ഗാന്ധിനഗര്‍: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദേഹത്ത് ചൊറിച്ചിലും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുത്തിവയ്പ് എടുത്തതിന് പിന്നാലെ കുഴഞ്ഞുവീണു. തുടര്‍ന്ന് കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തലയോലപ്പറമ്പ് ഏ.ജെ ജോണ്‍ മെമ്മോറിയല്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ദുര്‍ഗ്ഗ (15) അഫ്ന (14) സ്വപ്ന (15) അല്‍ഫിന (14) നിധ ഫാത്തിമ (15) ഡോണ (15) ജാസ്മിന് (14) ബിബാഷാ(15) വൈഗ (14), പാര്‍വ്വതി (15) എന്നീ വിദ്യാര്‍ത്ഥിനികളെയാണ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാവിലെ 11.30 നാണ് സംഭവം. പത്താം ക്ലാസില്‍ ഒരേ ഡിവിഷനില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് ദേഹാസ്വസ്ഥതയും തുടര്‍ന്ന് ദേഹമാസകം ചൊറിച്ചിലും ഉണ്ടായത്. സ്കൂള്‍ അധികൃതര്‍ ഉടന്‍ ഇവരെ തലയോലപ്പറമ്പ് സാമൂഹ്യരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ശക്തമായ ശ്വാസതടസ്സം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ മൂന്ന് ആംബുലന്‍സുകളിലായി വിദ്യാര്‍ഥികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും രക്ഷിതാക്കളും ആശുപത്രിയിലെത്തി. ക്ലാസ് മുറിയില്‍ പ്രാവിന്റെ കാഷ്ഠവും തൂവലുകളും കിടപ്പുണ്ടായിരുന്നതായും അതില്‍ നിന്നും അലര്‍ജി ഉണ്ടായതാകാം കാരണമെന്നും ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ബിജു ജോണ്‍ പറഞ്ഞു. ആരോഗ്യ വകുപ്പും സ്കൂള്‍ അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: