ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസപ്രമേയചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് നാണംകെട്ട് ഒളിച്ചോടി. പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയവര്‍ അദ്ദേഹത്തിന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ ഇറങ്ങിപ്പോയി. മണിപ്പൂര്‍ വിഷയം പ്രതിപക്ഷത്തിന് വെറും രാഷ്ട്രീയക്കളി മാത്രമാണെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്നതായി ഇത്.
ഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രി പരാമര്ശിച്ചില്ലെന്നുപറഞ്ഞ് ബഹളംവെച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. ഇതുസത്യത്തില്നിന്നുള്ള ഒളിച്ചോട്ടമാണെന്നു മോദി പറഞ്ഞു. ബുധനാഴ്ച കേന്ദ്രആഭ്യന്തരമന്ത്രിയുടെ പ്രസംഗം മുഴുവന്‍ കേട്ട പ്രതിപക്ഷമാണ് പാതിവഴിയില്‍ ഇറങ്ങിപ്പോയത്. അവിശ്വാസപ്രമേയം പാസ്സാകില്ലെന്ന് ഉറപ്പായതിനാല്‍ വോട്ടെടുപ്പിന് നില്‍ക്കാതെ സഭയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമായി പ്രതിപക്ഷം ഇറങ്ങിപ്പോക്കിനെ കാണുകയായിരുന്നു. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
ലോക്സഭയില്‍ 331 അംഗങ്ങളുള്ള ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് അവിശ്വാസ വോട്ടെടുപ്പ് ഒരു തരത്തിലും ഭീഷണിയായിരുന്നില്ല. ബിജെപിക്ക് മാത്രം 303 എംപിമാരുണ്ട്. 272 എംപിമാരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷ സഖ്യത്തിന് 144 എംപിമാരാണുള്ളത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബിജെഡിയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതിനാല്‍ തോല്‍വി ഉറപ്പാക്കിയാണ് ഇത്തവണയും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: