തൃശൂര്‍: പൂര്‍ണമായും എട്ട് കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിമാരെ ക്ഷണിക്കാത്തത് നന്ദികേടാണെന്നും കോര്പറേഷന് തരംതാണ രാഷ്ടീയം കളിക്കുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചാല്‍ പദ്ധതികള്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് പൊതുജനം അറിയുമെന്ന ഭയപ്പാടാണ് ഇടതുപക്ഷ ഭരണമുന്നണിക്ക്. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയായ ആകാശപാതയുടെ ഉദ്ഘാടനത്തിന് ഐ.എന്‍.ഡി.ഐ.എ. മുന്നണിയുടെ നേതാക്കളായ രണ്ട് മന്ത്രിമാരും എം.പിയും എംഎല്‍എയും മേയറുമടങ്ങുന്ന വന്‍ നേതൃനിര ഒന്നിച്ച് അണിനിരക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്.
തൃശൂര്‍ കോര്‍പറേഷന്റെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അമൃത് പദ്ധതി പ്രകാരം 2016 ല്‍ 270 കോടിയും 2022 ല്‍ 251 കോടിയും അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ചാണ് പീച്ചി കുടിവെള്ള പദ്ധതി, 20 എംഎല്‍ടി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, ഫുട്പാത്ത് നിര്‍മാണം, 30 കുളങ്ങളുടേയും ജലാശയങ്ങളുടേയും ശുചീകരണം, കുടിവെള്ള വിതരണം, മലിനജല ശുചീകരണ പ്ലാന്റ്, വൈദുതി വിളക്കുകള്‍ എന്നിവ സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനങ്ങള്‍ക്കെല്ലാം സംസ്ഥാന മന്ത്രിമാരുടെ ഘോഷയാത്രയായിരുന്നു.
ഉദ്ഘാടന ചടങ്ങിന് പോലും കേന്ദ്ര മന്ത്രിമാരെ ക്ഷണിച്ചിട്ടില്ല. തൃശൂര്‍ മാസ്റ്റര്‍ പ്ലാനിന് വേണ്ടി ഇനിയും ആയിരക്കണക്കിന് കോടി രൂപ നല്‍കാമെന്നേറ്റിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനോടുള്ള തികഞ്ഞ നന്ദികേടാണ് കോര്പറേഷന് കാണിക്കുന്നത്. ഇവരുടെ ഈ നെറികെട്ട പ്രവര്‍ത്തി തൃശൂര്‍ ജനതക്കാകെ അപമാനമാണ്. കോര്‍പറേഷന്റെ വികസനത്തിന് വേണ്ടി തുടര്‍ന്നും കേന്ദ്രഫണ്ട് പരമാവധി ലഭ്യമാക്കാന്‍ വേണ്ടതെല്ലാം ബിജെപി ചെയ്യുമെങ്കിലും കോര്പറേഷന് ഭരണക്കാരുടെ വൃത്തികെട്ട രാഷ്ട്രിയക്കളിയിലും നന്ദികേടിലും പ്രതിഷേധിച്ചാണ് ആകാശപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി വിട്ടുനിന്നതെന്ന് അനീഷ്കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: