ന്യൂദല്‍ഹി;രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .മധ്യപ്രദേശിലെ സാഗറിന് സമീപം ബദ്തുമയില് സന്ത് രവിദാസ് സ്മാരകത്തിന്റെയും ക്ഷേത്രത്തിന്റെയും ഭൂമി പൂജാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ആദിവാസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ആരംഭിച്ചതെന്ന് മോദി പറഞ്ഞു.
അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2025-ഓടെ ക്ഷയരോഗം തുടച്ചുനീക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മാതൃ വന്ദന പദ്ധതി മുതല്‍ ഇന്ദ്രധനുഷ് ദൗത്യം, സൗജന്യ ചികിത്സയ്ക്ക് ആയുഷ്മാന്‍ ഭാരത്, വിദ്യാഭ്യാസത്തിനായി ആദിവാസി മേഖലകളില്‍ 701 ഏകലവ്യ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍, പെണ്മക്കള്ക്കായി സുകന്യ സമൃദ്ധി യോജന എന്നിങ്ങനെയുളള പദ്ധതികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള മുദ്ര യോജനയും സ്റ്റാന്‍ഡ് അപ്പ് യോജനയും അധഃസ്ഥിതരുടെയും പിന്നോക്കക്കാരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. സ്റ്റാന്‍ഡ് അപ്പ് പദ്ധതി പ്രകാരം ഈ വിഭാഗങ്ങളിലെ യുവാക്കള്‍ക്ക് 8,000 കോടി രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.
മധ്യപ്രദേശിലെ സാഗറിലെ ധനയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി മോദി ഇന്നലെ 4,000 കോടി രൂപയുടെ റെയില്‍, റോഡ് പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ചു.സാഗറിന് സമീപം ബദ്തുമയില് 11 ഏക്കര്‍ സ്ഥലത്ത് 100 കോടി രൂപ ചെലവിലാണ് സന്ത് രവിദാസിന്റെ സ്മാരകവും ക്ഷേത്രവും നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: