ന്യൂദല്‍ഹി: വിമുക്തഭടന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള വിവിധ പദ്ധതികളിലെ ധനസഹായത്തില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . വിമുക്ത ഭടന്മാരുടെ വിധവകള്‍ക്കുള്ള തൊഴില്‍ പരിശീലന സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം 20,000 ത്തില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, പെന്‍ഷന്‍കാരല്ലാത്ത മുന്‍ സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കുമുളള ചികിത്സാ ആനുകൂല്യം 30000രൂപയില്‍ നിന്ന് 50000 രൂപയായി വര്‍ധിപ്പിച്ചു.
പെന്‍ഷന്‍കാരല്ലാത്ത വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ഉളള ചികിത്സാ സഹായം ഒരു ലക്ഷത്തി 25,000 രൂപയില്‍ നിന്ന് ഒരു ലക്ഷത്തി 50,000 രൂപയായി ഉയര്‍ത്തി.
മുന്‍ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിലമതിക്കുന്നതിന്റെ തെളിവാണ് തെളിവാണ് വര്‍ദ്ധിപ്പിച്ച സാമ്പത്തിക സഹായമെന്ന് മന്ത്രാലയം പറഞ്ഞു.
നിലവില്‍ കേന്ദ്രീയ സൈനിക് ബോര്‍ഡാണ് പദ്ധതികള്‍ നടത്തുന്നതെന്നും സായുധ സേനയുടെ പതാക ദിന ഫണ്ടില്‍ നിന്നാണ് ധനസഹായം നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു. പുതുക്കിയ സാമ്പത്തിക സഹായം ഉടനടി പ്രാബല്യത്തില്‍ വരും. കൂടാതെ ഗുണഭോക്താക്കള്‍ക്ക് അനാവശ്യമായ കാലതാമസം കൂടാതെ വര്‍ദ്ധിപ്പിച്ച ധനസഹായം ലഭ്യമാകുമെന്ന് ഉറപ്പാക്കാനും സംവിധാനമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: