ന്യൂദല്‍ഹി: കുടുംബത്തിലും സമൂഹത്തിലും അവരുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് രാജ്യം ഇന്ന് ഊന്നല്‍ നല്‍കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. സ്ത്രീ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ പ്രകീര്‍ത്തിച്ചുകൊണ്ട് 77ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാമ്പത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന്, രാഷ്‌ട്രങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യക്ക് അതിന്റെ ശരിയായ സ്ഥാനം വീണ്ടെടുക്കാന്‍ ത്യാഗങ്ങള്‍ വഴിയൊരുക്കിയ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നന്ദിപൂര്‍വമായ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ എന്റെ സഹ പൗരന്മാരോടൊപ്പം ചേരുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
മാതാംഗിനി ഹസ്ര, കനക്ലത ബറുവ തുടങ്ങിയ മഹത്തായ വനിതാ സ്വാതന്ത്ര്യ സമര സേനാനികള്‍ ഭാരത മാതാവിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു. ഗോഹ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബ്രിട്ടീഷ് പോലീസ് സേനയുടെ വെടിയേറ്റ് 17 വയസ്സ് മാത്രം പ്രായമുള്ള അസമില്‍ നിന്നുള്ള ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കനക്ലത ബറുവ. സ്ത്രീ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദ്രൗപതി മുര്‍മു.
സരോജിനി നായിഡു, അമ്മു സ്വാമിനാഥന്‍, രമാദേവി, അരുണ ആസഫ്അലി, സുചേത കൃപ്ലാനി തുടങ്ങിയ മഹത്തായ നിരവധി വനിതാ നേതാക്കള്‍ ഭാവി തലമുറയിലെ എല്ലാ സ്ത്രീകള്‍ക്കും ആത്മവിശ്വാസത്തോടെ രാജ്യത്തിനും സമൂഹത്തിനും സേവനം നല്‍കുന്നതിന് പ്രചോദനാത്മകമായ ആദര്‍ശങ്ങള്‍ സ്ഥാപിച്ചു. വികസനത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ സംഭാവന ചെയ്യുന്നുണ്ടെന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത നിരവധി മേഖലകളില്‍ തങ്ങള്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കാന്‍ എല്ലാ സഹ പൗരന്മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സഹോദരിമാരും പെണ്‍മക്കളും വെല്ലുവിളികളെ ധൈര്യത്തോടെ അതിജീവിച്ച് ജീവിതത്തില്‍ മുന്നോട്ട് പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ വികസനം നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആദര്‍ശങ്ങളില്‍ ഒന്നായിരുന്നുവെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: