പള്ളിക്കര: ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തുനല്കാമെന്നും പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്നും 10 ലക്ഷം രൂപ ദമ്പതികള്‍ തട്ടിയെടുത്തു. കാസര്‍കോട് എംജി റോഡിലെ സില്‍വര്‍ ആന്റ് ഗോള്‍ഡ് ജ്വല്ലറി ഉടമ കുഡ്ലു മീപ്പുഗിരിയിലെ മുറിഞ്ഞകല്ലില്‍ ഹൗസില്‍ പ്രദീപ്ജോയിയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ പൂച്ചക്കാട് കീക്കാനിലെ ഷൗക്കത്ത് അലിക്കും കൂടെയുണ്ടായിരുന്ന സ്ത്രീക്കുമെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ഷൗക്കത്തലിയും ഭാര്യയും തുടര്‍ച്ചയായി പ്രദീപിന്റെ ജ്വല്ലറിയില്‍ എത്തി ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തു നല്‍കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച കാറില്‍ വന്ന ഷൗക്കത്തിനും ഭാര്യക്കുമൊപ്പം 10 ലക്ഷം രൂപയുമായി പണയസ്വര്‍ണ്ണം എടുക്കാനായി ജ്വല്ലറിയിലെ ജീവനക്കാരനെ പറഞ്ഞുവിട്ടു. പൂച്ചക്കാട്ട് കീക്കാനിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്നില്‍ കാര്‍ നിര്‍ത്തിയശേഷം പണവുമായി ഷൗക്കത്തിന്റെ ഭാര്യ ബാങ്കിലേക്ക് പോയി. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചുവന്ന് പലിശയിനത്തില്‍ 15,000 രൂപകൂടി വേണമെന്ന് ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്ന ജ്വല്ലറി ജീവനക്കാരന് പുറത്തിറങ്ങി പാന്റിന്റെ പോക്കറ്റില്‍ നിന്നും പണം എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി ഓടിമറഞ്ഞു.
ഇതിനിടയില്‍ ഷൗക്കത്ത് കാര്‍ എടുത്ത് രക്ഷപ്പെടുകയും ചെയ്തു. തട്ടിപ്പ് മനസ്സിലാക്കിയ ജ്വല്ലറി ഉടമ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷൗക്കത്തലി സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു. നേരത്തെ കാസര്‍കോട് എമറാള്‍ഡ് ജ്വല്ലറിയില്‍ നിന്നും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: