‘ഭയങ്കരാകാര! സനാതന! സദാ ജയിക്ക നീ ശാന്തിപരായണ! ജയ! സര്വാഗമാതീത നീ ജയിക്ക! സദാ ജയിക്ക നീ സര്വാഗമാസ്പദാ! ജയ, ജാത സദാപ്യജാത! ജയക്ഷത, നന്നായി ജയാക്ഷത! ജയ ഭാവ, സദാഭാവ! ജയ ജയ സച്ചിന്മയ!’ ഇങ്ങനെ പ്രഹ്ലാദന് നിരൂപിച്ചു നിര്വികല്പസമാധിയില് വാണു. അങ്ങനെ അയ്യായിരം സംവത്സരം ചിത്രത്തിലെന്നപോലെ മരുവി. അപ്പോള്‍ ജഗന്നിവാസന്‍ മാധവന്, ജയത്രയാംബുപ്രഭാകരന് ദേവന് തന്റെ ഉള്ളില്‍ ഇങ്ങനെ വിചാരിച്ചു- ബുദ്ധിമാനായ അസ്സുരപ്രവരന് പ്രഹ്ലാദന് പദവിശ്രാന്തനായി ഭവിച്ചതുമൂലം ഭൂമി അരാജകമായി, സാമാന്യം അസുരഹീനമായി ഈ സ്വര്‍ഗം മാറി. അസുരന്മാരുടെ അഭാവത്തില്‍ സ്വര്ഗ്ഗവാസികള്ക്ക് ജയിക്കണമെന്നു ആഗ്രഹമില്ലാതെയായി. രണ്ടുപക്ഷമില്ലെന്ന ചിന്തയാല്‍ ഇനി ദേവന്മാരൊക്കെയും അപവര്ഗ്ഗാ(ദുഃഖാദികളുടെ വര്‍ജ്ജനം)ഖ്യമാകുന്ന പദത്തെ പ്രാപിക്കും. ദേവഗണം ശാന്തരായിത്തീരില് ഭൂമിയില്‍ യാഗം തപസ്സിത്യാദികള് ഫലങ്ങളില്ലാതായ് ഭവിച്ചു. സര്‍വവും വിലയം പ്രാപിക്കുമെന്നതില്‍ സംശയമില്ല. ഇവകളില്ലാതെയായാല്‍ ലോകം നശിക്കും. ലോകമാകെ നശിച്ചാല്‍ ഭവമില്ലാതെയായി ഭവിച്ചീടും. ചന്ദ്രന്, സൂര്യന്, നക്ഷത്രജാലം എന്നിവയെല്ലാം നശിച്ച് അവസാനം ഞാനും നശിച്ചീടും. ആമോദത്തോടെ മനഃപ്രശാന്തിയെ ഭജിച്ച് തത്പദത്തില്‍ സ്ഥിതയെ പ്രാപിക്കും. ഇപ്രകാരം പ്രളയം അകാലത്തില്‍ വന്നാല്‍ നന്നല്ല. ദൈത്യന്മാര് ജീവിച്ചിരിക്കട്ടെ. അസുരശ്രമമുണ്ടാവുകില് ത്രിദശന്മാരുണ്ടാകും, സംസാരം എപ്പോഴും നിലനില്ക്കും. ഇക്കാര്യത്തില്‍ അല്പംപോലും സന്ദേഹമില്ല. മറിച്ചായീടില് ലോകം നശിക്കും. പ്രളയം വന്നീടുന്നതുവരെ ഈ പ്രഹ്ലാദന് മരുവുകവേണം. ചിന്തിച്ചാല്‍ പരമേശ്വരനിയതി ഈ വിധത്തിലാകുന്നു. ഈവണ്ണം ചിന്തിച്ച് വരദനായ അസുരപ്രവരന്റെ അടുക്കല്‍ച്ചെന്ന് കമലാക്ഷന്‍, ഗരുഡവാഹനന്‍, ‘മഹാത്മന്, കണ്ണുകള്‍ തുറന്നു നോക്കുക’എന്നു പറയവെ ദിക്കെട്ടും മുഴങ്ങീടുംവണ്ണം മുരാന്തകന്‍ ശംഖമെടുത്തൂതി. അസുരനായകന്‍ മഹത്തായുള്ള ആ ശബ്ദംകേട്ട് മന്ദം മന്ദം ഉണര്‍ന്നു.
അനന്തരം പ്രാണശക്തി ബ്രഹ്മരന്ധ്രത്തില്‍നിന്ന് ഉത്ഥിത(എഴുന്നേറ്റ)യായി മെല്ലെ നാഡികളാലെങ്ങും വഴിപോലെ ദൈത്യവരനെ പ്രാപിച്ചു. നവദ്വാരങ്ങളില്‍ പ്രാണങ്ങള്‍ അതിയായി പ്രവൃത്തങ്ങളായി ഭവിച്ചതുനേരം അവന്റെ ചിത്ത് ഉള്പ്രാണനാകും ദര്‍പ്പണത്തില്‍ നിഴലിച്ച വിഷയത്തെ നോക്കി. കണ്ണാടിയില്‍ നന്നായി പ്രതിഫലിച്ച മുഖശ്രീ രണ്ടായിത്തീരുന്നതുപോലെ രാമ! ധരിക്ക, ചിത്തായത് ഉടനെ മാനസസ്വഭാവമാര്ന്നു. കുറച്ചു ചിത്തം അങ്കുരിച്ചതുനേരം കരിങ്കുവലയം പോലെ നല്ലവണ്ണം ശോഭിക്കുന്ന അവന്റെ നേത്രങ്ങള്‍ മെല്ലെ വികസനോന്മുഖമായി. ആ ദാനവപ്രവരന്റെ നാഡീവലയങ്ങളില് നന്നായി ചൈതന്യം നിറഞ്ഞു. ഉടനെ പ്രാണനും അപാനനും ഏറ്റവും ഭംഗിയായി എങ്ങുമേ ഓടിത്തുടങ്ങി. താമര നല്ല കാറ്റത്തിളകുംവണ്ണം പ്രഹ്ലാദനു ചലനമുണ്ടായി. ഒരു നിമിഷത്തിനുള്ളില്‍ മനസ്സ് പീവരതയെ (തടിച്ച, കൊഴുത്ത) പ്രാപിച്ചു. മിഴി, മനം, പ്രാണന്, വപുസ്സ് ഇവയെല്ലാം നല്ലവണ്ണം പ്രകാശമാര്‍ന്നു. നേത്രങ്ങള്‍ തുറന്നു, മനസ്സുളവായി, വലിയ ഓര്‍മ്മ ഭവിച്ചു. അപ്പോള്‍ വരദന് ഇന്ദിരാരമണന്‍ ദൈതേയവരനോട് ഇങ്ങനെ അരുള്‍ചെയ്തു- നിനക്കുള്ള സമ്പത്തും സ്വരൂപവും നീ നന്നായി സ്മരിക്കുക. നീ അകാലത്തില്‍ത്തന്നെ ശരീരത്തെ കളയുവാനായി തുനിയുന്നതെന്താണ്? വെടിയുക, കൈക്കൊണ്ടീടുക എന്നതായീടുന്ന സങ്കല്പവിഹീനനായ നിന്റെ ശരീരത്തില്‍ കടന്നിരിക്കുന്ന ഭാവാഭാവങ്ങളാല് എന്തനര്‍ത്ഥം ഉളവായിടുന്നു? നീ എപ്പോഴും ജീവന്മുക്തപദത്തില് വാഴുക. സന്തോഷവാനായി സമാധിവിട്ട് എഴുനേറ്റീടുക. മുക്തനായി വസിച്ചീടുന്ന നീ ഗതഭയം രാജ്യം ഭരിച്ചുകൊണ്ട് ഇനി പ്രളയകാലം വന്നീടും വരെ ഈ ശരീരത്തോടെ ഇരുന്നകൊള്ളുക. ഇപ്പോള്‍ ദ്വാദശാ(പന്ത്രണ്ട്)ദിത്യന്മാര്‍ ഒന്നായിട്ടുദിച്ചില്ല, പര്‍വതങ്ങളൊന്നും നശിച്ചില്ല, ജഗത്ത് തീകത്തിയില്ല, സാധോ! നീ വൃഥാ എന്തിനു ശരീരത്തെക്കളയുന്നു? ഞാനേറ്റവും കൃശന്‍, വ്യസനമുള്ളവന്‍, ഇങ്ങുള്ളില് അശ്ശേഷം അറിവില്ലെന്നെല്ലാം നിരൂപിച്ച് ഏറ്റവും ഉള്ളുരുകീടുന്നവന് മരിപ്പത് ഏറ്റവും അഴകായീടുന്നു. ഏവന് അഹങ്കാരരഹിതനാകുന്നു, ഏവന്റെ ബുദ്ധിയെ ഒന്നും സ്പര്‍ശിക്കുന്നില്ല, ഏവന് എല്ലാവരിലും സമനായി മേവുന്നിതു, അവന്റെ ജീവിതം അഴകായിടുന്നു. വളരുന്ന രാഗവും കഠിനമായ ദ്വേഷവും കളഞ്ഞ് ഉളളം കുളിര്‍ത്ത ബുദ്ധിയോടും ഏവന് സകലവും സാക്ഷിപോലെ കണ്ടീടുന്നു അവന്റെ ജീവിതം അഴകായിടുന്നു. വഴിപോലൊക്കെയും അറിഞ്ഞു മാനസ്സം നല്ലവണ്ണം ചിത്തലയസ്ഥാനത്തിങ്കല് ഏവനാല് നന്നായി അര്പ്പിതമായീടുന്നു അവന്റെ ജീവിതം അഴകായീടുന്നു. ഗ്രഹിക്കുന്നവനും ഗ്രാഹ്യവും തമ്മിലുള്ള സംബന്ധം നശിച്ചുപോയീടുന്ന സമയത്തില്‍ ഉദിക്കുന്ന ശാന്തിസ്ഥിതിയെ പ്രാപിച്ചാല്‍ അതിനെ മോക്ഷമെന്നു പറയുന്നു. ദിതിസുതേശ്വര! സാധോ! ആമോദത്തോടെ നീ സിംഹാസനത്തെ ആശ്രയിച്ചാലും. അതിഗുണവാനാകുന്ന നിനക്ക് ഞാന്‍തന്നെ ഭംഗിയായി അഭിഷേകം ചെയ്യുന്നു. എന്റെ ശംഖധ്വാനം കേട്ട് ദേവന്മാര്‍വന്ന് നിനക്കു മംഗളം ചെയ്യട്ടെ. ശ്രീഭഗവാന്‍ പ്രഹ്ലാദനെ അനന്തരം ശുഭം വളര്ത്തിടുന്ന തീര്‍ത്ഥംകൊണ്ട് അഭിഷേകംചെയ്തിട്ടു പറഞ്ഞു – ‘സുമേരുശൈലവും ഭൂമിയും സൂര്യചന്ദ്രന്മാരും ഇരിക്കുന്ന കാലം വരേയ്ക്കും നീ സുകീര്ത്തിമാനായി രാജ്യം ഭരിച്ചു വാഴുക.’ എന്നു മുരാന്തകന്‍ പറഞ്ഞയുടനെ സുരഗണത്തോടൊപ്പം മറഞ്ഞു.
മുനീന്ദ്രന് ഇത്തരം പറഞ്ഞപ്പോള്‍ രാമന് വിനയപൂര്‍വം ഈവണ്ണം ചോദിച്ചു, ‘പരപദത്തിങ്കല് പരിണതമായിട്ടിരിക്കുന്ന ദാനവവരന്റെ മാനസം മുനേ! പുരന്ദരാനുജന്റെ നല്ശംഖദ്ധ്വനികൊണ്ട് എങ്ങനെയാണ് ഉണര്‍ന്നത്?’ സരസമായി അതിനുത്തരം മുനീന്ദ്രന് സരസിജാക്ഷനോട് ഉരചെയ്തു -‘ധരാതലത്തിങ്കല്‍ സദാപി മുക്തനായി ശരീരംപോകാതെ വസിപ്പവന്റെ മനക്കുരുന്നിങ്കല്‍ വറുത്ത വിത്തുപോല്‍ പുനര്ജ്ജന്മാങ്കുരവിവര്ജ്ജിത(ഒഴിച്ചുവിട്ട)യായ, വിമലയായ വാസന വസിച്ചീടുന്നത് ഉള്‍ക്കമലത്തില്‍ നന്നായി ധരിക്ക രാഘവ! പരുശുദ്ധാ, സത്വഗുണാനുവര്ത്തിനീ, പരമാത്മധ്യാനാത്മികാ, അധികോല്ക്കൃഷ്ടാ, സുഷുപ്തസ്ഥാപോലെ സ്ഥിതിചെയ്തീടുന്നു അതെന്നറിക നീ. ഒരായിരം സംവത്സരം കഴികിലും ശരീരം പോയിടാതിരിക്കുന്ന കാലം അകക്കാമ്പില്‍ ഉണ്ടാകുന്ന ആ വാസന സുകീര്‍ത്തേ! വല്ലകാരണംകൊണ്ട് മെല്ലേ പ്രവൃദ്ധമായിത്തീര്ന്നിട്ടുണരുന്നു ശ്രീരാമചന്ദ്ര!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: