തൃശൂര്‍: ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം തൊഴിലാളിവിരുദ്ധവും പരമ്പരാഗത ചെത്തു വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതുമാണെന്ന് ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ആരോപിച്ചു. സര്‍ക്കാരിന്റെ പുതിയ ജനദ്രോഹ മദ്യനയത്തിനെതിരെ ബിഎംഎസ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ചെത്ത് – മദ്യ വ്യവസായ തൊഴിലാളികളുടെ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാര മേഖലയില്‍ റിസോര്‍ട്ടുകള്‍ക്ക് നേരിട്ട് കള്ള് ചെത്തി ഉത്പാദിപ്പിക്കാനുള്ള അനുമതിയും, കൂടുതല്‍ വിദേശമദ്യ ഷോപ്പുകളും ബാറുകളും, തുറക്കാനുള്ള തീരുമാനവും കള്ള് ചെത്ത് മേഖലയെ തകര്‍ക്കുമെന്നും മദ്യവര്‍ജനം പ്രഖ്യാപിക്കുകയും, വിമുക്തിക്കായി കോടികള്‍ നീക്കിവെക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പുതിയ മദ്യനയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരമായി ടോഡി ബോര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും, കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്റര്‍ ആക്കി കുറയ്ക്കാനും കള്ളുഷാപ്പുകള്‍ ആധുനികവല്‍ക്കരിച്ചുകൊണ്ട് കള്ള് ചെത്ത് വ്യവസായത്ത ശാസ്ത്രീയമായി പുന:സംഘടിപ്പിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ഫെഡറേഷന് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
യൂണിയന് പ്രസിഡന്റ് എ. സി. കൃഷ്ണന് അധ്യക്ഷത വഹിച്ച കൂട്ടധര്‍ണയില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്, ജില്ലാ സെക്രട്ടറി സേതു തിരുവങ്കിടം, കെ. ഹരീഷ്, യൂണിയന് ഭാരവാഹികളായ എം.ബി. സുധീഷ്, വി. ടി. രാജീവ്, എന്‍. എം. രാമകൃഷ്ണന്, എസ്.വി. പ്രേമദാസ്, പി.പി. മുരളീധരന്, കെ.ബി. ബിനോഷ്, എം.ഡി. ധാനിഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: