ഗുരുവായൂര്‍: രാമായണം, ജീവിക്കുന്ന ഒരു പുരാവൃത്തമാണെന്ന് പ്രശസ്ത കലാനിരൂപകനും ചരിത്രകാരനുമായ ഡോ. എം.ജി. ശശിഭൂഷണ്‍. രാമായണ മാസാചരണ പരിപാടികളുടെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠന കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ നടത്തുന്ന രാമായണം: കല, ജീവിതം, സംസ്കാരം ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യജീവിത്തില്‍ രാമായണത്തിന് അര്‍ഹമായ സ്ഥാനമാണുള്ളത്. രാമായണത്തിന് അനേകം പാഠഭേദങ്ങളുണ്ട്. അതുകൊണ്ടു തന്നെ, ഇന്ത്യക്കാരുടെ മനസിലൂടെ രാമായണം ജീവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാടോടി സംസ്കാരത്തില്‍ നിന്നാണ് രാമായണം ഉടലെടുത്തതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന് അഭിപ്രായപ്പെട്ടു. നാടോടി സംസ്കാര കാവ്യസഞ്ചയമാണ് രാമായണം. ആദിവാസി രാമായണവും നമുക്കുണ്ട്. രാമായണം ഇല്ലാതാവുമ്പോള്‍ ധര്‍മം ഇല്ലാതാവുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവസ്വം ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പന്‍ ഡോ. പി.എസ്. വിജോയ് സെമിനാറില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജനു ഗുരുവായൂര്‍, അജിതന് പുതുമന, ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ.യു. കൃഷ്ണകുമാര്‍, ചീഫ് ഇന്‍സ്ട്രക്ടര്‍ എം. നളിന്‍ബാബു എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ഡോ. ലക്ഷ്മിശങ്കര്‍, ഡോ. എം. ഹരിനാരായണനന്, ഡോ. പി.ജി. ജസ്റ്റിന്, കൃഷ്ണകുമാര്‍ കൊട്ടാരത്തില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇന്നും, നാളെയും നടക്കുന്ന സെമിനാറില്‍ കലാ ഗവേഷകന് കെ.കെ. മാരാര്‍, കലാനിരൂപകന് പി. സുരേന്ദ്രന്, ഡോ. എ.ടി. മോഹന്‍രാജ്, പ്രൊഫ. കാട്ടൂര്‍ നാരായണ പിള്ള, ഡോ. വി. അച്ചുതന്‍കുട്ടി, എം. ശിവകൃഷ്ണന്‍, ഡോ: ഇ.കെ. സുധ, സാജു തുരുത്തില്, സുരേഷ് മുതുകുളം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: