ന്യൂദല്‍ഹി:പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതിവുകള്‍ തെറ്റിച്ച് പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ല. വര്‍ഷങ്ങളുടെ പാരമ്പര്യം തെറ്റിച്ച്, പ്രതിപക്ഷ നേതാവിന്റെ ചുവന്ന കസേര ഒഴിഞ്ഞു കിടന്നു. പ്രധാനമന്ത്രി മോദി പ്രസംഗിക്കുമ്പോഴെല്ലാം ഈ കസേര ഒഴിഞ്ഞു തന്നെ കിടന്നു.
പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നതിന്റെ കാരണമായി കോണ്‍ഗ്രസ് ആദ്യം പരിഹാസം നിറഞ്ഞ വിശദീകരണമാണ് നല്‍കിയത്. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുത്താല്‍ വീട്ടിലെ പതാക ഉയര്‍ത്താനും കോണ്‍ഗ്രസ് ഓഫീസില്‍ പതാക ഉയര്‍ത്താനും കഴിയില്ലെന്നതിനാലാണ് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് എന്നതായിരുന്നു ആദ്യത്തെ വിശദീകരണം. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യം ഗൗരവചര്‍ച്ച ആയി മാറിയതോടെ മറ്റൊരു വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കണ്ണിന് രോഗം പിടിപെട്ടത് മൂലമാണ് ചടങ്ങിന് എത്താതിരുന്നതെന്ന വിശദീകരണമാണ് പിന്നീട് കോണ്‍ഗ്രസ് നല്‍കിയത്.
ഖാര്‍ഗെയും പിന്നീട് ഇതേ വിശദീകരണവുമായി എത്തി. “കണ്ണിന് രോഗം മൂലമാണ് പ്രധാനമന്ത്രിയുടെ ചടങ്ങില്‍ എത്താതിരുന്നത്. മാത്രമല്ല, പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുത്താല്‍ സുരക്ഷാകാരണങ്ങളാല്‍ നേരത്തെ സ്ഥലം വിടാനും കഴിയില്ല. അതുകൊണ്ടാണ് പ്രൊട്ടോകോള്‍ അനുസരിച്ച് വീട്ടിലും കോണ്‍ഗ്രസ് ഓഫീസിലും പതാക ഉയര്‍ത്തിയത്”. – ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍ അധികം വൈകാതെ സത്യം വെളിച്ചത്ത് വന്നു. പ്രധാനമന്ത്രിയുടെ ചടങ്ങ് നടക്കവേ, ഖാര്‍ഗെ കോണ്‍ഗ്രസ് ഓഫീസില്‍ പതാക ഉയര്‍ത്തി പ്രസംഗിച്ചു. ഈ ചടങ്ങ് അതിരൂക്ഷമായി അദ്ദേഹം പ്രധാനമന്ത്രിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നു.
“ദേശീയാഘോഷങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. നമുക്ക് രണ്ട് ദേശീയാഘോഷങ്ങളാണ് ഉള്ളത്. ഇതില്‍ ആളുകള്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുകയും ചെയ്യും. ഇന്ത്യ എന്ന അഭിമാനത്തിനായി ഭരണ-പ്രതിപക്ഷ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ആഘോഷത്തില്‍ പങ്കെടുക്കേണ്ടതാണ്. ഇത് നിയമമല്ല, പക്ഷെ രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യമാണ്. ഇത് തെറ്റിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇനി എത്രത്തോളം വിശ്വസിക്കാന്‍ കഴിയും?”- കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: