തിരുവനന്തപുരം: 2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.
തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി , മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.
മറ്റു മന്ത്രിസഭാ യോഗതീരുമാനങ്ങള്‍-
തുടര്‍ച്ചാനുമതി
ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ കളക്ടറേറ്റുകളിലെ 4 ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തിനായി അനുവദിച്ചിട്ടുള്ളതും 31.03.2021 വരെ തുടര്‍ച്ചാനുമതി നല്‍കിയിട്ടുള്ളതുമായ 20 താല്‍ക്കാലിക തസ്തികകള്‍ക്ക് 01.04.2021 മുതല്‍ 31.03.2024 വരെ തുടര്‍ച്ചാനുമതി നല്കാന് തീരുമാനിച്ചു.
കെ. വി. മനോജ് കുമാര്‍ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണായി അഡ്വ. കെ. വി. മനോജ് കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: