കൊടുങ്ങല്ലൂര്‍: പട്ടാപ്പകല്‍ റോഡില്‍ കാര്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നതിലുള്ള വിരോധത്താല്‍ ചന്തപ്പുരയില്‍ വച്ച് പരാതിക്കാരും കൂട്ടരും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി കരിങ്കല്ല് കൊണ്ട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ മര്‍ദിക്കുകയും വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികളായ പത്താഴക്കാട് കളപ്പുരക്കല്‍ അസീം, മതിലകം തൈവളപ്പില്‍ സിറാജ് എന്നിവരും അതിക്രമത്തിന് ശേഷം പ്രതികളെ മറ്റൊരു കാറില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച പാപ്പിനിവട്ടം കുന്നത്ത് പടിക്കല്‍ ബറാഖ് എന്നയാളുമാണ് അറസ്റ്റിലായത്.
വാടാനപ്പിള്ളിയില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന റിറ്റ്സ് കാര്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിനെ എടശ്ശേരി എന്ന സ്ഥലത്ത് വച്ച് മറികടന്നിരുന്നു. തുടര്‍ന്ന് പ്രതികള്‍ റിറ്റ്സ് കാറിനെ മറികടക്കാന്‍ ശ്രമിക്കുകയും തൃപ്രയാര്‍ ജംഗ്ഷനില്‍ വച്ച് ഇരുകൂട്ടരും പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി. യാത്ര തുടര്‍ന്ന റിറ്റ്സ് കാറിലെ യാത്രക്കാരെ ചന്തപ്പുര വച്ച് തടഞ്ഞുനിര്‍ത്തി കാര്‍ കരിങ്കല്ല് കൊണ്ട് എറിഞ്ഞ് തകര്‍ക്കുകയും വടികൊണ്ട് അടിച്ച് നാശമുണ്ടാക്കുകയുമായിരുന്നു. വാടാനപ്പിള്ളി അറക്കവീട്ടില്‍ മുഹമ്മദിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് പ്രതികളെ അറസ്റ്റു ചെയ്തത്. കേസിലെ മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഡിവൈഎസ്പി സലീഷ് എന്‍.എസിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ബൈജു ഇ.ആര്., എസ്ഐ ഹരോള്‍ഡ് ജോര്‍ജ്, രവികുമാര്‍, എഎസ്ഐ ജോഷി, സിപിഒമാരായ മനോജ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: