ന്യൂദല്‍ഹി: പൗരന്മാരില് ദേശസ്നേഹം വളര്‍ത്തുന്നതിനുള്ള ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം. ഇന്ന് മുതല്‍ 15ാം തീയതി വരെ നടക്കുന്ന ഹര് ഘര്‍ തിരംഗ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. തിരംഗയ്ക്കൊപ്പമുള്ള ഫോട്ടോകള്‍ ഹര്ഘര്തിരംഗഡോട്ട് കോമില് അപ്ലോഡ് ചെയ്യാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
തിരംഗ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാവര്ക്കും ത്രിവര്‍ണ്ണ പതാകയുമായി വൈകാരിക ബന്ധമുണ്ടെന്നും അത് ദേശീയ പുരോഗതിക്കായി കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ 66 ലക്ഷത്തിലധികം ആളുകള്‍ തിരംഗയുമൊത്തുള്ള സെല്‍ഫികള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഹര് ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായി എല്ലാവരും തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ ഡിപി മാറ്റണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്ന ഈ പരിശ്രമത്തിന് പിന്തുണ നല്‍കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ദേശീയ പതാകയ്ക്ക് ഒപ്പമുളള സെല്‍ഫി അപ്ലോഡ് ചെയ്ത് എല്ലാവര്ക്കും ഈ പരിപാടിയില്‍ പങ്കാളികളാകാമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 13 മുതല്‍ 15 വരെ സര്‍ക്കാര്‍ ഹര് ഘര്‍ തിരംഗ ആഘോഷിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കൂട്ടായ ജന പങ്കാളിത്തത്തോടെ ആസാദി കാ അമൃത് മഹോത്സവം അനുസ്മരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഈ സംരംഭത്തിന്റെ ഭാഗമായി, പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ദേശീയ പതാകകള്‍ വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതലയുള്ള സ്ഥാപനമായി തപാല്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നു.
ഈ വര്‍ഷം രണ്ട് കോടി 50 ലക്ഷം പതാകകള്‍ക്കായി തപാല്‍ വകുപ്പ് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതിനകം 55 ലക്ഷം പതാകകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി അയച്ചിട്ടുണ്ടെന്നും സാസംസ്കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹന്‍ ന്യൂദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെക്സ്റ്റൈല്‍ മന്ത്രാലയം ഇതിനകം ഒരു കോടി 30 ലക്ഷം പതാകകള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതാക നിര്‍മ്മാണത്തിലെ ആത്മനിര്ഭര്തയുടെ പ്രവണത സൂചിപ്പിക്കുന്ന കോടിക്കണക്കിന് പതാകകള്‍ സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങളും നിര്‍മ്മിക്കുന്നുണ്ടെന്ന് മോഹന്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ വര്‍ഷം വന്‍ വിജയവും ജനപങ്കാളിത്തവും കണ്ട ഹര്‍ഘര്‍ തിരംഗ പാരമ്പര്യം തുടരാന്‍ ആകാശവാണിയിലെ മന് കി ബാത്ത് പരിപാടിയില്‍ മോദി ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: