റിയാദ്: അല്‍നസറിനായി ആദ്യ കിരീടം നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പ് ഫൈനലില്‍ അല്‍ഹിലാലിനെ 2-1ന് തോല്‍പ്പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ നേടിയ ഇരട്ടഗോളിന്റെ ബലത്തിലാണ് അല്‍നസര്‍ കപ്പില്‍ മുത്തമിട്ടത്.
എക്‌സ്‌ട്രൈ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 98-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിജയഗോള്‍ നേടിയത്. ഒരു ഗോള്‍ പിന്നില്‍ നിന്നശേഷമായിരുന്നു ഫൈനലില്‍ അല്‍നസ്സറിന്റെ തിരിച്ചുവരവ്.
ആദ്യപകുതി ഗോളില്ലാതെ പിരിഞ്ഞു. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ആദ്യം സ്‌കോര്‍ ചെയ്തത് അല്‍ ഹിലാല്‍ ആണ്. ബ്രസീലിയന്‍ വലത് വിങ്ങര്‍ മിഖായേല്‍ 51-ാം മിനിറ്റില്‍ അല്‍ ഹിലാലിനെ മുന്നിലെത്തിച്ചു.
71-ാം മിനിറ്റില്‍ അല്‍നസ്സര്‍ പത്ത് പേരായി ചുരുങ്ങി. അബുദലേലാഹ് അല്‍ അംറി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് ശേഷമാണ് അല്‍ നസ്സര്‍ ആദ്യ ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നത്. 74-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ഗോളിട്ടു. നാല് മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ അല്‍നസറിന്റെ മറ്റൊരു താരം കൂടി പുറത്തായി. നവാഫ് ബൗഷല്‍. ഇതോടെ അല്‍ഹിലാലിന്റെ 11 പേര്‍ക്കെതിരെ അല്‍നസറിന് ഒമ്പത് പേരുമായി കളിക്കേണ്ടിവന്നു. മികച്ച പോരാട്ടം പുറത്തെടുത്ത അല്‍നസര്‍ പിടിച്ചുനിന്നു. റെഗുലര്‍ ടൈം മത്സരം 1-1 സമനിലയില്‍ കലാശിച്ചു. അധികസമയത്തിലേക്ക് നീണ്ട കളിയുടെ 98-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഗോളടിച്ചു. പിന്നീട് സ്‌കോറിങ്ങില്‍ മാറ്റമുണ്ടായില്ല. അല്‍ നസര്‍ മത്സരം വിജയിച്ച് ടൂര്‍ണമെന്റ് ജേതാക്കളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: