ന്യൂദല്‍ഹി: മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. കായികമായാലും ശാസ്ത്രമായാലും കലയായാലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന് കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘ ടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുട്ടി ഒരു സംഗീതജ്ഞനോ ഫോട്ടോഗ്രാഫറോ ആകാന്‍ ആഗ്രഹിക്കുമ്പോള്‍ എഞ്ചിനീയറാകാനോ സിവില്‍ സര്‍വ്വീസ് എടുക്കാനോ അവരുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഈ രീതിയോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം വിപത്താണെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരെ കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദത്തില്‍ വിശ്വസിക്കുന്ന, സമൂഹജീവിതത്തില്‍ വിശ്വസിക്കുന്ന, കുടുംബത്തില്‍, മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേന്ദ്രവിദേശകാര്യ, പാര്‍ലിമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയത്. 17 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടുന്ന 37 അംഗ സംഘം ദല്‍ഹിയിലെയും സമീപത്തെയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സ്മാരകങ്ങളും സന്ദര്‍ശിക്കും. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് സംഘം തിരുവനന്തപുരത്തേക്ക് മടങ്ങുക. സംഘത്തിനുള്ള യാത്രാതാമസ സൗകര്യങ്ങള്‍ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: