വിജയ് സി. എച്ച്
9048938222
തെന്നിന്ത്യന്‍ തീര്‍ത്ഥാടനങ്ങളും കാശിയാത്രയും കുടുംബസമേതം പൂര്‍ത്തിയാക്കിയപ്പോള്‍, മോക്ഷം തേടിയുള്ള തുടര്‍സഞ്ചാരങ്ങള്‍ തനിച്ചാകട്ടെയെന്ന് കൊല്ലം മാടന്നട സ്വദേശിനി ദുര്‍ഗ സുപ്പി കരുതി. നാലു വയസ്സുള്ള പുത്രി ശിവയെയും, പുത്രന്മാരായ രുദ്രദേവിനെയും (9) അമൃതേഷിനെയും (14) തന്റെ മാതാപിതാക്കളെ ഏല്പിച്ചാണ് ഹരിദ്വാര്‍-ഋഷികേശ്-ഗംഗോത്രി-യമുനോത്രി-കേദാര്‍നാഥ്-ബദരിനാഥ് യാത്രയ്ക്ക് ശിവഭക്തയായ ദുര്‍ഗ ഭവനം വിട്ടിറങ്ങിയത്.
ദുര്‍ഗയെ കേള്‍ക്കുകയെന്നാല്‍ യാത്രികയോടൊപ്പം തീര്‍ത്ഥയാത്ര ചെയ്യുന്നതിനു തുല്യം…
ഹരിദ്വാര്‍
തനിച്ചുള്ള സഞ്ചാരങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതം ട്രെയിന്‍ യാത്രകളാണ്. കൊല്ലത്തു നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ എത്തിയതും അങ്ങനെയായിരുന്നു. ഹിമാലയ ഗര്‍ഭത്തിലേക്കുള്ള ആദ്യ പടി ഹരിദ്വാര്‍ തീര്‍ത്ഥാടനമാണെന്ന് ഞാന്‍ എന്നും വിശ്വസിച്ചു. നീണ്ട യാത്രയ്ക്കൊടുവില്‍ മഴയും മഞ്ഞും ഒരുമിച്ചു പെയ്യുന്നൊരു കുളിര്‍ദിനത്തിലാണ് ഹരിദ്വാറിലെത്തിയത്. ശരീരത്തിലും മനസ്സിലും കുളിരുകോരിയിട്ടൊരു വരവേല്പ്! വിഷ്ണുപാദമായ ഹര് കി പൗരിയായിരുന്നു പ്രഥമ ലക്ഷ്യം. അല്പ സമയത്തിനുള്ളില്‍ ഞാനവിടെ നടന്നെത്തി. വിശുദ്ധനഗരമായ ഹരിദ്വാറിലെ ആദരണീയ ഇടങ്ങളിലൊന്നാണിത്. ശിവനും വിഷ്ണുവും വേദകാലങ്ങളില്‍ ഹര് കി പൗരിയിലെ ബ്രഹ്മകുണ്ഡം സന്ദര്‍ശിച്ചെന്നാണ് വിശ്വസം. എത്ര സുന്ദരമാണ് ഗംഗയുടെ പടിഞ്ഞാറെ കരയിലുള്ള ഈ ഘട്ട്! പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഒത്തുചേരുന്ന കുംഭമേള ഹര് കി പൗരിയില്‍ അരങ്ങേറുന്നു. പെട്ടെന്നാണ് മഹനീയമായൊരു നീരൊഴുക്ക് ദൃഷ്ടിയില് പതിഞ്ഞത്. ചരിത്രവും സംസ്കാരവും ദൈവീകതയും തന്നിലേക്ക് ആവാഹിച്ചെടുത്തുകൊണ്ടുള്ള ഗംഗാപ്രവാഹം! നിറഞ്ഞ മനസ്സോടെ ഞാന്‍ ആ പുണ്യം നോക്കി നിന്നു. തുടര്‍ന്നു പവിത്രമായ നദിയിലിറങ്ങി തൃപ്തിയാകും വരെ ദീര്‍ഘ നേരം സ്നാനം ചെയ്തു. താമസിക്കാന്‍ എടുത്തിരുന്ന ഹോട്ടല്‍ മുറിയിലേക്കു മടങ്ങി.
മാനസ ദേവി മന്ദിര്‍
ഗംഗയുടെ തീരത്തുള്ള ബില്വ പര്‍വതത്തിന് മുകളിലാണ് മാതാ മാനസ ദേവി മന്ദിര്‍ സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിന്റെ ഏറ്റവും തെക്കുള്ള ശിവാലിക് മലനിരകളിലാണ് ബില്വ പര്‍വതത്തിന്റെ സ്ഥാനം. അതിശയിപ്പിക്കും വിധമുള്ള പ്രസന്നതയും പ്രശാന്തതയുമാണ് ഈ ക്ഷേത്ര പരിസരത്തിന്റെ പ്രത്യേകത. ചുറ്റുമുള്ള കുന്നുകളുടെയും താഴ്വാരങ്ങളുടെയും മനോഹരമായ കാഴ്ച സഞ്ചാരിയ്ക്കു നല്‍കുന്നതാണ് മാനസ ദേവി മന്ദിറിലേക്കുള്ള കേബിള്‍ കാര്‍ യാത്ര. കേബിള്‍ കാറിലിരുന്ന് കണ്ണുകളടച്ചു കയ്യില്‍ എപ്പോഴുമുണ്ടാകാറുള്ള ശിവലിംഗത്തെ തൊട്ടു നമഃശിവായ ജപിച്ചപ്പോള്‍, എതിര്‍വശത്തിരുന്നിരുന്ന പ്രായംചെന്ന ഒരു ബാബ എന്നെ തട്ടി വിളിച്ചുകൊണ്ടു എന്റെ കൈതണ്ടയില്‍ പച്ചകുത്തിയ ശിവരൂപത്തെക്കുറിച്ചു ചോദിച്ചു. തുടര്‍ന്നു അദ്ദേഹത്തിന്റെ കൈതണ്ടയിലെ ടാറ്റൂ എനിക്കു കാണിച്ചുതരുകയും ചെയ്തു. അല്പനേരം സംസാരിച്ചപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള അപരിചിതത്വം അകന്നു. പെട്ടെന്നാണ് അദ്ദേഹം പറഞ്ഞു: ”പിന്നോട്ടു നോക്കൂ, നിന്റെ മാതാവിന്റെ സൗന്ദര്യം കാണൂ.” ഞാന്‍ ഉടനെ പുറകോട്ടു നോക്കി. മാതാ ഗംഗയുടെ സൗന്ദര്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. മാസ്മരികമായ ആ ദൃശ്യചാരുതയില്‍ സ്വയം ലയിച്ചിരിക്കുന്നതിനിടയില് കാര്‍ മലമുകളിലെത്തി. മാതാ ദര്‍ശനം കഴിഞ്ഞു, മടക്കയാത്രയ്ക്കു കേബിള്‍ കാറില്‍ കയറിയിരുന്നു. ആരോഹണ യാത്രയില്‍ ബാക്കിവച്ചിരുന്ന ഗംഗാദര്‍ശന വ്യാപ്തികളില്‍ തിരിച്ചെത്തും വരെ മുഴുകിയിരുന്നു!
ഋഷികേശ്
മൂന്നു ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട് ഗംഗാ നദിയുടെ കരയിലാണ് ഋഷികേശ്. കേദാര്‍നാഥ്, ബദരിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനകവാടം കൂടിയായതിനാല്‍, ഹിന്ദുമതത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും ധ്യാനമിരിക്കാനും വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തുന്നു. ഋഷികേശിലെ ലക്ഷ്മന് ജൂള, രാം ജൂള എന്നീ തൂക്കുപാലങ്ങളിലേറി ഗംഗയ്ക്കു കുറുകെ സഞ്ചരിക്കുന്നത് ഒരു അനുഭൂതിയാണ്. അതിമനോഹരമാണ് പാലങ്ങളില്‍ നിന്നു ഞാന്‍ കണ്ട ഋഷികേശ് പട്ടണത്തിന്റെ ദൃശ്യം! സഞ്ചാരികള്‍ക്ക് രാം ജൂളയ്ക്കു സമീപം ഗംഗാ നദിയിലൂടെ വിനോദ ബോട്ടുയാത്രകള്‍ അനുവദിക്കുന്നുണ്ട്. ഗംഗയുടെ തീരത്ത് പരമാര്‍ത്ഥ് ആശ്രമത്തിനു മുന്നില്‍ വൈകീട്ടുള്ള ഗംഗാ ആരതിയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എന്നും പങ്കെടുക്കുന്നു. എനിക്കത് പരമമായൊരു ആത്മസംതൃപ്തിയായിരുന്നു.
കൂടാതെ, ലക്ഷ്മന് ജൂളയുടെ ഇരു തീരങ്ങളിലും ലഭ്യമായ പുരാതന വസ്തുക്കളും ആകര്‍ഷകമായ ശില്പങ്ങളും പൂജാ സാധനങ്ങളും എത്ര കണ്ടാലും മതിവരില്ല. ലക്ഷ്മന് ജൂളയിലെ കാഴ്ചകള്‍ കണ്ട് എത്തിപ്പെട്ടത് കൈലാഷാനന്ദ മിഷന് ട്രസ്റ്റ് ആശ്രമത്തിന് എതിര്‍വശത്താണ്. കയ്യിലിരുന്ന ശിവലിംഗവുമായി ഞാന്‍ നേരെ ഗംഗയുടെ അരികിലേക്കു നടന്നു. സ്നാനം ചെയ്തു, ശിവലിംഗത്തിന് അഭിഷേകവും നടത്തി.
ദേവപ്രയാഗ്, ഗംഗോത്രി…
ദേവപ്രയാഗ് എന്നതിന്റെ സാരം പുണ്യനദികളുടെ സംഗമമെന്നാണ്. അലഹബാദ് എന്ന ഇന്നത്തെ പട്ടണത്തിന്റെ യഥാര്‍ത്ഥ നാമമാണിത്. ഇവിടെ വച്ചാണ് പുണ്യനദികളായ ഭാഗീരഥിയും അളകനന്ദയും ഗംഗയോട് ചേരുന്നത്. മഹാകുഭ മേള ഉള്‍പ്പടെയുള്ള നിരവധി ആഘോഷ-ആചാരങ്ങളുടെ വേദിയാണ് ഈ സംഗമ സ്ഥാനം. യാത്രയിലുടനീളം കൊടും തണുപ്പിലും പുണ്യം നിറഞ്ഞ ആ കാഴ്ച ഒരു നോക്ക് കാണാന്‍ മനസ്സ് വെമ്പി. ഒടുവില്‍ എന്റെ കണ്ണുകള്‍ ആദ്യമായി അതിന് സാക്ഷ്യം വഹിച്ചപ്പോള്‍ ആത്മാവ് അനേക ജന്മങ്ങളില് അതു ദര്‍ശിച്ച അനുഭൂതി അറിയിച്ചു. പരുക്കന്‍ പര്‍വതപരപ്പിലൂടെ നാഴികകള്‍ നടന്നാണ് ഗംഗയുടെയും യമുനയുടെയും ഉത്ഭവസ്ഥാനങ്ങളിലെത്തിയത്. ഗംഗോത്രിയില്‍ നിന്നു 45 കി.മീ പടിഞ്ഞാറോട്ടു സഞ്ചരിച്ചാണ് യമുനോത്രിയിലെത്തിയത്. പ്രതികൂലമായ പ്രകൃതിയാണ് രണ്ടിടങ്ങളുടെയും പൊതുപ്രകൃതം. യാത്രാന്ത്യം നീര്‍ച്ചാലുകളായി ഒഴുകിയെത്തുന്ന കൊച്ചു പുണ്യനദികള് കണ്ണില്‍ നിറഞ്ഞപ്പോള്‍ ആനന്ദത്തില്‍ തിങ്ങിവിങ്ങിയത് എന്റെ ഉള്ളാണ്.
കേദാര്‍നാഥ്
ഉത്തരാഖണ്ഡിലെ ചോരബാദി ഹിമാനിക്കടുത്തുകൂടെ ഒഴുകുന്ന മന്ദാകിനി നദിയുടെ തീരത്തോടു ചേര്‍ന്നാണ് നിഗൂഢതകള്‍ നിറഞ്ഞ കേദാര്‍നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 2013-ല്‍ ക്ഷേത്രത്തിന്റെ ആറു കിലോമീറ്റര്‍ വടക്കുള്ള കേദാര്‍നാഥ് പര്‍വതത്തിലെ ഹിമപ്പരപ്പ് ഉരുകിയൊലിച്ചു കേദാര്‍നാഥ് പട്ടണം മുഴുവന്‍ പ്രളയത്തിലാണ്ടുപോയപ്പോഴും കേടൊന്നുമില്ലാതെ നിലകൊണ്ട ഈ ചൈതന്യ സ്രോതസ്സ് ശാസ്ത്രത്തിനു പോലും മഹാത്ഭുതമാണ്! ഹരിദ്വാറില്‍ നിന്നു ഇരുനൂറിലേറെ കി.മീ വടക്കുകിഴക്കുമാറി ഒറ്റപ്പെട്ടുകിടക്കുന്ന ക്ഷേത്രത്തിലേക്ക് സംഘത്തോടൊപ്പമുള്ള യാത്രയാണ് സുരക്ഷിതമെങ്കിലും, എല്ലാം ശിവനില്‍ അര്‍പ്പിച്ചുകൊണ്ടുള്ള തീര്‍ത്ഥാടനങ്ങളാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്. യാത്രാമധ്യേ ഒരു വന്ദ്യ വയോധികനും അധ്യാപികയായ പത്നിയും എന്നെ രക്ഷിച്ച അനുഭവകഥ ഇന്നുമെന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ട്.
ബദരിനാഥ്
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ബദരിനാഥ് ക്ഷേത്രത്തിലേക്കു യാത്ര തിരിച്ചു. വഴിയിലുണ്ട് ആകാശം മുട്ടുന്ന മഞ്ഞുമലകളും അടി കാണാത്ത കൊക്കകളും. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കര്‍ണപ്രയാഗ്, പിപ്പല്‍ക്കോട്ടി, ജോഷിമഠ് മുതലായ കേന്ദ്രങ്ങള്‍ കടന്നുവേണം അളകനന്ദാ നദീതീരത്തുള്ള അതിപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രത്തിലെത്താന്‍. അളകനന്ദയുടെ ഒഴുക്കില്‍ നിന്നു കിട്ടിയ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട ദേവാലയം. കേദാര്‍നാഥില്‍ നിന്ന് പത്തമ്പതു കിലോമീറ്റര്‍ കിഴക്ക്. പ്രകൃതിയുടെ മുഖം ഇവിടെ ഓരോ നിമിഷവും മാറിമറിഞ്ഞു വരുന്നു. മറ്റു ഇടങ്ങളെപ്പോലെ ആയിരുന്നില്ല ബദരിയിലെ തണുപ്പ്. സൂചിമുന പോലെ ശരീരത്തില്‍ കുത്തിയിറങ്ങുന്ന ഒരു പ്രത്യേക ശൈത്യം! പ്രകൃതിയുടെ മായാലീലയെന്ന് ശരിയ്ക്കും ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ, ബദരീശന്റെ ദിവ്യദര്‍ശനം മോഹിക്കാത്തവരായി ആരുണ്ടിവിടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: