തൃശൂര്‍: വെള്ളാങ്ങല്ലൂര്‍ കെട്ട്ചിറ കള്ള്ഷാപ്പ് പരിസരത്തു നിന്നും ശ്രീനാരായണപുരം സ്വദേശി മിഥുന്‍ലാല്‍ എന്ന യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട ചെറുപറമ്പില്‍ മിഥുന്‍ (31), നടവരമ്പ് ചേമ്പത്ത് വീട്ടില്‍ സലേഷ് (28), കൊറ്റനെല്ലൂര്‍ ആലേങ്ങാടന്‍ വീട്ടില്‍ അരുണ്‍ (26) എന്നിവരാണ് പിടിയിലായത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീം, എസ്‌ഐ മാരായ എം.എസ്. ഷാജഹാന്‍, എന്‍.കെ. അനില്‍കുമാര്‍, സി.എം. ക്‌ളീറ്റസ്, കെ.ആര്‍. സുധാകരന്‍, സിപിഒ മാരായ രാഹുല്‍ അമ്പാടന്‍, ഷംനാദ്, സബീഷ്, വിപിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം വിതുരയിലെ ഒളിസങ്കേതമായ ലോഡ്ജില്‍ നിന്നും അതിസാഹസികമായാണേ പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയായിരുന്നു.
പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും തീവണ്ടികള്‍ മാറി മാറി യാത്ര ചെയ്തുകൊണ്ടിരുന്നു. പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് സ്റ്റാറ്റസ് ഇട്ടത് മനസിലാക്കിയ പോലീസ് പരിശോധിച്ചപ്പോള്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനാണെന്ന് മനസിലാക്കി. പ്രതികളുടെ ഫോട്ടോ തിരിച്ചറിഞ്ഞ ഓട്ടൊ ഡ്രൈവര്‍ ഇവരെ പൊന്‍മുടിയിലേക്കുള്ള ബസില്‍ കയറ്റി വിട്ടതായി പറഞ്ഞു. തുടര്‍ന്ന് പൊന്‍മുടിയിലെ ലോഡ്ജുകള്‍ പരിശോധിച്ച് വിതുരയിലെ ഒരു ലോഡ്ജില്‍ നിന്നും അതിസാഹസികമായി പിടികൂടുകയായിരുന്നു.
പരാതിയില്‍ തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. വിവിധ ജില്ലകളില്‍ നിന്നും സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. മിഥുന്‍ കൊലപതാക ശ്രമം, കുഴല്‍പ്പണ കവര്‍ച്ചയടക്കം എട്ടോളം കേസിലെ പ്രതിയാണ്. സലേഷ് കൊലപതാക ശ്രമം അടക്കം നാലോളം കേസിലെ പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികളായിരുന്ന സഞ്ജു, മനീഷ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: