതാപം കൊണ്ട് വിവശനായപ്പോഴും രാമന്‍ ആശ്വാസം തേടുന്നത് പ്രകൃതിയിലാണ്.
രാമനോടൊപ്പം ലങ്കയില്‍ നിന്നു മടങ്ങുമ്പോള്‍ വാനരപത്‌നിമാരുടെ വിരഹദുഃഖം ഉള്‍ക്കൊണ്ട് സീത രാമനോടു പറയുന്നു:
”വാനരവീരരുമൊട്ടുനാളുണ്ടല്ലോ
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു
എന്നാലിവരുടെ വല്ലഭമാരെയു
മിന്നുതന്നെക്കൂട്ടിക്കൊണ്ടുപോയീടണം”
സീതയുടെ ഇംഗിതമനുസരിച്ച് രാമന്‍ അവരെയും പുഷ്പകവിമാനത്തില്‍ കയറ്റുന്നു. ഞാന്‍, എന്റെ കുടുംബം എന്ന സങ്കുചിത ചിന്തവിട്ടുയരണമെന്ന സന്ദേശമാണ് ഇവയെല്ലാം നമുക്ക് നല്‍കുന്നത്. മറ്റുള്ളവരുടെ വിഷമതകള്‍ ഉള്‍ക്കൊള്ളുകയും ആവുംവിധം അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ‘വസുധൈവ കുടുംബകം’ എന്ന രാമായണ സങ്കല്പത്തിന്റെ അന്തസ്സത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: