ആലപ്പുഴ: നഗരത്തെ നടക്കുയ മോഷണ കേസുകളില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. സിസിടിവി ക്യാമറകള്‍ ഇല്ലാത്ത പ്രദേശങ്ങളിലാണ് മോഷണം നടന്നതെന്നതാണ് പോലീസിനെ കുഴക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കൈതവന വാര്‍ഡ് കണിയാംകുളം ജങ്ഷനു കിഴക്കുവശത്തുള്ള വീടുകുത്തിത്തുറന്ന് 20 പവനും രണ്ടു മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. റസിഡന്റ്‌സ് അസോസിയേഷന്‍ ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കുറച്ചുവര്‍ഷംമുന്‍പ് ഇവയെല്ലാം കേടായി.
ഒരാള്‍ ഓടിപ്പോകുന്ന ദൃശ്യം സമീപത്തെ ഒരുവീട്ടിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. പോലീസ് നായ മണംപിടിച്ച് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന വീടുവരെ ഓടിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
കഴിഞ്ഞമാസം 19ന് പട്ടാപ്പകലാണ് പഴവീട് ചെള്ളാട്ടു ലെയ്നില്‍ വീട്ടമ്മയുടെ കഴുത്തില്‍ കയര്‍മുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പന്റെ മാല കവര്‍ന്നത്. ഇവിടെയും പ്രദേശത്തെങ്ങും സി.സി.ടി.വി. ക്യാമറകള്‍ ഇല്ലായിരുന്നു. അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടിക്കാനായിട്ടില്ല.
കണിയാംകുളത്തെ വീടിന്റെ മുകള്‍നിലയിലെ വാതിലിന്റെ മേല്‍ക്കുറ്റി തകര്‍ത്ത് അകത്തുകടന്നാണ് വ്യാഴാഴ്ച പുലര്‍ച്ചേ മോഷണം നടത്തിയത്. വാതിലിന്റെ താഴത്തെ കുറ്റി ഇട്ടിരുന്നില്ലെന്ന് വീട്ടുടമ പറഞ്ഞു. സമ്പാദ്യമായുണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ കവര്‍ച്ചയില്‍ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് കുടുംബാംഗങ്ങള്‍. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: