ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 25 റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍. ശ്രാവണ പൂജയുടെ ഭാഗമായി സംഘടിപ്പിച്ച ബ്രിജ്മണ്ഡല് ജലാഭിഷേക യാത്രയ്ക്കുനേരെ നടന്ന ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.
റോഹിങ്ക്യക്കാര്‍ അടക്കമുളള അനധികൃത കുടിയേറ്റക്കാര്‍ കൈയടക്കിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ ഹരിയാനയില്‍ പുരോഗമിക്കുകയാണ്. അക്രമബാധിതമായ നൂഹ് മേഖലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ടൗരുവിലാണ് അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയിരുന്നത്. ആക്രമണത്തില്‍ കുടിയേറ്റക്കാര്‍ക്ക് പങ്കുണ്ടെന്ന് ജില്ലാ ഭരണകൂടവും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും നേരത്തേ വ്യക്തമാക്കിയിരുന്നു.
മ്യാന്മറിലെ റാഖൈന്‍ വഴിയാണ് നൂഹില്‍ തമ്പടിച്ച റോഹിങ്ക്യകളില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്ക് കടന്നത്. രണ്ടായിരത്തോളം റോഹിങ്ക്യകള്‍ നൂഹില്‍ താമസിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎന്‍ നല്കിയ അഭയാര്‍ത്ഥി കാര്‍ഡുകള്‍ കൈവശം വച്ചാണ് ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.
അതിനിടെ അക്രമത്തില്‍ പങ്കെടുത്തവരുടെ അനധികൃത കൈയേറ്റങ്ങളും കെട്ടിടങ്ങളും ഒഴിപ്പിക്കുന്നതും പൊളിക്കുന്നതും പഞ്ചാബ് ഹരിയാന ഹൈക്കോടതി തത്ക്കാലം തടഞ്ഞു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍, നടപടി നിര്‍ത്തിവയ്ക്കാന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ധീരേന്ദ്ര ഖഡ്ഗത ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: