കൊല്‍ക്കത്ത: ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഇന്ന് കേരളത്തില്‍ നിന്നുള്ള വമ്പന്മാര് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഗോകുലം കേരള എഫ്സിയും തമ്മില്‍ പോരടിക്കും. ആദ്യമായാണ് ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.
ഗ്രൂപ്പ് സിയിലെ പോരില്‍ ഇരുടീമുകളും കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന് ഗ്രൗണ്ടിലാണ് എറ്റുമുട്ടുക. പുതിയ സീസണില്‍ ഇരുടീമുകളുടെയും ആദ്യ മത്സരം കൂടിയാണിത്. പോയ സീസണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ല്‍ ബ്ലാസ്റ്റേഴ്സിന് ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചെങ്കിലും പ്ലേ ഓഫില്‍ നിരാശയോടെ പുറത്തുപോകേണ്ടിവന്നിരുന്നു. സൂപ്പര്‍ കപ്പിലും വേഗം പുറത്തായി.
ഗോകുലം കേരളയ്ക്കും കഴിഞ്ഞ ഐ ലീഗ് സീസണ് നിരാശാജനകമായിരുന്നു. തുടര്‍ച്ചയായി രണ്ട് സീസണില്‍ കിരീടം നേടിയതിന് പിന്നാലെ ടീം കഴിഞ്ഞ തവണ താഴേക്ക് പതിച്ചിരുന്നു.
ബ്ലാസ്റ്റേഴ്സില്‍ ഇത്തവണ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ്, പ്രഭ്സുഖന്‍ സിങ് ഗില്‍, ജെസെല്‍ കെര്‍ണെയ്റോ, ഇവാന് കലിയുസ്നി, ഹര്മന്ജോര് ഖബ്ര എന്നിവര്‍ ടീമില്‍ നിന്നും പോയി. പകരം പ്രീതം കോട്ടാല്‍, പ്രബീര്‍ദാസ് നോവാച്ച സിങ് എന്നിവര്‍ ടീമിലേക്കെത്തിയിട്ടുണ്ട്. പുതുതായി എത്തിയ സ്ട്രൈക്കര്‍ ഇഷാന് പണ്ഠിത ഇന്ന് ഇറങ്ങിയേക്കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: