ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തലില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിനെന്ന് ചോദിക്കുന്ന മുഖ്യമന്ത്രി, ആരോപണം അന്വേഷിക്കാന്‍ തയാറാകണം. സേവനങ്ങള്‍ നല്‍കാതെ മാസം മകളുടെ കമ്പനി ലക്ഷങ്ങള്‍ എഴുതിയെടുത്തതില്‍ പിണറായി വിജയന് വിശദീകരണം നല്‍കണം, കേന്ദ്രമന്ത്രി ദല്‍ഹിയില്‍ ആവശ്യപ്പെട്ടു.
മൊഴി പിന്‍വലിക്കാന്‍ ആദായനികുതി വകുപ്പ് അനുവദിക്കാത്തതുകൊണ്ടാണ് ഇതുപുറത്തുവന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സിപിഎമ്മിനെ നരേന്ദ്രമോദി സര്‍ക്കാര്‍ തൊടില്ലെന്ന് പറയുന്ന കോണ്‍ഗ്രസ് ഇത് കാണണം. ഇത് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടലാണെന്ന് കേരളത്തിലെ കോണ്‍ഗ്രസിന് അഭിപ്രായമുണ്ടോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഭാര്യയ്ക്കുനേരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടി നല്‍കണം. ഒരു കമ്പനിയുടെ കാര്യം മാത്രമാണ് പുറത്തുവന്നത്. കേരളത്തിനകത്തും പുറത്തുമായി ഏതെല്ലാം കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന് അവിടെയെല്ലാം ആദായനികുതി അന്വേഷണം നടന്നാല്‍ അറിയാന്‍ പറ്റുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ സഹകരണാത്മക പ്രതിപക്ഷം
മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ നിയമസഭാ നടപടികള്‍ വെട്ടിച്ചുരുക്കിയതെന്തിനെന്ന് മുരളീധരന് ചോദിച്ചു. ഇതിലും മികച്ച ‘സഹകരണാത്മക പ്രതിപക്ഷം’ എവിടെയുണ്ടാവുമെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു. പാര്‍ലമെന്റില്‍ പരിഹാസ്യരായി ‘അദാനി, അദാനി’ വിളിക്കുന്ന രാഹുലിന്റെ പാര്‍ട്ടിക്ക് നിയമസഭയില്‍ ‘കര്‍ത്ത, കര്‍ത്ത’ എന്ന് വിളിക്കാന്‍ നാവുപൊന്താത്തതെന്തുകൊണ്ടാണ്. മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയില്‍ മറുപടി പറയിക്കാതെ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രക്ഷിക്കുന്നതെന്തിനാണ്, അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: