എസ്.കെ.
ക്ഷണികവും അനിശ്ചിചിതവുമായ ജീവിതം സഫലമാക്കാനുള്ള ഏകമാര്‍ഗം സമയം പാഴാക്കാതിരിക്കലാണ്. സ്വന്തം കര്‍മങ്ങള്‍ അര്‍പ്പണബോധത്തോടെ ചെയ്യുന്നവര്‍ക്ക് വ്യക്തതാബോധം ഉണ്ടാവുകയില്ല.
‘കര്‍മങ്ങള്‍ സംഗങ്ങളൊന്നിലും കൂടാതെ
കര്‍മഫലങ്ങളില്‍ കാംക്ഷയും കൂടാതെ
കര്‍മങ്ങളെല്ലാം വിധിച്ചവണ്ണം പര-
ബ്രഹ്മണി നിത്യേസമര്പ്പിച്ചു ചെയ്യണം’
ഇങ്ങനെ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക്, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നവര്‍ക്ക് ആത്മസംതൃപ്തി ലഭിക്കും. ഏതു തൊഴില്‍ ചെയ്യുന്നവരും ഈ വരികളുടെ സാരം ഗ്രഹിച്ചിരിക്കേണ്ടതാണ്. ലഭ്യമായ സമയം ഫലപ്രദമായി ചെലവഴിക്കുന്നവര്‍ക്ക് ഒരു നിമിഷം പോലും പാഴാക്കാനുണ്ടാവുകയില്ല.
‘കിംക്ഷണന്മാര്‍ക്കു വിദ്യയുണ്ടാകയില്ലയല്ലോ’ എന്ന് രാമായണത്തിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. ക്ഷണനേരം സാരമില്ലെന്ന് വിചാരിക്കുന്നവരാണ് കിംക്ഷണന്മാര്. വിദ്യ എന്നാല്‍ എങ്ങനെ ജീവിക്കണമെന്ന അറിവുകൂടിയാണ്. ജീവിതജ്ഞാനം ലഭിച്ചവര്‍ക്ക് ഓരോ നിമിഷവും വിലപ്പെട്ടതാണ്. അവര്‍ ജോലിക്കും വിനോദത്തിനും വിശ്രമത്തിനും സാമൂഹിക സേവനത്തിനുമെല്ലാം സമയം കണ്ടെത്തുന്നു. ആലസ്യവും ആശങ്കയും സംശയവുമുള്ളവര് എല്ലാം നീട്ടി വെക്കുന്നു. അവര്‍ക്ക് ഒന്നിനും സമയം തികയുകയില്ല. കുടുംബത്തില്‍ ഇത്തരക്കാരുണ്ടായാല് മറ്റുള്ളവര്‍ക്കും ക്ലേശങ്ങളുണ്ടാകും.
‘ബാലകന്മാരേ! പോക മിഥിലാപുരിക്കു നാം
കാലവും വൃഥാകളഞ്ഞീടുകയരുതല്ലോ’
ഇങ്ങനെ പല സന്ദര്‍ഭങ്ങളിലും സമയത്തിന്റെ വില രാമായണകര്‍ത്താവ് നമ്മെ ഒാര്‍മ്മിപ്പിക്കുന്നുണ്ട്. സമയക്രമം പാലിച്ച് കാര്യങ്ങള്‍ ചെയ്യുന്ന ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
സമയം പോലെ വിലപ്പെട്ടതാണ് ധനവും. കിങ്കണന്മാര്ക്ക് (ധനത്തിന്റെ ചെറിയ അംശങ്ങളെ നിസ്സാരമാക്കിത്തള്ളുന്നവര്ക്ക്) ധനമുണ്ടാവുകയില്ല. സാമ്പത്തിക അച്ചടക്കത്തിന്റെ ബാലപാഠമാണിത്. ഒരു പൈസപോലും നിസ്സാരമാക്കിക്കാണരുത്. ധനത്തിന്റെ പ്രാധാന്യമറിഞ്ഞ്, ധൂര്‍ത്തും പിശുക്കും ഒഴിവാക്കി, മിതവ്യയം ശീലിച്ചാലേ സാമ്പത്തിക ഭദ്രത ഉണ്ടാകൂ. ധനത്തിന്റെ ദുര്‍വിനിയോഗവും പാഴാക്കല്‍ തന്നെ. അത് സാമ്പത്തിക ഭദ്രത മാത്രമല്ല, കുടുംബഭദ്രതയും തകര്‍ക്കും.
‘’കിമൃണന്മാര്‍ക്കു നിത്യസൗഖ്യവുമുണ്ടായ് വരാ’. കടം സാരമില്ലെന്നു വിചാരിക്കുന്നവരാണ് കിമൃണന്മാര്. അവര്‍ക്ക് ഒരിക്കലും സ്വസ്ഥത ലഭിക്കില്ല. കടം കഴിയുമെങ്കില്‍ ഒഴിവാക്കാനും എടുക്കേണ്ടി വന്നാല്‍ വീട്ടാനും ഒരാരോ കുടുംബവും ശ്രദ്ധിച്ചേ മതിയാകൂ. അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്കും കടം വാങ്ങിക്കൂട്ടി, വീട്ടാന്‍ കഴിയാതെ സദാ അസ്വസ്ഥചിത്തരായി കഴിയുന്ന വിലിയൊരു വിഭാഗം നമുക്കു ചുറ്റുമുണ്ട്. ആഢംബരങ്ങള്‍ക്കു വേണ്ടി കടം വാങ്ങുന്നവരാണ് ഇവരില്‍ പലരും. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴികാണാതെ, ഒട്ടേറെപ്പേര്‍ ജീവനൊടുക്കുന്നു. മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ സാധാരണമാണ്.
ധനത്തെയും കടത്തെയും കുറിച്ചുള്ള ഈ തത്വങ്ങള്‍ കുടുംബങ്ങള്ക്കെന്നപോലെ ഭരണകൂടങ്ങള്‍ക്കും ബാധകമാണ്. ഭരണാധികാരികള്‍ നാടിനെ കടക്കെണിയിലാക്കിയാല്‍ അതിന്റെ ദുരിതം ജനങ്ങളും അനുഭവിക്കേണ്ടി വരും.
പണം ദുര്‍വിനിയോഗം ചെയ്യുമ്പോഴും കടമെടുക്കാന്‍ ആലോചിക്കുമ്പോഴും രാമായണത്തിലെ ഈ പരാമര്‍ശങ്ങള്‍ ഓര്‍ക്കുന്നതു നന്ന്. കുടുംബജീവിതത്തിന്റെ സ്വസ്ഥതയും ഭദ്രതയും ഈ രണ്ടു കാര്യങ്ങളില്‍ നാം എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: