കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ (പിഎംഎവൈ (യു) പദ്ധതി പ്രകാരം കേരളത്തില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 1.65 ലക്ഷം വീടുകള്‍ക്ക് അനുമതി നല്കിയിട്ടുണ്ടെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി കൗശല്‍ കിഷോര്‍ ലോക്‌സഭയില്‍ അറിയിച്ചു. 1.46 ലക്ഷം വീടുകളുടെ നിര്‍മാണം ആരംഭിച്ചു. 1.15 ലക്ഷം വീടുകളുടെ പണി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്കിയിട്ടുണ്ട്. പിഎംഎവൈ പദ്ധതിയുടെ കാലാവധി 2024 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. അനുവദിച്ച വീടുകളുടെ നിര്‍മാണ രീതിയും ഫണ്ടിങ് പാറ്റേണും മാറ്റം വരുത്താതെ പണി പൂര്‍ത്തിയാക്കാനാണ് കാലാവധി നീട്ടിയത്. നിട്ടിയ കാലയളവില്‍ കൂടുതല്‍ വീടുകള്‍ക്ക് അനുമതി നല്കില്ല.
കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാലയളവിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി സമയക്രമം പാലിക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് ടാര്‍ജറ്റ് നിശ്ചയിച്ചിട്ടില്ല. സംസ്ഥാന സ്റ്റേറ്റ് ലെവല്‍ സാങ്ഷനിങ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരത്തോടെ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് സെന്‍ട്രന്‍ സാങ്ഷനിങ് ആന്‍ഡ് മോണിട്ടറിങ് കമ്മിറ്റി പരിഗണിച്ച് ഘട്ടംഘട്ടമായി കേന്ദ്ര സഹായം നല്കി വരികയാണെന്നും മന്ത്രി അറിയിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു കേന്ദ്രമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: