ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നിറച്ചാര്‍ത്ത് മത്സരം പി.പി. ചിത്തരജ്ഞന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അധ്യക്ഷയായ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ‘ ആറ്റുനോറ്റുണ്ടായൊരുണ്ണി’ എന്ന ഗാനം മനോഹരമായി ആലപിച്ച് കുരുന്നുകള്‍ക്ക് ആവേശം പകര്‍ന്നു.
വള്ളംകളിയുടെ ആഘോഷങ്ങള്‍ക്ക് ആവേശത്തിന്റെ നിറം പകര്‍ന്ന് കുട്ടിക്കലാകാരര്‍ ക്യാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍ ആലപ്പുഴ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുറ്റത്ത് ഉത്സവ പ്രതീതി. അഞ്ഞൂറോളം കുട്ടികളാണ് ആലപ്പുഴക്കാരുടെ സ്വന്തം വള്ളംകളിയുടെ ആവേശം ക്യാന്‍വാസുകളിലേക്ക് ആവാഹിച്ചത്.
കായലിന്റെയും കരയുടെയും രേഖാചിത്രത്തിന് നിറംനല്കലായിരുന്നു എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളുടെ മത്സര വിഷയം. കുട്ടനാടന്‍ ഗ്രാമങ്ങളുടെ സൗന്ദര്യവും വള്ളംകളിയുടെ ആഘോഷവും നിറഞ്ഞ ചിത്രങ്ങളായിരുന്നു യുപ, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികളുടെ മത്സരത്തിന്റെ വിഷയമായത്.
നിറച്ചാര്‍ത്ത് മത്സര വിജയികള്‍
എല്‍പി വിഭാഗത്തില്‍ ആലപ്പുഴ മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗ്രേറ്റ ജെ. ജോര്‍ജ് ഒന്നാം സ്ഥാനവും എസ്ഡിവിഇഎംഎച്ച്എസ്എസിലെ അമേയ ഉണ്ണികൃഷ്ണന് രണ്ടാം സ്ഥാനവും കാര്‍മല്‍ അക്കാദമി എച്ച്എസ്എസിലെ വി. വൈഗ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തില്‍ മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗ്രേറ്റ് ജെ. ജോര്‍ജ് ഒന്നാം സ്ഥാനവും പുന്നപ്ര യുപി സ്കൂളിലെ എ. അലീന രണ്ടാം സ്ഥാനവും സെന്റ് ആന്റണീസ് ജിഎച്ച്എസിലെ ഉത്ര സജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ആദ്യ രണ്ട് സ്ഥാനവും കാര്‍മല്‍ അക്കാദമി എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ക്കാണ്. എച്ച്. അയാന ഫാത്തിമ ഒന്നാം സ്ഥാനവും പാര്‍വതി രാജേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ സുമയ്യ നൗഷാദാണ് മൂന്നാമത്. ചിത്രകലാ അധ്യാപകരായ സതീഷ് വാഴവേലില്‍, സിറില്‍ ഡോമിനിക്, ബിജു വിജയന് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: