കാഞ്ഞാണി: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും അഴിമാവ് പാലത്തില്‍ വെളിച്ചമെത്തിയിട്ടില്ല. താന്ന്യം, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കരുവന്നൂര്‍ പുഴയ്ക്കും കനോലി കനാലിനും കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 19 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലത്തിലുള്ള വഴിവിളക്കുകള്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപിക്കാനും പരിപാലിക്കാനുമാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതുവരെയായിട്ടും നടപടിയായിട്ടില്ല.
നിരവധി പേര് ദിനംപ്രതി ആശ്രയിക്കുന്ന 361 മീറ്റര്‍ നീളമുള്ള പാലത്തില്‍ രാത്രിയായാല്‍ കനത്ത ഇരുട്ടാണ്. രണ്ട് പുഴകളും ദ്വീപുമുള്ള മനോഹരമായ പ്രദേശത്ത് വൈകുന്നേരങ്ങളില്‍ കുടുംബസമേതം ആളുകളെത്താറുണ്ട്. ഇരുഭാഗത്തും നടപ്പാതകളുള്ള പാലത്തില്‍ പ്രഭാത-സായാഹ്ന സവാരിക്കാരും പതിവാണ്.
എന്നാല്‍ വെളിച്ചമില്ലാത്തതാണ് ആളുകള്‍ക്ക് ബുദ്ധിമുട്ടാകുന്നത്. ഇരുട്ടുമൂടിയതിനാല് പാലത്തിനടിയിലും പരിസരത്തും സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നുണ്ട്. ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നതിന് പാലത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ പോലീസിന്റെ സാന്നിധ്യക്കുറവും പ്രദേശത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: