പ്രൊഫ. കെ. ശശികുമാര്‍
ഒന്ന്: അഗ്നിക്രിയ
മഹാഭാരതയുദ്ധം കഴിഞ്ഞു. അനന്വയ ഭംഗിയില്‍ വാല്മീകി വര്‍ണിക്കുന്നു; ചരിത്രത്തിനു വേണ്ടി.
‘ഗഗനം ഗഗനാകാരം
സാഗരഃ സാഗരോപമാ
രാമരാവണയോര്‍യുദ്ധം
രാമരാവണയോരിവ’
ആകാശം ആകാശം പോലെ. സാഗരം സാഗരം പോലെ. രാമരാവണ യുദ്ധം രാമരാവണ യുദ്ധം തന്നെ.
ശ്രീരാമന്‍ വിജശ്രീലാളിതനായി. വാനരസേന ജയഭേരി മുഴക്കി. വിഭീഷണന്‍ ലങ്കാധിപതിയായി. ശ്രീരാമന്‍ ഹനുമാനോടിങ്ങനെ പറഞ്ഞു: ”വിഭീഷണ മഹാരാജാവിന്റെ അനുവാദത്തോടെ ലങ്കാ നഗരിയില്‍ പ്രവേശിക്കുക. മൈഥിലിയെക്കണ്ട് കുശലം പറയുക. പ്രതിസന്ദേശവുമായി മടങ്ങി വരിക.”
ഹനുമാന്‍ അശോക വനത്തിലെത്തി. യുദ്ധവിവരണത്തെത്തുടര്‍ന്ന് ശ്രീരാമ സന്ദേശം നല്കുന്നു. അതിങ്ങനെ: ”സീതേ നിന്നെ വീണ്ടെടുക്കാന്‍ ഞാന്‍ ശപഥം ചെയ്തിരുന്നു. കഠിനമായി പണിപ്പെട്ട് ആ ശപഥം നിറവേറ്റാന്‍ കഴിഞ്ഞു. നീ ഇന്ന് സ്വന്തം വീട്ടിലാണ്. വിഭീഷണനധീനമായ രാവണാലയത്തില്‍ താമസിക്കാന്‍ ഇനി നീ തെല്ലും ഭയപ്പെടേണ്ടതില്ല.”
ആര്യപുത്രന്റെ സന്ദേശം കേട്ട മൈഥിലി ആകെ കോരിത്തരിച്ചു. ശുഭസന്ദേശം വഹിച്ചെത്തിയ ഹനുമാനെ വാനോളം പുകഴ്‌ത്തി.
പ്രതിസന്ദേശം സീത ഹനുമാനു നല്കിയതിങ്ങനെ: ‘ദ്രഷ്ടുമിച്ഛാമി ഭര്‍ത്താരം ഭക്തവത്സലം'(ഭക്തവത്സലനായ ഭര്‍ത്താവിനെ കാണാനാഗ്രഹിക്കുന്നു).
ഹനുമാന്റെ വാക്കുകള്‍ കേട്ട് ശ്രീരാമന്‍ ധ്യാനലീനനായി. സീതയെ ദിവ്യാഭരണ വിഭൂഷിതയായി കൊണ്ടുവരാന്‍ വിഭീഷണനോട് ശ്രീരാമന്‍ നിര്‍ദേശിക്കുന്നു.
സീതാദേവി പല്ലക്കില്‍ രാമസന്നിധിയിലെത്തി. ശ്രീരാമന്റെ പൂര്‍ണചന്ദ്രനെ വെല്ലുന്ന മുഖശോഭകണ്ട്, ജനകാത്മജയുടെ ഹൃദയം പ്രഫുല്ലമാകുന്നു.
അസാധാരണമായ ഒരു രംഗമാണ് വാല്മീകി സൃഷ്ടിക്കുന്നത്. ധ്യാനമോചിതനായ രാമന്റെ മുഖത്ത് രോഷവും ദൈന്യവും ഹര്‍ഷവുമെന്നാണ് ആദികവി പറയുന്നതും. പൂര്‍വവൃത്താന്തങ്ങളും യുദ്ധഭീകരതയുമൊക്കെ വിവരിച്ചതിനു ശേഷം രാമന്‍ സീതയോടിങ്ങനെ പറയുന്നു: ”ഭദ്രേ യുദ്ധത്തില്‍ ശത്രുവിനെ തോല്പിച്ച് ഞാന്‍ നിന്നെ വീണ്ടെടുത്തു. പുരുഷാര്‍ത്ഥത്താല്‍ ചെയ്യാവുന്നതു ഞാന്‍ ചെയ്തിരിക്കുന്നു. എന്റെ നേരെ മുമ്പില്‍ നില്ക്കുന്ന നിന്റെ ചാരിത്ര്യത്തെക്കുറിച്ച് ശങ്കയുണ്ടായിരിക്കുന്നു.”
ധര്‍മം ഉടല്‍ പൂണ്ട ശ്രീരാമനു വേണ്ടി വാല്മീകി ഇടയ്‌ക്കൊരു പ്രസ്താവം നടത്തുന്നുമുണ്ട്. ‘ജനവാദ ഭയാതരാജ്ഞോ/ബഭൂവ ഹൃദയം ദ്വിധാ.’ ആ രാജാവിന്റെ ഹൃദയം ലോകാവപാദ ഭയത്താല്‍ പിളര്‍ന്നു പോയി.
ആള്‍ക്കൂട്ടത്തിനു നടുവില്‍ വച്ചുള്ള പ്രാണനാഥന്റെ ഘോരവും പരുഷവുമായ വാക്കുകള്‍ കേട്ട് ലജ്ജിച്ച് സീതാദേവി മുഖം താഴ്‌ത്തി. സീത ഇങ്ങനെ പറഞ്ഞു:
”… അങ്ങു സംശയിക്കുന്നതു പോലൊരുവളല്ല ഞാന്‍. ഞാന്‍ ചാരിത്ര്യവതി തന്നെയെന്ന് ആണയിട്ട് പറയുന്നു.” പുരികം പുഴുപോല്‍ പിടഞ്ഞ് അകം ഞെരിഞ്ഞു നില്ക്കുന്ന ലക്ഷ്മണനോട് ജാനകി പറഞ്ഞു: ”സൗമിത്ര കുമാരാ, ഈ മിഥ്യാപവാദത്തോടെ ജീവിക്കുവാന്‍ ഞാനാഗ്രഹിക്കുന്നില്ല. എനിക്കൊരു ചിതയൊരുക്കുക. ‘
നാണം കെട്ട്, തന്റെ ശരീരത്തില്‍ സ്വയം ചൂളി ഒളിച്ച് മൈഥിലി ഒരല്പം കൂടി സ്വരമുയര്‍ത്തി കൂട്ടിച്ചേര്‍ത്തു. ”നൃപശാദൂല, എന്റെ ശീലവും സ്വഭാവവും താങ്കള്‍ മറക്കുന്നു. എന്റെ ഉള്ളിലുള്ള ഭാവവും ഭക്തിയും ശുദ്ധിയും താങ്കള്‍ തള്ളിക്കളയുന്നു.”
ലക്ഷ്മണന്‍ ചിതയൊരുക്കുന്നു. രാമന്‍ അതു നോക്കി നില്ക്കുന്നു. സീത ശ്രീരാമനെ വലം വയ്‌ക്കുന്നു. തൊഴുകൈക്കുമ്പിളുമായി സര്‍വ ദേവതാഭാവങ്ങളെയും പ്രാര്‍ഥിക്കുന്നു. തീക്കുണ്ഡത്തിന് പ്രദക്ഷിണം വച്ചുകൊണ്ട് ഇങ്ങനെ പറയുന്നു. ”ലോക സാക്ഷിയായ അഗ്നിദേവാ എന്നെ രക്ഷിച്ചാലും”
സീതയുടെ അഗ്നിപ്രവേശം. കുബേരന്‍, യമന്‍, ഇന്ദ്രന്‍, വരുണന്‍. എല്ലാ ദേവീ ദേവന്മാരും സാക്ഷികളായി. ബ്രഹ്മാവ് ശ്രീരാമനോട് ഇങ്ങനെപറഞ്ഞു: ”ശ്രീരാമാ മര്യാദാ പുരുഷോത്തമനെന്ന് പേരുകേട്ട അങ്ങ്, ജ്ഞാനികളില്‍ അഗ്രസ്ഥന്‍. അഗ്നിയില്‍ ചാടാന്‍ നില്ക്കുന്ന സീതയെ എന്തുകൊണ്ട് ഉപേക്ഷിക്കുന്നു?”
ആളിക്കത്തുന്ന അഗ്നിനാളങ്ങളിലേക്ക് വൈദേഹി ചാടുന്നു. സീതയെ അഗ്നിദേവന്‍ കരവലയത്തിലൊതുക്കി. മടിയിലിരുത്തി രാമനോടിങ്ങനെ പറഞ്ഞു:
‘ഏഷാ തേ രാമ വൈദേഹീ
പാപമസ്യാം ന വിദ്യതേ
നൈവവാചാ ന മനസാ
നൈവ ബുദ്ധ്യാ ന ചക്ഷുഷാ’
സീത പാപിനിയല്ല. വാക്കുകൊണ്ടോ, മനസ്സു കൊണ്ടോ, ബുദ്ധികൊണ്ടോ കണ്ണുകൊണ്ടോ അവള്‍ പാപം ചെയ്തിട്ടില്ല.
ചിതതട്ടി മാറ്റി, അഗ്നിദേവന്‍ ‘തപ്ത കാഞ്ചന ഭൂഷണ’യും ‘അനിന്ദ്യ സുന്ദരി’യുമായ ജനകാത്മജയെ ശ്രീരാമന് നല്കിക്കൊണ്ട് ഇങ്ങനെ കഠിനമായി സംസാരിച്ചു:
‘വിശുദ്ധഭാവാം നിഷ്പാപാം
പ്രതിഗൃഹ്ണിഷണ്വ മൈഥിലീം
ന കിം ചിതഭിധാതവ്യാ
അഹമാജ്ഞാപയാമിതേ’
അര്‍ഥം:
വിശുദ്ധഭാവയും നിഷ്പാപിനിയുമായ മൈഥിലിയെ സ്വീകരിക്കുക. കഠോരമായി അവളോട് ഒരു വാക്കുപോലും പറഞ്ഞു പോകരുത്. ഇതെന്റെ കല്പനയാണ്. ഇത് അഗ്നിക്രിയയാണ്. രക്ഷസ്സുകളെ ഹനിക്കുന്ന ക്രിയ. അഗ്നി പ്രവശം നടത്തിയ, വാല്മീകിയുടെ സീത, മായാസീതയേ അല്ല.
രണ്ട് : നേതൃമാറ്റം
ലങ്കാധിപതിയായ വിഭീഷണനോട് യാത്ര ചോദിക്കവേ രാമന്‍ പറഞ്ഞു: ‘ ഇനി അതിവേഗം അയോധ്യയിലെത്തണം. വഴി നീണ്ടതും ദുര്‍ഗമവുമാണ്.’
സീതാരാമലക്ഷ്മണന്മാരുടെ വനവാസകാലം. രംഗം ചിത്രകൂടം. നിയുക്ത യുവരാജാവായ ഭരതന്‍ ശ്രീരാമനെ കാണാന്‍ അയോധ്യയില്‍ നിന്നും ചിത്രകൂടത്തിലെത്തി. ജ്യേഷ്ഠന്‍ അനുജനെ കണ്ടത് അയോധ്യാധിപതി എന്ന നിലയിലാണ്.
അയോധ്യാകാണ്ഡത്തിലെ ഒരു സര്‍ഗം മുഴുവനും ഭരതന് രാമന്‍ നല്കുന്ന ഭരണോപദേശങ്ങളും നിര്‍ദേശങ്ങളും ചോദ്യരൂപത്തിലുള്ള അന്വേഷണങ്ങളുമാണ്. ഈ നൂറാം സര്‍ഗം യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രമീമാംസയാണ്. ഭരണകര്‍ത്താവ് ഫലവത്തായി, ഉപയോഗപ്പെടുത്തേണ്ട രാജ്യത്തിന്റെ ഏഴവയവങ്ങളെക്കുറിച്ച് രാമന്‍ ഉപന്യസിക്കുന്നുണ്ട്. അവ ഇവയത്രെ: രാജാവ്, മന്ത്രി, ഭൂമി, കോട്ട, ഖജനാവ്, സൈന്യം, മിത്രവര്‍ഗം. ഈ ഏഴും ശേഷിയുള്ളതാവണം. രാമായണത്തിലെ ഈ രാഷ്‌ട്രീയമാണ് ഭാരതം ഇന്നും തുടരുന്നത്.
പ്രകൃതിയിലേക്ക് മടങ്ങാം. വിഭീഷണന്‍ പുഷ്പകവിമാനമൊരുക്കി. മടക്കയാത്രയ്‌ക്ക് വേണ്ടതെല്ലാം രാജോചിതമായി ചെയ്തു. പുഷ്പകം അയോധ്യയിലേക്ക് പുറപ്പെട്ടു. വാല്മീകി രാമായണത്തില്‍ രണ്ട് നഗരങ്ങളെയാണ് വാല്മീകി പ്രൗഢോജ്ജ്വലമായി വര്‍ണിക്കുന്നത്. ലങ്കയും അയോധ്യയും. അയോധ്യയ്‌ക്കായി എഴുതിയ ശ്ലോകങ്ങളുടെ മൂന്നിരട്ടിയാണ് ലങ്കയ്‌ക്കു വേണ്ടി ആദികവി രചിച്ചത്. വനവാസം പതിന്നാലു വര്‍ഷം പൂര്‍ത്തിയായ ചൈത്രശുക്ലപഞ്ചമി നാളില്‍ പുഷ്പകം ഭരദ്വാജന്റെ ആശ്രമത്തിലെത്തി.
ഹനുമാനെ രാമന്‍ അയോധ്യയിലേക്കയച്ചു. അധികാരകൈമാറ്റത്തിന് ഭരതന് വഴങ്ങാതിരിക്കാം. അയോധ്യയില്‍ മാതൃകാ ഭരണം എങ്ങനെ വേണമെന്ന് ചിത്രകൂടത്തില്‍ വച്ച് പണ്ടേ ജ്യേഷ്ഠന്‍ അനുജന് പറഞ്ഞു കൊടുത്തിട്ടുണ്ട്.
ഭരതന്‍ അയോധ്യയെ അണിയിച്ചൊരുക്കി. അതിര്‍ത്തിയായ നന്ദിഗ്രാമം വരെ കൊടി തോരണങ്ങള്‍. പുഷ്പക വിമാനം നന്ദിഗ്രാമിലെത്തി. രാമസവിധത്തിലെത്തിയ ഭരതന്‍ സാദരം ഇങ്ങനെ പറഞ്ഞു:
”അങ്ങ് അയോധ്യയില്‍ മടങ്ങിയെത്തിയല്ലോ, ഇന്ന് എന്റെ ജന്മം കൃതാര്‍ഥമായി.” ഭരതന്‍ ഒരല്പം കൂടി പറഞ്ഞു: ”എന്റെ അമ്മ എനിക്കു തന്ന രാജ്യം ഞാനവിടേയ്‌ക്ക് നിരുപാധികം സമര്‍പ്പിക്കുന്നു. അങ്ങ് ഇതേറ്റെടുത്ത് പ്രജകളെ സംരക്ഷിച്ചാലും.
ശ്രീരാമന്‍ ഭരണം തുടങ്ങി. ശ്രീരാമന്റെ രാജ്യത്ത് സ്ത്രീകള്‍ വിധവകളാകുമായിരുന്നില്ല. സര്‍പ്പഭയവും രോഗപീഡകളും ഉണ്ടായിരുന്നില്ല. പ്രായമായവര്‍ക്ക് കുഞ്ഞുങ്ങളുടെ മരണാനന്തക്രിയകള്‍ ചെയ്യേണ്ടി വന്നിട്ടില്ല.
ഇങ്ങനെ ശ്രീരാമന്‍ പതിനോരായിരം സംവത്സരം രാജ്യം ഭരിച്ചുവെന്ന് പില്ക്കാല രാമായണ കവികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: