കോട്ടയം: സീതാസ്വയംവരം കഥകളിയിലെ പരശുരാമ വേഷത്തിലൂടെ കളിയരങ്ങില്‍ ശ്രദ്ധേയനായ കലാമണ്ഡലം രാമകൃഷ്ണന് പ്രണാമം അര്‍പ്പിച്ച് ആസ്വാദക ലോകം. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹം കലാകേരളത്തോട് വിട പറഞ്ഞത്.
പച്ച, കത്തി, കരി, മിനുക്ക് വേഷങ്ങളെല്ലാം അനിതരസാധാരണമായ ചാരുതയോടെ വേദിയില്‍ അവതരിപ്പിച്ച കലാകാരനാണ് കലാമണ്ഡലം രാമകൃഷ്ണന്‍. ഹരിശ്ചന്ദ്ര ചരിതത്തിലെ വിശ്വാമിത്രന്‍, ദുര്യോധന വധത്തിലെ രൗദ്രഭീമന്‍, സീതാസ്വയംവരത്തിലെ പരശുരാമന്‍ എന്നീ വേഷങ്ങള്‍ വേദിയില്‍ ഇദ്ദേഹം അനശ്വരമാക്കി.
”കഥകളിയില്‍ ഇനി ഒന്നും പഠിക്കാനില്ല, എല്ലാം പൂര്‍ത്തിയാക്കി” എന്ന അനുഗ്രഹം ഏറ്റുവാങ്ങിയാണ് രാമകൃഷ്ണന്‍ കഥകളിയരങ്ങിലെത്തുന്നത്. കഥകളിയിലെ കുലപതിയായ വാഴേങ്കട കുഞ്ചു ആശാനായിരുന്നു തലയില്‍ കൈവച്ച് അനുഗ്രഹിച്ച ആ ഗുരു. ആ ഗുരുത്വത്താല്‍ കെട്ടിയാടിയ വേഷങ്ങളെല്ലാം രാമകൃഷ്ണന്‍ ഒന്നിനൊന്ന് മികവുറ്റതാക്കി.
വേഷത്തിന്റെ പൂര്‍ണതയ്‌ക്കായി എത്രത്തോളം കഷ്ടപ്പെടാനും ഒരുക്കമായിരുന്നു. അതിന് ഉദാഹരണമാണ് പരശുരാമന്റെ അവതരണത്തിനായി നടത്തിയ കായികാഭ്യാസം. ആറായിരത്തോളം വേദികളിലാണ് അദ്ദേഹം പരശുരാമനായി ആടിത്തിമിര്‍ത്തത്. അഭ്യാസബലവും താളബോധവുമായിരുന്നു രാമകൃഷ്ണന്റെ പരശുരാമനെ അരങ്ങിലെ സവിശേഷാനുഭവമാക്കി മാറ്റിയത്.
എട്ടും പതിനാറും മുപ്പത്തിരണ്ടും കടന്ന് അറുപത് കലാശങ്ങള്‍ വരെ തന്റെ ഇഷ്ടവേഷത്തിനുവേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. മേളക്കാരുമായി അദ്ദേഹം പ്രത്യേക രസതന്ത്രം തന്നെ രൂപപ്പെടുത്തിയിരുന്നു. ചുവന്ന തറ്റും അതിന് മീതെ കൗപീനം, തോള്‍പ്പൂട്ടിന്റെ സ്ഥാനത്ത് രുദ്രാക്ഷം, പൂണൂല്‍, മാര്‍മാല, താടി, ജട എന്നിങ്ങനെയായിരുന്നു പരശുരാമനായി അദ്ദേഹം തേച്ചുമിനുക്കിയെടുത്ത വേഷവിധാനം. നടന്റെ നേരിയ ചലനങ്ങള്‍ പോലും പ്രേക്ഷകരിലേക്ക് പകരാന്‍ ഈ ലളിതമായ വേഷത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു.
കഥകളിയിലെ പരമ്പരാഗത സങ്കല്‍പ്പങ്ങളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് കഥകളിയെ കൂടുതല്‍ ജനകീയമാക്കുന്നതിനും പ്രധാന പങ്കുവഹിച്ചു. കഥകളി ആസ്വാദനം സാധാരണക്കാര്‍ക്കും സാധ്യമാകും വിധമായിരുന്നു അദ്ദേഹത്തിന്റെ പാത്രാവതരണം. ഗുരു കുടമാളൂര്‍ കരുണാകരന്‍ നായരുടെ കീഴിലായിരുന്നു കഥകളി പഠനം ആരംഭിച്ചത്. കുടമാളൂര്‍ കുഞ്ചു പിള്ള, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി എന്നിവരുടെ കീഴിലും കഥകളി അഭ്യസിച്ചു.
1978ല്‍ കൊട്ടാരക്കര തമ്പുരാന്‍ അവാര്‍ഡ്,1990ല്‍ കോട്ടയം കളിയരങ്ങ് അവാര്‍ഡ്, ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള ആശാന്‍ അവാര്‍ഡ്,1991ല്‍ ഗുരു പള്ളിപ്പുറം ഗോപാലന്‍ ആശാന്‍ അവാര്‍ഡ്, 2009ല്‍ നാട്യഭാരതി അവാര്‍ഡ്, 2010ല്‍ കലാമണ്ഡലം ഹൈദ്രാലി പുരസ്‌കാരം, 2013ല്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്‍ സ്മാരക നാട്യശ്രീ അവാര്‍ഡ്, 2015ല്‍ കുടമാളൂര്‍ കരുണാകരന്‍ ആശാന്‍ അവാര്‍ഡ്, 2016 ല്‍ കഥകളി വേഷത്തിനുള്ള കലാമണ്ഡലം പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. 1974ല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും 1978 മുതല്‍ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും പര്യടനം നടത്തി. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ 1989 മുതല്‍ 2005വരെ കഥകളി വേഷം അധ്യാപകനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: