അന്തിക്കാട്: വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ പ്രസിദ്ധമായ ഇല്ലംനിറ ചടങ്ങ് നടന്നു. രാവിലെ ശ്രീമഹാഗണപതി ഹോമം കഴിഞ്ഞുള്ള ശുഭ മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങ്. പുന്നെല്ലിന്റെ കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് വരാഹി ദേവിക്ക് സമര്‍പ്പിച്ചു.
ക്ഷേത്രം തന്ത്രി കതിര്‍കറ്റകളില്‍ ലക്ഷ്മീനാരായണ പൂജ നടത്തി വരാഹി ദേവിയുടെ ശ്രീലകത്ത് ചാര്‍ത്തിയതോടെ ചടങ്ങിന് പരിസമാപ്തിയായി. തുടര്‍ന്ന് ഉപദേവന്മാരുടെ ശ്രീകോവിലുകളിലും നിറ നടത്തി.
ഭക്തര്‍ക്ക് വേണ്ടി വരാഹിദേവിക്ക് പൂജ ചെയ്ത നെല്കതിര് ക്ഷേത്രരക്ഷാധികാരികളായ നീലാംബരന്‍ തൈവളപ്പില്‍, അനിലന്‍ മാക്കോത്ത് എന്നിവര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്കി. പത്തില, കഷായം, മറ്റു പ്രത്യേക ഔഷധക്കൂട്ടുകള്‍ ചേര്‍ത്തു വേവിച്ച ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു. താന്ത്രിക ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃക്ഷ്ണന് നമ്പൂതിരിയും മറ്റു ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വിഷ്ണു കൂട്ടാലയും കാര്‍മികത്വം വഹിച്ചു. ക്ഷേത്ര ഭാരവാഹികളായ പ്രവീണ്‍ പണ്ടാരത്തില്‍, സിനീഷ് തണ്ടാശ്ശേരി, സുബിന് കാരാമാക്കല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: