ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ സുരക്ഷശക്തമാക്കി. ആഘോഷങ്ങള്‍ നടക്കുന്ന ചെങ്കോട്ടയ്‌ക്കകത്തും പുറത്തുമായി പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പലയിടങ്ങളിലും ഇരട്ടിയാക്കി വര്‍ദ്ധിപ്പിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടങ്ങള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോസ്റ്റഷനുകള്‍ എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ നഗരത്തില്‍ വിവിധ സേനകള്‍ ഇടവിട്ട സമയങ്ങളില്‍ പട്രോളിംഗും നടത്തുന്നുണ്ട്. അതിര്‍ത്തികളില്‍ രാത്രികാല വാഹന പരിശോധയും ശക്തമാക്കിയിട്ടുണ്ട്.
ചെങ്കോട്ടയ്‌ക്കകത്തും പുറത്തുമായി 10,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷനും വീഡിയോ അനലിറ്റിക് സംവിധാനവുമുള്ള ആയിരത്തോളം ക്യാമറകള്‍ കോട്ടയിലും പരിസരത്തും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളും വ്യോമ പ്രതിരോധ തോക്കുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്‌ക്കായി സ്നൈപ്പര്‍മാര്‍, എലൈറ്റ് സ്വാറ്റ് കമാന്‍ഡോകള്‍, ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിയോഗിക്കും.
പരിപാടി തീരുന്നത് വരെ ചെങ്കോട്ടയ്‌ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ പട്ടം പറത്തല്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടം പറത്തുന്നത് തടയാന്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആവശ്യമായ ഉപകരണങ്ങളുമായി പ്രത്യേകം ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ദല്‍ഹി പോലീസ് പട്രോളിംഗും അട്ടിമറി വിരുദ്ധ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവ പരിശോധിക്കുകയും വാടകക്കാരുടെയും ജോലിക്കാരുടെയും പരിശോധന നടത്തുകയും ചെയ്യുന്നു. റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ എന്നിവരുടെ യോഗങ്ങളും വിളിച്ചു ചേര്‍ക്കുന്നുണ്ട്.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളില്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഒരു തരത്തിലുമുള്ള ഒത്തുചേരലും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. ദല്‍ഹിയുടെ അധികാരപരിധിയില്‍ 16 വരെ പാരാ-ഗ്ലൈഡറുകള്‍, പാരാ-മോട്ടോറുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, യുഎവികള്‍, മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, റിമോര്‍ട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍, ചെറിയ വലിപ്പത്തിലുള്ള പവര്‍ എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍ തുടങ്ങിയവ പറക്കുന്നത് നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: