അമ്പലപ്പുഴ: ഗണപതി ഭഗവാനെ അപമാനിച്ച എ. എന്‍.ഷംസീറിനെതിരെ വ്യാസമഹാസഭയുടെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ നാളികേരം ഉടച്ച് പ്രതിഷേധിച്ചു.പെരുമ്പള്ളി ലക്ഷ്മീ വിനായക ക്ഷേത്രം ,കള്ളിക്കാട് മാമ്പൂത്തൈ ക്ഷേത്രം ,തുമ്പോളി തീര്‍ത്ഥശ്ശേരി ക്ഷേത്രം ,നീര്‍ക്കുന്നം കളപ്പുരയ്ക്കല്‍ ക്ഷേത്രം, പറമ്പില്‍ ശ്രീ ഭഗവതി ക്ഷേത്രം ,വെളിയില്‍ കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം ,മുരുക്കുവേലി ക്ഷേത്രം ,ആനന്ദേശ്വരം ശിവക്ഷേത്രം ,കാവാലം പള്ളിയറക്കാവ് ദേവിക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലാണ് വ്യാസമഹാസഭയുടെ നേതൃത്വത്തില്‍ നാളികേരം ഉടച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.
വൈകിട്ട് പുറക്കാട് പുത്തന്‍ നട ക്ഷേത്രത്തില്‍ നാളികേരം ഉടച്ചു കൊണ്ട് നടന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ഡി. രാമകൃഷ്ണന് ഉത്ഘാടനം ചെയ്തു.ലോകോത്തരമായ മഹാഭാരതം എഴുതുവാന്‍ വ്യാസ ദേവന് തയാറായ സമയത്ത് എഴുതിക്കൊടുക്കുവാന്‍ ഒരാളു വേണമെന്നും ബ്രഹ്മാവിന്റെ നിയോഗത്താല്‍ നാലു വര്‍ഷം കൊണ്ട് എഴുതി കൊടുത്ത മഹാനുഭാവനാണ് ഭഗവാന് ഗണപതി ഭഗവാനെന്നും എല്ലാ വിഘ്നങ്ങളും നീക്കുവാന്‍ ലോകം മുഴുവനും ഗണേശനെ മാത്രമാണ് ആരാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവന് ശാന്തി അദ്ധ്യക്ഷനായി. പുത്തന്‍ നടക്ഷേത്രം പ്രസിഡന്റ് പ്രദീപ് തോപ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ജി .പരമേശ്വരന് തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് മന്മഥന് നീര്‍ക്കുന്നം സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: