9495627908
മിത്തും യാഥാര്‍ത്ഥ്യവും പരസ്പര വിരുദ്ധമായി കാണുകയെന്നതാണ് പാശ്ചാത്യ സമീപനം. യുഗദീര്‍ഘമായ ചരിത്ര നൈരന്തര്യവും അതിസമ്പന്നമായ സാംസ്‌കാരിക പൈതൃകവുമുള്ള ഭാരതത്തില്‍ ഇങ്ങനെയൊരു നിഷ്‌കൃഷ്ടമായ വേര്‍തിരിവ് സ്വീകരിക്കാനാവില്ല. മിത്തിനെക്കുറിച്ചുള്ള പരിമിതവും ഉപരിപ്ലവുമായ പാശ്ചാത്യ കാഴ്ചപ്പാടുകള്‍ പിന്‍പറ്റിക്കൊണ്ട് ഭാരതീയമായ കലയെയും തത്വചിന്തയെയും ആത്മീയതയെയും ശരിയായി മനസ്സിലാക്കാനോ വിശദീകരിക്കാനോ കഴിയില്ല. ഈ വസ്തുത ഉള്‍ക്കൊള്ളാതെയുള്ള പഠനവും ഗവേഷണവും ആധുനികകാലത്ത് ഭാരതീയ സംസ്‌കൃതിക്ക് വരുത്തിവച്ച വിനകള്‍ ഇനിയും തിരിച്ചറിയുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല.
‘മിത്ത്’ എന്ന പദത്തിന് സാധാരണയായി കെട്ടുകഥ (കല്‍പ്പിത കഥ), പുരാവൃത്തം എന്നൊക്കെയാണ് അര്‍ത്ഥം കല്‍പ്പിക്കാറുള്ളത്. ഈ പദത്തിന് ‘ഗൂഢാര്‍ത്ഥം’ എന്നൊരു വിവക്ഷകൂടിയുണ്ട്. പക്ഷേ മിത്തുകളുടെ ഗൂഢാര്‍ത്ഥവും സങ്കല്‍പ്പ സിദ്ധാന്താനുസാരമായിട്ടാണ് സാധാരണ കണക്കാക്കപ്പെടുന്നത്. അതിനാല്‍ അതിമാനുഷരായ കഥാപാത്രങ്ങളെയും അലൗകിക പ്രതിഭാസങ്ങളെയും ഉള്‍ക്കൊള്ളുന്ന ആഖ്യാനങ്ങളാണ് മിത്തുകള്‍ എന്നറിയപ്പെടുന്നത്.
ഭാരതത്തിലെ പുരാണങ്ങളില്‍ മിത്തുകള്‍ ധാരാളമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുരാണങ്ങളില്‍ മാത്രമല്ല, ഇതിഹാസങ്ങളിലും ചരിത്രം, കഥ എന്നിവയോടൊപ്പവും ‘മിത്തു’കളെ കൂട്ടിയിട്ടുണ്ടെന്നു കാണാം. സത്യാന്വേഷികളായിരുന്ന ഭാരതീയ ഋഷിമാര്‍ ‘മിത്തു’കളില്‍ രമിച്ചത് ആശ്ചര്യംതന്നെയല്ലെ? ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്ന പ്ലേറ്റോയുടെ ആദര്‍ശവാദമനുസരിച്ച് കല്‍പ്പിതകഥകള്‍ ഉള്‍ക്കൊള്ളുന്ന കലാസാഹിത്യ രചനകള്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിക്കുന്നവയാണ്. അതിനാല്‍ കവി സത്യം വെളിപ്പെടുത്തുന്നവനല്ല, മൂടിയവയ്‌ക്കുന്നവനാണ്. എന്നാല്‍ ആത്യന്തിക സത്യത്തെക്കുറിച്ചുള്ള ഏറ്റവും യുക്തിപൂര്‍വ്വകവും ഭൗതിക ശാസ്ത്രസമ്മതവുമായ വെളിപ്പെടുത്തലുകളാണ് കവികളായിരുന്ന ഭാരതീയ ഋഷിമാരുടെ രചനകളില്‍ കാണപ്പെടുന്നത്. അവര്‍ സത്യത്തിന്റെ മറ നീക്കിയവരായിരുന്നു. ഈശാവാസ്യ ഉപനിഷത്തിലെ പതിനഞ്ചാമത്തെ മന്ത്രം സത്യദര്‍ശനത്തിനായിട്ടുള്ള പ്രാര്‍ത്ഥനയാണല്ലോ.
ഹിരണ്‍മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവൃണു
സത്യധര്‍മ്മായ ദൃഷ്ടയേ
(സ്വര്‍ണ്ണമയമായ പാത്രത്താല്‍ സത്യത്തിന്റെ മുഖം മറയ്‌ക്കപ്പെട്ടിരിക്കുന്നു. സത്യം ആചരിക്കുന്നവന് ദര്‍ശനത്തിനായി വിശ്വപോഷാവാകുന്ന അങ്ങ് ആ മറ നീക്കിയാലും)
ആകര്‍ഷകങ്ങളായ പ്രാപഞ്ചിക വിഷയങ്ങളില്‍ മറയ്‌ക്കപ്പെട്ടിരിക്കുന്ന സത്യം സാക്ഷാത്കാരവിധേയമാകണമെങ്കില്‍ ഒരുവന്‍ സത്യം ആചരിക്കേണ്ടതുണ്ട്. അതായത് നശ്വരവിഷയങ്ങളെ ത്യജിച്ച് സത്യാന്വേഷണം ജീവിത ലക്ഷ്യമാക്കേണ്ടതുണ്ട്. ഇപ്രകാരം ജീവിതം നയിച്ച് ലോകോത്തര സത്യദര്‍ശികളായിത്തീര്‍ന്ന ഭാരതീയ ഋഷിമാര്‍ എന്തുകൊണ്ടായിരിക്കും അവരുടെ പുരാണേതിഹാസങ്ങളില്‍ ‘മിത്തു’കളെ അവതരിപ്പിച്ചത്? ഭാരതീയ സത്യദര്‍ശനത്തിന്റെ ഉത്തമാധികാരിയായിരുന്ന വ്യാസനാലാണ് ശ്രീമദ് ഭാഗവതപുരാണവും മഹാഭാരതവും രചിക്കപ്പെട്ടിട്ടുള്ളത്. ഉപനിഷദ് ദര്‍ശനങ്ങളുടെ നിശിതമായ യുക്തിയാല്‍ ന്യായീകരിച്ച് സ്ഥാപിക്കപ്പെട്ട ‘ബ്രഹ്മസൂത്ര’ത്തിന്റെ കര്‍ത്താവായ ബാദരായണ വ്യാസന്‍ ‘മിത്തു’കളടങ്ങിയ പുരാണം നിര്‍മിക്കാന്‍ ഇടയായതെങ്ങനെ? തത്വജ്ഞാനത്തിന്റെ പരകോടിയില്‍ നിലകൊണ്ട ഈ സത്യദര്‍ശി കല്‍പ്പിതകഥകളെ എന്തിന് സൃഷ്ടിച്ചു?
ഇതിനുത്തരമായി പലപ്പോഴും നാം കേള്‍ക്കാറുള്ളത് പുരാണങ്ങള്‍ ബാദരായണ വ്യാസന്റേതല്ല, വ്യാസന്റെ പേരില്‍ (വേദത്തെ വിസ്തരിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍) മറ്റ് വേദാന്തികളാല്‍ രചിക്കപ്പെട്ടവയാണെന്നാണ്. വ്യാസന്റെ കാലം കഴിഞ്ഞ് നിര്‍മിതമായിട്ടുള്ള പുരാണങ്ങളുടെ കാര്യത്തില്‍ ഇതു വിശ്വസിക്കാതെ തരമില്ല. എന്നാല്‍ വ്യാസന്റെ കൃതിയായി അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാഭാരതത്തിലുമുണ്ടല്ലോ മിത്തുകള്‍. പുരാണേതിഹാസങ്ങള്‍ ഗൂഢാര്‍ത്ഥ നിബിഡങ്ങളാണെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവയുടെ ഗൂഢാര്‍ത്ഥം വെറും സങ്കല്‍പ്പസിദ്ധാന്തമനുസരിച്ചുള്ളതാണോ, അതോ സങ്കല്‍പ്പകഥകളാകുന്ന മാധ്യമത്തിലൂടെ വെളിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളാണോ?
പ്രപഞ്ച ശക്തിയുടെ പ്രതിബിംബങ്ങള്‍
പോര്‍ച്ചുഗീസ് കവിയും പണ്ഡിതനുമായ ഡെ ലൂയിസിന്റെ അഭിപ്രായത്തില്‍ മിത്തുകള്‍ക്ക് മനുഷ്യനെ മൃഗീയതയില്‍ നിന്ന് മുന്നോട്ടു നയിക്കാനുള്ള സ്വാധീനശേഷിയുണ്ട്. പ്രതികൂലശക്തികളെയും പൈശാചിക വൃത്തികളെയും ഭാവനയിലൂടെ ജയിക്കുക വഴി അവയെ മനുഷ്യമനസ്സിന് വിധേയപ്പെടുത്താനും, ധര്‍മാധര്‍മ്മങ്ങളെക്കുറിച്ച് വിവേചന ബുദ്ധി ഉണ്ടാകുന്നതിനും ഉപകരിക്കുന്നതാണ് മിത്തുകള്‍. പക്ഷേ ലൂയിസ് തുടര്‍ന്നു പറയുന്നത്, മിത്തുകള്‍ മനുഷ്യസമുദായത്തിന്റെ വര്‍ഗ്ഗചേതനയായ അബോധ മനസ്സിന്റെ ഉല്‍പ്പന്നങ്ങളാണെന്നാണ്. മാത്രമല്ല, അപരിഷ്‌കൃത മനുഷ്യര്‍ക്ക് സ്വത്വദൃഢത നല്‍കിയശേഷം മിത്തുകള്‍ നിരുപയോഗങ്ങളായിത്തീര്‍ന്നുവത്രേ.
എന്നാല്‍ ഭാരതീയ പുരാവൃത്തങ്ങള്‍ അഥവാ മിത്തുകള്‍ കല്‍പ്പനാ മാത്രകഥകളല്ല, മറിച്ച് യാഥാര്‍ത്ഥ്യങ്ങളുടെ ഗൂഢാര്‍ത്ഥമാണ് അവ ഉള്‍ക്കൊള്ളുന്നതെന്നും, അതിനാല്‍ അവയ്‌ക്ക് സര്‍വ്വകാല പ്രസക്തിയുണ്ടെന്നുമാണ്. ഈ നിഗമനം കാല്‍പ്പനികമായ ഒന്നല്ല.
ഭാരതത്തില്‍ വൈദികര്‍ ഇന്ദ്രിയവിഷയങ്ങളുടെ അധിഷ്ഠാനദേവതകളെയാണ് ആരാധിച്ചിരുന്നത്. സ്ഥൂലത്തിന്റെ ആധാരങ്ങളായ സാമാന്യ ഗുണങ്ങളുടെ അധിഷ്ഠാന ശക്തികളെയാണ് പ്രണവ ശബ്ദം, വായു, അഗ്നി, വരുണന്‍, പൃഥ്വി, സൂര്യന്‍ മുതലായ ദേവതകളായി ആരാധിച്ചിരുന്നത്. സൂര്യന്റെ പ്രകാശമാണ് വസ്തുക്കളിലൂടെ വിവിധ നിറങ്ങളായി കാണപ്പെടുന്നത്. അതിനാല്‍ പ്രകാശമാകുന്ന സാമാന്യമാണ് വസ്തുക്കളുടെ സവിശേഷനിറങ്ങള്‍ക്കു കാരണം. സ്പര്‍ശം, ഗന്ധം, രൂപ, ശബ്ദം, രുചി എന്നീ സാമാന്യതത്വങ്ങള്‍ കൊണ്ടുതന്നെയാണ് ജീവികളുടെ ഇന്ദ്രിയങ്ങളും നിര്‍മിതമായിട്ടുള്ളത്. അതിനാലാണ് ഇന്ദ്രിയങ്ങള്‍ക്ക് അതത് വിഷയങ്ങളെ ഗ്രഹിക്കാനാവുന്നത്.
ഭാരതത്തില്‍ സാമാന്യതത്വങ്ങളെ മാത്രമല്ല, അവയ്‌ക്കും ആധാരമായിട്ടുള്ള ഊര്‍ജതലത്തെയും ആരാധിച്ചുവരുന്നു. പരമാണുക്കള്‍ ഊര്‍ജ്ജനിര്‍മിതമായതിനാല്‍ പ്രപഞ്ചം ശക്തിമയമാണ്. സര്‍വ്വവ്യാപിയായ ശക്തിയെ ഏകാഗ്രതയോടെ ഭജിക്കണമെങ്കില്‍ ഒരു രൂപം സങ്കല്‍പ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് രൂപമില്ലാത്ത, എന്നാല്‍ ഏതു രൂപവും കൈക്കൊള്ളുവാന്‍ സാധിക്കുന്ന പ്രപഞ്ചശക്തിയില്‍ മനസ്സിനെ ഏകാഗ്രമാക്കുകയെന്നത് അത്യന്തം ദുഷ്‌കരമാണ്. അതിനാലാണ് ശക്തിയുടെ പ്രതീകങ്ങളായിട്ട് ബിംബങ്ങള്‍ സ്ഥാപിതമായത്.
അണുക്കളെ പിളര്‍ക്കുമ്പോഴും സംയോജിപ്പിക്കുമ്പോഴും ഉണ്ടാകുന്ന ഊര്‍ജ്ജത്തിന്റെ തോത് ഇന്നു നമുക്കറിയാവുന്നതാണ്. മനസ്സിന്റെ സീമയിലൊതുങ്ങാത്ത അനന്തമായിട്ടുള്ള ശക്തിയിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കാന്‍ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന ബിംബങ്ങള്‍ ഏറെ സഹായകമാണ്. ഇങ്ങനെ ആശയം വ്യക്തമാക്കുന്ന രീതിയിലുള്ള ബിംബങ്ങള്‍ക്ക് രൂപകല്‍പ്പന ചെയ്യപ്പെട്ടു. ആദിശക്തിയെ ഭാരതീയര്‍ ത്രിഗുണാത്മികയായിട്ടാണ് കാണുന്നതും ആരാധിക്കുന്നതും. കാരണം പ്രപഞ്ച സൃഷ്ടിക്കായി, അനേകമായി ഭവിക്കുന്നതിലേക്കായി നിര്‍ഗുണാവസ്ഥയിലുള്ള ഏക ശക്തി ആദ്യം മൂന്നു വ്യത്യസ്ത ഗുണങ്ങളായി പിരിയുന്നു-രജസ്സ്, സത്വം, തമസ്സ്. ഈ ശക്തികളാണ് സരസ്വതി, ലക്ഷ്മി, ശിവശക്തി എന്നിങ്ങനെ യഥാക്രമം ബിംബങ്ങളിലൂടെ ആരാധിക്കപ്പെടുന്നത്. രജസ്സ് സര്‍ഗ്ഗശക്തിയായും, സത്വമെന്നത് സൃഷ്ടിയെ പരിപാലിച്ചുകൊണ്ട് സൃഷ്ടിക്കനുകൂലമായി വര്‍ത്തിക്കുന്ന ശക്തിയായും, തമസ്സ് പ്രതിരോധ ശക്തിയായും കണക്കാക്കപ്പെടുന്നു. അതിനാല്‍ സര്‍ഗ്ഗശക്തിയുടെ പ്രതീകമായ സരസ്വതി വീണാപാണിയായും വിദ്യാദേവതയായും ആരാധിക്കപ്പെടുന്നു. ലക്ഷ്മി സൃഷ്ടിയുടെ വികാസത്തിനാവശ്യമായ ഐശ്വര്യങ്ങളുടെ ഉടമയായി ആദരിക്കപ്പെടുന്നു. ശിവശക്തി താമസിക ശക്തിയായതിനാല്‍ ഉഗ്രരൂപങ്ങളുടെ പ്രഭവശക്തിയായും ദുഷ്ടനിഗ്രഹത്തിന് ആയുധധാരിണിയായും രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നു.
ഇപ്രകാരം തന്നെ ഇന്ദ്രിയ വിഷയങ്ങള്‍ക്ക് ആധാരമായിട്ടുള്ള പഞ്ചഭൂത തന്മാത്രകളാകുന്ന ആകാശം, വായു, അഗ്നി, ജലം പൃഥ്‌വി എന്നീ സാമാന്യതത്വങ്ങളെ പ്രതിനിധീകരിച്ചും വിഗ്രഹം നിര്‍മിച്ചിട്ടുണ്ട്. ഗന്ധത്തിന് ആധാരമായിട്ടുള്ള പൃഥ്‌വി തത്വം മറ്റ് നാല് തത്വങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നവയാണ്. ഇങ്ങനെ അഞ്ച് ഇന്ദ്രിയ വിഷയങ്ങള്‍ക്കും ആധാരമായിട്ടുള്ള പൃഥ്‌വി തത്വത്തെയാണ് ‘ഗണപതി’ എന്ന വിഗ്രഹം പ്രതിനിധീകരിക്കുന്നത്. അതിനാലാണ് ആനയുടേതിനു സദൃശമായ വലുപ്പമേറിയ രൂപം, പരന്നു വികസിച്ച ചെവികള്‍, ഏറ്റവും നീണ്ട നാസിക, വിസ്താരമേറിയ ത്വക്ക് എന്നിവ ഈ വിഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് ഇന്ദ്രിയവിഷയങ്ങളുടെ സാമാന്യതത്വങ്ങളെ എടുത്തുകാട്ടുന്ന ഒരു വിഗ്രഹമാണ് ഗണപതിയുടേത്. വിശേഷേണ ഗ്രഹിക്കുന്നതാണല്ലോ ‘വിഗ്രഹം.’ ആരാധിക്കുമ്പോഴും ധ്യാനിക്കുമ്പോഴും വിഗ്രഹത്തിലൂടെ അതിനു പിന്നിലെ പ്രത്യേകമായ ആശയത്തിലേക്കാണ് മനസ്സ് കേന്ദ്രീകൃതമാകുന്നത്.
പുരാണങ്ങള്‍ പഴങ്കഥകളല്ല
സ്ഥൂലവസ്തുക്കള്‍ സൂക്ഷ്മകണങ്ങളുടെ സംഘടനകളാകുന്നതുപോലെ അവ സൂക്ഷ്മങ്ങളായ സാമാന്യതത്വങ്ങളുടെയും സംഘടനകളാകുന്നു. ഈ ആധാര തത്ത്വങ്ങളെയാണ് പ്രാചീന ഭാരതീയര്‍ മിത്തുകളായി അവതരിപ്പിക്കുന്നത്. അതായത് പുരാണങ്ങളിലെ കഥകളിലൂടെ അവതരിപ്പിക്കപ്പെടുന്ന സാമാന്യതത്വങ്ങള്‍ അഥവാ മിത്തുകള്‍ കാല്‍പ്പനികമല്ല, സ്ഥൂലവസ്തുക്കളുടെ ഘടകങ്ങളാകുന്ന സാമാന്യ തത്വങ്ങളാണ്. അതിനാല്‍ സാമാന്യങ്ങളുടെ അസ്തിത്വം വ്യക്തികളെ ആശ്രയിച്ചിട്ടുള്ളതല്ല. മറിച്ച് വ്യക്തി സാമാന്യങ്ങളെയാണ് ആശ്രയിക്കുന്നത്. കാരണം സാമാന്യങ്ങള്‍ വ്യക്തിയുടെ ആധാരഘടകങ്ങളാണ്.
ഭാരതീയ തത്വശാസ്ത്രത്തില്‍ സൃഷ്ടിസംബന്ധമായ വര്‍ണനയില്‍ പൊതുവെ മൂന്നു തലങ്ങള്‍ കല്‍പ്പിക്കാറുണ്ട്- സ്ഥൂലം, സൂക്ഷ്മ, പാരമാര്‍ത്ഥികം. ഇവയില്‍ സൂക്ഷ്മതല നിവാസികളാണ് സാമാന്യങ്ങള്‍. പ്ലേറ്റോ വാദിച്ചത് വ്യക്തമായ ലോകം നശ്വരവും സാമാന്യങ്ങളുടെ ലോകം അനശ്വരവുമാണെന്നാണ്. എന്നാല്‍ ഭാരതീയ തത്വശാസ്ത്രമനുസരിച്ച് സാമാന്യതത്വങ്ങള്‍ കേവലതത്വത്തിന്റെ പരിണാമഫലങ്ങളോ വിവര്‍ത്തങ്ങളോ ആണ്. അവയ്‌ക്ക് സൃഷ്ടി നിലനില്‍ക്കുംവരെ മാത്രമേ അസ്തിത്വമുള്ളൂ, അതായത് അവ ആത്യന്തിക സത്യങ്ങളല്ല. പക്ഷേ ഇവിടെ പ്രസക്തമായിട്ടുള്ള കാര്യം സൂക്ഷ്മതല തത്വങ്ങളാകുന്ന സാമാന്യങ്ങള്‍ നമ്മുടെ ദൃശ്യപ്രപഞ്ചത്തിന്റെ ആധാരശിലകള്‍ ആണെന്നതും, സ്ഥൂലലോക വസ്തുക്കളുടെ മൂന്നുകാലങ്ങളിലും അവയ്‌ക്ക് അസ്തിത്വമുണ്ടെന്നതും, അതിനാല്‍ അവയ്‌ക്ക് വ്യക്തികളുടേതിനെക്കാള്‍ സ്ഥിരാവസ്ഥയാണുള്ളതെന്നുമാണ്. അവ മിത്തുകളുടെ രൂപത്തില്‍ ഋഷി രചനകളില്‍ അവതരിക്കപ്പെട്ടതിന്റെ കാരണം ഇതുതന്നെയാണ്. പുരാണേതിഹാസങ്ങള്‍ക്ക് സാധാരണ കൃതികള്‍ക്കുള്ളതിനെക്കാള്‍ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നതും ഭാരതീയര്‍ അവയെ ദിവ്യമായിരിക്കരുതുന്നതും ഇക്കാരണത്താലാണ്.
ആനന്ദമയകോശമൊഴികെ, ഓരോ ആവരണവും പല സാമാന്യങ്ങള്‍ ഒത്തുചേര്‍ന്ന ഘടനയാകുന്നു. രൂപം, ശബ്ദം, ഗന്ധം, രുചി, സ്പര്‍ശം എന്നീ സാമാന്യതത്വങ്ങളുടെ സംഘടനയാണ് ജീവികളുടെ ശരീരവും അവരുടെ അനുഭവലോകവും. ഇച്ഛ, ഭാവം, രസം, സ്മൃതി, ബുദ്ധി മുതലായ സാമാന്യതത്വങ്ങളുടെ സംഘടനയാണ് മനുഷ്യന്റെ മനസ്സ്. വേദങ്ങളിലും പുരാണങ്ങളിലും ഇവയ്‌ക്കെല്ലാം വ്യക്തിക്കുപരിയായിട്ടുള്ള അസ്തിത്വം കല്‍പ്പിച്ചിട്ടുണ്ട്. ഇവയെ മൂര്‍ത്തീകരിച്ചുകൊണ്ട് നിര്‍മിച്ചവയാണ് പുരാണങ്ങളിലെ മിത്തുകള്‍. ശ്രീമദ് ഭാഗവതത്തില്‍ പുരാണ മാഹാത്മ്യം (പത്മപുരാണന്തര്‍ഗതം) തുടങ്ങുന്നത് ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവയെ മൂര്‍ത്തീകരിച്ചു നിര്‍മിച്ച കഥ പറഞ്ഞുകൊണ്ടാണല്ലോ.
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഫിലോസഫി വിഭാഗം മുന്‍ മേധാവിയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക