Categories: Sports

ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് അവസാനിച്ചു; ഇന്ത്യയ്‌ക്ക് റെക്കോഡ് മെഡല്‍ വേട്ട

Published by

ചെങ്ദു: ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് 2023 പതിപ്പിന് ഇന്നലെ കൊടിയിറങ്ങി. ഇത്തവണ ഇന്ത്യയുടെ മെഡല്‍വേട്ട റെക്കോഡ് ഭേദിച്ചു. ചരിത്രനേട്ടങ്ങളടക്കം 26 മെഡലുകള്‍ ഇന്ത്യ നേടി. ഇതില്‍ 11 സ്വര്‍ണവും അഞ്ച് വെള്ളിയും പത്ത് വെങ്കലവും ഉള്‍പ്പെടും.

ഇതുവരെയുള്ള ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ വച്ച് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഇതിനു മുമ്പത്തെ ഇന്ത്യയുടെ മികച്ച പ്രകടനം ആറ് സ്വര്‍ണവും ആറ് വെള്ളിയും ഒമ്പത് വെങ്കലവും അടക്കം 21 മെഡലുകള്‍ നേടിയതാണ്. ഇത്തവണ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.  ചൈനയിലെ ചെങ്ദുവിലേക്ക് ഇന്ത്യ 256 അത്‌ലറ്റുകളെ അയച്ചു. മെഡല്‍ വേട്ടയില്‍ റെക്കോഡ് നേടിയെങ്കിലും ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ നാല് വെങ്കലങ്ങള്‍ മാത്രമേ ഉള്ളൂ. 82 ഇന്ത്യന്‍ താരങ്ങള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ മത്സരിച്ചു.

ഷൂട്ടിങ് താരങ്ങളാണ് ഇന്ത്യയ്‌ക്കായി കൂടുതല്‍ മെഡലുകള്‍ നേടിയത്. എട്ട് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവും ഷൂട്ടിങ്ങിലൂടെ നേടി. അമ്പെയ്‌ത്തില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ലഭിച്ചു. ജൂഡോയില്‍ ഒരു വെങ്കലം നേടിയിട്ടുണ്ട്.

പട്ടികയില്‍ 178 മെഡലുകളുമായി മുന്നിലുള്ള ചൈന രണ്ടാം സ്ഥാനക്കാരെക്കാള്‍ ബഹുദൂരം മുന്നിലാണ്. 103 സ്വര്‍ണം, 40 വെള്ളി, 35 വെങ്കലം ചൈനയുടെ പേരിലുണ്ട്. ജപ്പാന്‍(21, 29, 43), കൊറിയ(17, 18, 23) ടീമുകള്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക