പാറശ്ശാല: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പോലീസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം. പ്രതി അജ്ഞാതനെന്ന് പാറശ്ശാല പോലീസ് രേഖപ്പെടുത്തിയ എഫ്ഐആറില്‍. അമരവിള എല്‍എംഎസ്എച്ച്എസ് സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥി ഞാറക്കാല സ്വദേശിയായ ബിജോയ് രാജിന് ആണ് മര്‍ദ്ദനമേറ്റത്. അമരവിള സ്കൂള്‍ ഗ്രൗണ്ടില്‍ ടെന്റ് കെട്ടാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ ഫുട്ബോള്‍ കളിക്കുകയായിരുന്ന സംഘത്തില്‍പ്പെട്ട പോലീസുകാരന് മര്‍ദ്ദിച്ചെന്നാണ് പരാതി.
സ്കൂളിലെ കായിക മത്സരങ്ങളുടെ ഭാഗമായി പി.ടി അധ്യാപകന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച രാവിലെ ടെന്റ് കെട്ടാന്‍ ഗ്രൗണ്ടില്‍ എത്തിയത്. ഫുട്ബോള്‍ കളിക്കുകയായിരുന്ന സംഘത്തില്‍പ്പെട്ട പ്രദേശവാസിയായ പോലീസുകാരന് ടെന്റ് കെട്ടാന്‍ അനുവദിക്കാതെ വിദ്യാര്‍ഥികളെ വിരട്ടി ഓടിച്ചെന്ന് പരാതിയില്‍ പറയുന്നു. കളി കഴിയാന്‍ ഗ്രൗണ്ടിന് സമീപം കാത്തുനിന്ന ബിജോയിയുടെ അടുത്തേക്ക് എത്തിയ പോലീസുകാരന് നീ പോയില്ലെടാ എന്ന് ആക്രോശിച്ചു കൊണ്ട് അസഭ്യം പറയുകയും ഷര്‍ട്ടില്‍ പിടിച്ച് അടുത്തേക്ക് വലിച്ചു മുതുകില്‍ ഇടിച്ച ശേഷം ബൈക്കുകള്‍ക്ക് പുറത്തേക്ക് തള്ളിയിടുകയും ചെയ്തെന്നാണ് പരാതി.
ബിജോയിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച സഹപാഠികളെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. വിദ്യാര്‍ഥിയുടെ പരാതി പ്രിന്‍സിപ്പല്‍ പാറശ്ശാല പോലീസിന് കൈമാറിയെങ്കിലും കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് പാറശാല പോലീസിന് നല്കിയ പരാതിയില്‍ പ്രതിയുടെ പേര് സഹിതം കൊടുത്തെങ്കിലുംഎഫ്ഐആറില് അജ്ഞാതന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: