ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന ഭാരതീയ ന്യായ സംഹിത ബില്ലില്‍ സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന വകുപ്പുകള്‍ ഒറ്റ അധ്യായത്തില്‍. നിലവിലുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പല അധ്യായങ്ങളിലാണ് ഈ വകുപ്പുകള്‍. ലൈംഗികാതിക്രമം, അക്രമം, വിവാഹവുമായി ബന്ധപ്പെട്ടവ, ഗര്‍ഭം അലസിപ്പിക്കല്‍, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ അധ്യായം.
കൂട്ടബലാത്സംഗം 20 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. പീഡനത്തിന് ഇരയാവുന്ന കുട്ടിയുടെ പ്രായം 18 വയസ്സില്‍ താഴെയാണെങ്കില്‍ വധശിക്ഷ വരെ ലഭിക്കാം. വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തോ സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവ് ലഭിക്കും. വ്യക്തിത്വം മറച്ചുവച്ച് സ്ത്രീകളെ വിവാഹം കഴിക്കുക, വിവാഹമോ ജോലിക്കയറ്റമോ വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കുക തുടങ്ങിയവ 10 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ്.
വിവാഹേതര ബന്ധം, സ്വവര്‍ഗ ബന്ധം തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകളും ബില്ലില്‍ നിന്നൊഴിവാക്കി. സുപ്രധാന വിധികളിലൂടെ ഭരണഘടനാവിരുദ്ധമെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണിത്. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന 497-ാം വകുപ്പും സ്വവര്‍ഗബന്ധം കുറ്റകരമാക്കുന്ന 377-ാം വകുപ്പും ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
18 വയസ്സിനു മുകളിലുള്ള സ്വന്തം ഭാര്യമായുള്ള ലൈംഗികബന്ധം, ലൈംഗിക പ്രവൃത്തികള്‍ എന്നിവ പീഡന പരിധിയില്‍ വരില്ലെന്ന വ്യവസ്ഥ പുതിയ ബില്ലിലും നിലനിര്‍ത്തി. ഭാര്യക്ക് 18 വയസ്സിനു താഴെയാണ് പ്രായമെങ്കില്‍ ഇതു പീഡനമാകും. പീഡനത്തെ അതിജീവിച്ച വ്യക്തിയുടെ പേരോ അല്ലെങ്കില്‍ തിരിച്ചറിയും വിധമോ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കും. പിഴയും അടയ്ക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: