ബാകു::അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ നടക്കുന്ന ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രജ്ഞാനന്ദയ്ക്ക് മിന്നും ജയം. ഈ ലോകകപ്പില്‍ ചാമ്പ്യനാകുമെന്ന് പലരും പ്രവചിച്ച അമേരിക്കയുടെ ഹികാരു നകാമുറയെ ആണ് പ്രജ്ഞാനന്ദ അട്ടിമറിച്ച് അവസാന 16 പേരില്‍ ഇടം നേടിയത്.
നോക്കൗട്ട് റൗണ്ടില്‍ ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലെ പോരാട്ടം രണ്ട് പേരും ഓരോ ഗെയിമുകള്‍ വീതം ജയിച്ച് സമനിലയിലായി.് പിന്നീട് വിജയിയെ തീരുമാനിക്കാന്‍ റാപ്പിഡ് റൗണ്ട് മത്സരം നടന്നു. പ്രജ്ഞാനന്ദയുടെ ഇഷ്ടമേഖലയാണ് റാപ്പിഡ് ചെസ്. അനായാസം രണ്ട് ഗെയിമുകളിലും പ്രജ്ഞാനന്ദ വിജയിച്ചതോടെ ഈ ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡായ താരത്തെയാണ് ടൂര്‍ണ്ണമെന്റില്‍ നിന്നും കെട്ടുകെട്ടിച്ചത്.
“പ്രജ്ഞാനന്ദ അത് ചെയ്തു. ഈ ടൂര്‍ണ്ണമെന്റില്‍ വിജയസാധ്യതയുണ്ടെന്ന് പലരും കല്പിച്ച നകാമുറയെ തോല്പിച്ചു. ശരിക്കും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം,”.- അഞ്ചുതവണ ലോകചാമ്പ്യനായ, ഇപ്പോള്‍ ഫിഡെയുടെ ചുമതലയുള്ള വിശ്വനാഥന് ആനന്ദ് ട്വിറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച പ്രജ്ഞാനന്ദയുടെ 18ാം പിറന്നാളായിരുന്നു. അതിനാല്‍ ഈ വിജയം ഇരട്ടിമധുരമുള്ള സമ്മാനമായി.
ഇന്ത്യന്‍ താരങ്ങളായ ഡി.ഗുകേഷ്, വിദിത് ഗുജറാത്തി, അര്ജുന് എരിഗെയ്സി എന്നിവരും അവസാന 16 പേരില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ തൃശൂരില്‍ നിന്നുള്ള കൗമാരപ്രതിഭ നിഹാല്‍ സരിന് പുറത്തായി. പ്രതിഭയായ നെപോമ്നിയാചിയോടാണ് നിഹാല്‍ സരിന് തോറ്റുപുറത്തായത്. ഹംഗേറിയന്‍ ഗ്രാന്റ് മാസ്റ്റര്‍ ഫെറെങ്ക് ബെര്‍കസിനെ പ്രജ്ഞാനന്ദ അടുത്ത റൗണ്ടില്‍ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: