സി. പി. രവീന്ദ്രന്, നെടുംകുന്നം
സനാതനധര്‍മത്തിലെ സവിശേഷമായ ദേവതാ സങ്കല്പത്തില് പ്രഥമഗണനീയനാണ് വിഘ്നേശ്വരനായ ഗണപതി. ഈ മൂര്‍ത്തീരൂപത്തെ ലോകാരാധ്യതയ്ക്ക് പാത്രീഭൂതമാക്കിയത് രൂപകല്പനയിലെ പ്രതീകാത്മകതയാണ്. ഭൗതികവാദികളും അല്പജ്ഞാനികളും ഗണേശനെ കാണുന്നത് ആനത്തലയനും കുടവയറനും ആളില്‍ കുറിയവനും നരശരീരിയുമായിട്ടാണ്. ആ രൂപത്തിനപ്പുറം കാണാന്‍ കഴിയാത്തവര്‍ക്ക് ഏറെ വിമര്‍ശിക്കാന്‍ പറ്റിയ ഉപാധി സ്വരൂപമാണ് ഗണപതിയുടേത്.
ഭാരതത്തിലുടനീളവും ഭാരതത്തിനു പുറത്ത് ഇന്തോനേഷ്യ, ടിബറ്റ്, ചൈന, ജപ്പാന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലും കൂടാതെ അമേരിക്ക, ആസ്ത്രേലിയ എന്നീ വിദൂരരാജ്യങ്ങളിലും ഗണപതി ആരാധിക്കപ്പെടുന്നത് ആ ദേവതാസങ്കല്പത്തിന്റെ സവിശേഷതകൊണ്ടാണ്. ക്രിസ്തുവിനും അനേകം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബാങ്കോക്കിലെ ഹൈന്ദവ ദേവാലയത്തില്‍ ഒരു കൈയ്യില്‍ ഗ്രന്ഥവും മറുകൈയ്യില്‍ എഴുത്താണിയുമായിരിക്കുന്ന ഗണേശവിഗ്രഹം ഉണ്ടായിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു.
ഏകദൈവവിശ്വാസവും ബഹുരൂപാരാധനയും ഹിന്ദുമതത്തിന്റെ സവിശേഷതയാണ്. ഹിന്ദുമത വിശ്വാസപ്രകാരം ഈശ്വരന് സ്വര്‍ഗസ്ഥനോ, മരിച്ചെത്തുന്നവരുടെ അഭയകേന്ദ്രമോ, അല്ല. മറിച്ച് സര്‍വചരാചരങ്ങളിലും അദൃശ്യമായിരിക്കുന്ന ശക്തി തന്നെയാണ്. വിഘടിക്കപ്പെട്ട ആറ്റത്തിലെ അത്ഭുതകരമായ കണ്ടെത്തലിനെ വിശദീകരിക്കുവാന്‍ ശാസ്ത്രലോകം ആശ്രയിച്ചതു നടരാജനൃത്തത്തെയാണ്.
ആഗ്രഹിക്കുന്നതേ തേടുന്നവര്‍ക്ക് കണ്ടെത്താനാവൂ. ഈശ്വരനെ ആശ്രയിക്കുന്നവരുടെ മാനസിക, ബൗദ്ധികതലത്തിനനുസരിച്ചുള്ള മാര്‍ഗങ്ങള്‍ പൂര്‍വസൂരികളായ ആചാര്യന്മാര് നിര്‍ദേശിച്ചിട്ടുണ്ട്. ഒരേ ധാന്യം കൊണ്ട് വ്യത്യസ്ത രൂപത്തിലും രുചിയിലും ആഹാരം പാകം ചെയ്യുന്നത് രുചിഭേദമനുസരിച്ച് ഉപയോഗിക്കുന്നതിനാണ്. എല്ലാം വിശപ്പടക്കുകയാണ് ചെയ്യുന്നതെന്നും ഒരേ ധാന്യം തന്നെയാണ് ഉപയോഗിച്ചതെന്നും വിവേകികള്‍ തിരിച്ചറിയുന്നു.
സാധാരണക്കാരായ ജനങ്ങളെ ഭക്തിമാര്ഗത്തിലെത്തിക്കുന്നതിന്, സംഗീതവും സാഹിത്യവും ആട്ടവും തുടങ്ങി കലാസാഹിത്യാദികളും ദേവതാരൂപങ്ങളും സംജാതമാക്കപ്പെട്ടു.
ചിന്മയനും അദ്വിതീയനും നിര്‍ഗുണ നിരാകാരനുമായ പരബ്രഹ്മത്തിന് രൂപകല്പനയെന്നത് എളുപ്പമായ ഒന്നല്ല. ഒരു വസ്തുവിനെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിന്റെ രൂപമാണ് മനസ്സില്‍ വരിക. ഈ രൂപസങ്കല്പത്തിലൂടെ മാത്രമേ വസ്തുവിനെ അറിയാന്‍ കഴിയൂ. പ്രതീകങ്ങളില്‍ സങ്കല്പങ്ങള് എന്ന ആശയം മതങ്ങള്‍ മാത്രമല്ല, രാഷ്ട്രീയപാര്‍ട്ടികളും പിന്തുടരുന്ന ഒന്നാണ്. സ്മൃതി ദിനങ്ങളില്‍ പ്രതീകങ്ങളും ചിത്രങ്ങളും വച്ച് പുഷ്പാര്‍ച്ചന നടത്തുന്നവരുണ്ട്.
മനുഷ്യന്റെ വിവിധങ്ങളായ ആഗ്രഹങ്ങള്ക്കനുരൂപമായ ദേവതാ സങ്കല്പം സനാതന ധര്‍മത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ വിഘ്നേശ്വരനായ ഗണപതിയും ഐശ്വര്യദേവതയായ ലക്ഷ്മിയും വിദ്യാദേവതയായ സരസ്വതിയും മറ്റു നിരവധി പ്രതീകങ്ങളും ആരാധനാ വിധേയമായി നിലവില്‍ വന്നു. ഇവയെ വേണ്ടവിധം ഗ്രഹിക്കാന്‍ കഴിയാത്ത അല്പബുദ്ധികള്ക്ക് വികലമായ കാഴ്ചപ്പാടുണ്ടാവുകയും സാധാരണമാണ്.
സ്ഥൂലശരീരവും ഷഡാധാരവും ഇഡാ, പിംഗളാനാഡികളും സുഷുമ്നയുമൊക്കെ സാമാന്യമായി മനസ്സിലാകുന്ന ഒരാള്‍ക്കേ, കുണ്ഡലിനീ ശക്തിയുടെ സജീവവും സമൂര്‍ത്തവും ചൈതന്യവത്തുമായ ഗണപതി സങ്കല്പം അര്‍ത്ഥവത്തായി ഗ്രഹിക്കാന്‍ കഴിയൂ. കുണ്ഡലിനീ ശക്തി, അഥവാ ജീവശക്തി മൂന്നരച്ചുറ്റായി, ഗുദമേഡ്രാന്തരാളസ്ഥിതമായിരിക്കുന്ന ശ്രോണീദേശമാണ് കലാപരമായി ആനത്തലയായി ചിത്രീരിക്കപ്പെട്ടിരിക്കുന്നത്. നിരവധി കശേരുക്കള് ചേര്‍ന്നിരിക്കുന്ന നട്ടെല്ലിനുള്ളിലായി സുഷുമ്നാനാഡിയുമുണ്ട്. ഇതത്രേ തുമ്പിക്കൈയ്യായി സങ്കല്പിച്ചിരിക്കുന്നത്. സദാചലനാത്മകമായിരിക്കുന്ന മനസ്സിന്റെ രണ്ടു മണ്ഡലങ്ങള്‍ (ബോധമണ്ഡലവും അബോധമണ്ഡലവും) ഗജകര്ണങ്ങളാണ്. തൃഷ്ണാവിജ്രംഭിതമായിരിക്കുന്ന കര്‍മവാസനകള്‍ ഒരിക്കലും മതിയാവാതെ വരുന്ന കുംഭോദരം. ആനത്തലയോടു കൂടിയ ഉടലിനെ വഹിക്കുന്നതാവട്ടെ കേവലം ചെറുതായ എലിയാണ്. സാമാന്യബുദ്ധിക്കു നിരക്കാത്ത ഈ സങ്കല്പം എങ്ങനെ അര്‍ത്ഥവത്താകുന്നു എന്നെങ്കിലും ആരായേണ്ടതല്ലേ? സ്ഥാനത്തും അസ്ഥാനത്തും ഓടി നടന്ന് ഭോഗാനുഭവം നേടുന്ന ഉപസ്ഥമാണ് എലിയിലെ സങ്കല്പം. അല്പം കൂടി വിപു
ലമായ അര്‍ത്ഥത്തില്‍ ഓരോ ശരീരത്തിനുള്ളിലുമിരുന്ന് വസ്തുക്കളെ ഒളിച്ചിരുന്നു കരളുന്ന എലിയെപ്പോലെ പ്രപഞ്ചാനുഭവങ്ങളെ ഭുജിക്കുന്ന യഥാര്‍ഥ ഭോക്താവ്, സര്‍വവ്യാപിയായ ബ്രഹ്മം അഥവാ ഈശ്വരനാണ്. അഭോക്താവാണ് (എലി) ബ്രഹ്മസ്വരൂപമായിരിക്കുന്ന ഗണപതിയെ വഹിക്കുന്നത്. പ്രളയകാലത്ത് ബ്രഹ്മാണ്ഡങ്ങളെയെല്ലാം തന്നിലേക്കാക്കുന്നതിനാല് ഗണേശന് ലംബോധരനുമായി. സകലമോഹങ്ങളേയും ഹനിച്ച് വിരക്തനായതിനാല്‍ ഗണേശന് വക്രതുണ്ഡനുമായി. കൈയ്യില്‍ പാശം, അങ്കുശം, എഴുത്താണി (കൊമ്പ്) മോദകം ഇവ കൈകളിലുണ്ട്. ഇവയെല്ലാം ഓരോരോ സങ്കല്പങ്ങള്ക്കു വിധേയമാണ്. ചുരുക്കത്തില്‍ അംഗപ്രത്യംഗസങ്കല്പങ്ങളാടു കൂടിയ ഈ മൂര്‍ത്തീരൂപം നിര്‍ഗുണ നിരാകാരമായിരിക്കുന്ന പരബ്രഹ്മത്തിന്റെ സകല വിശേഷങ്ങളും ചേര്‍ത്ത് സഗുണ സാകാരമായ മൂര്‍ത്തീ സങ്കല്പമാണ്.
നരഗജരൂപിയാണ് ഗണേശന്. അവയവ മാറ്റ ശക്തക്രിയ ആദ്യം നടത്തിയത് ഗണപതിയിലാണോ എന്ന പരിഹാസചോദ്യമുയര്ത്തുന്നവര് ഗണേശസങ്കല്പത്തിന്റെ താത്ത്വികാര്‍ത്ഥം മനസ്സിലാക്കാതെ സ്വയം അവഹേളിതരാവുകയാണ്.
ഗണേശന് പ്രണവസ്വരൂപനാണ്. ദേവനാഗരി ലിപിയില്‍ പ്രണവാക്ഷരം കലാപരമായി ചിത്രീകരിച്ചാല്‍ ഗണേശരൂപം വ്യക്തമാകും. തത്ത്വമസി എന്ന മഹാവാക്യത്തിലെ പരമാത്മാ ജീവാത്മാ സമ്മേളനമാണ് ഗണപതിരൂപസങ്കല്പത്തിന് ആധാരം.
ഗജ (ആന) ശബ്ദത്തെ വിശകലനം ചെയ്യുമ്പോള്‍ ഈ ജഗത്തുള്പ്പെടെ അവസാനം സകലതും യാതൊന്നിലേക്കാണോ ഗമിക്കുന്നത് (പ്രളയകാലത്ത്), സൃഷ്ടിപ്രക്രിയയില്‍ യാതൊന്നില്‍ നിന്നാണോ ‘ജ’നിക്കുന്നത് അത് ഗജം. പരമമായ ഈശ്വരസങ്കല്പം. ഇതിനപ്പുറത്തേക്ക് ഒരു രൂപസങ്കല്പം നിര്ഗുണനിരാകാമായിരിക്കുന്ന പരബ്രഹ്മത്തിനു നല്കാനായില്ലെന്നതിനാല് ശാസ്ത്രലോകവും ഗണപതി സങ്കല്പത്തെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ലോകത്തില്‍ ഏറെ പ്രചാരമുള്ളത് ഗണേശ വിഗ്രഹത്തിനും ചിത്രത്തിനുമാണ്. വിവിധങ്ങളായ എത്രയോ ചിത്രങ്ങളാണ് അനുദിനമെന്നോണം ഈ ദേവന്റേതായി പ്രചാരത്തിലെത്തിപ്പെടുന്നത്. മോക്ഷമാര്‍ഗത്തില്‍ കുണ്ഡലിനീശക്തിയുടെ ഉണര്വിന് അനുഗുണമായ രീതിയിലാണ് ഗണേശനെ വണങ്ങുന്നത്. ഗണപതിഹോമത്തിന്റെ ശാസ്ത്രീയതയും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: