ന്യൂദല്‍ഹി: ഫരീദാബാദ് അമൃത ആശുപത്രിയില്‍ റോബോട്ടിക് സഹായത്തോടെ നടത്തിയ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. ലിവര്‍ സിറോസിസ് ബാധിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി ദുരിതമനുഭവിച്ച 58 കാരനായ ബംഗ്ലാദേശ് സ്വദേശിക്കാണ് റോബോട്ടിക് സഹായത്തോടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഭാര്യ പകുത്തു നല്‍കിയ കരള്‍ 12 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്ര ക്രിയയിലൂടെയാണ് ഇയാളുടെ ശരീരത്തില്‍ മാറ്റിവെച്ചത്. ഭാര്യയില്‍ നിന്നും കരളെടുക്കാന്‍ എട്ട് മണിക്കൂര്‍ നീണ്ട മറ്റൊരു ശസ്ത്രക്രിയയും വേണ്ടുവന്നു.
കോശങ്ങളില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടിയതിനെ തുടര്‍ന്നുണ്ടായ നോണ്‍ ആല്‍ക്കഹോളിക് സ്റ്റീയറ്റോഹെപ്പറ്റൈറ്റിസ് എന്ന അവസ്ഥ ബാധിച്ച് കരള്‍ വീര്‍ത്ത അവസ്ഥയിലായിരുന്നു രോഗി. ഇതിന് പുറമെ ഉദരത്തില്‍ ദ്രാവകം നിറയുന്ന അസ്സെറ്റയിസ് എന്ന രോഗാവസ്ഥയുമുണ്ടായിരുന്നു. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍, ദഹനക്കുറവ്, അമിതവണ്ണം എന്നീ ലക്ഷണങ്ങളും രോഗിക്ക് ഉണ്ടായിരുന്നു. കരള്‍ മാറ്റി വെയ്‌ക്കല്‍ മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ഏക പോംവഴി.
ഗ്യാസ്ട്രോ എന്‍ട്രോളജി, ഹെപ്പറ്റോളജി വിഭാഗം മേധാവി ഡോ. ഭാസ്‌കര്‍ നന്ദിയുടെ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷമാണ് കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ഫരീദാബാദ് അമൃത ഹോസ്പിറ്റലിലെ സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് ഹെപ്പറ്റോപാന്‍ക്രിയാറ്റോബിലിയറി (എച്ച്പിബി) സര്‍ജറി വിഭാഗം മേധാവി ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തിലുള്ള പത്തംഗ സര്‍ജന്മാരുടെ സംഘമാണ് റോബോട്ടിക് ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ നടത്തിയത്.
ഫരീദാബാദ് അമൃത ആശുപത്രിയില്‍ ആദ്യമായാണ് ജീവിച്ചിരിക്കുന്ന ആളില്‍ നിന്നും കരള്‍ സ്വീകരിക്കുന്ന ശസ്ത്രക്രിയ നടത്തിയതെന്ന് സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് എച്ച്പിബി സര്‍ജറി വിഭാഗം മേധാവി ഡോ. എസ.് സുധീന്ദ്രന്‍ പറഞ്ഞു. ഈ ശസ്ത്രക്രിയയില്‍ റോബോട്ടിക് സര്‍ജറിയുടെ സാധ്യത കൂടി ഉള്‍പ്പെടുത്തിയത് നിര്‍ണായക നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ വിഭാഗത്തിലെ വിദഗ്ധരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും ഡോ. എസ്. സുധീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഇതിനോടകം 300 ലധികം റോബോട്ടിക് കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: