തൃശൂര്‍: പത്മഭൂഷണ്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന് മൂസ്സ് ആയുര്‍വേദത്തിന് മഹത്തരമായ സംഭാവനകള്‍ നല്കിയ ദീര്‍ഘദര്‍ശി ആയിരുന്നുവെന്നും, അദ്ദേഹം രൂപം നല്കിയ സ്ഥാപനങ്ങള്‍ അതിന് ഉദാഹരണമാണെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് വൈദ്യരത്നം ചെയര്‍മാനായിരുന്ന അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന് മൂസ്സിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച മെന്റേഴ്സ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയുഷ് സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം ചെലുത്തുന്നത്. ദേശീയ ആയുഷ് പദ്ധതിയ്ക്കായി 2014-ല്‍ 78 കോടി രൂപയാണ് ചിലവഴിച്ചത്. എന്നാല്‍ 2023-24 കാലയളവില്‍ അത് 15 മടങ്ങ് വര്‍ധിപ്പിച്ച് 1,200 കോടിയായി ഉയര്‍ത്തി എന്നും സോനോവാള്‍ പറഞ്ഞു.
കേന്ദ്ര പദ്ധതികളുടെ ഭാഗമായി ആയുഷ് വകുപ്പ് 2014 മുതല്‍ 270 കോടി രൂപ കേരളത്തിന് അനുവദിച്ചുവെന്നും, അഞ്ച് ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കാന്‍ സഹായം നല്കി എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ധര്‍മസാഗരം, ആയുര്‍ജ്യോതി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. വൈദ്യരത്നം ഗ്രൂപ്പ് എം.ഡി. അഷ്ടവൈദ്യന്‍ ഡോ.ഇ.ടി. നീലകണ്ഠന് മൂസ്സ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്, റവന്യൂമന്ത്രി കെ.രാജന്, മുന്‍ അംബാസിഡര്‍ വേണുരാജാമണി, തൃശൂര്‍ കളക്ടര്‍ കൃഷ്ണ തേജ, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, കോര്പറേഷന് ഡിവിഷന് കൗണ്‍സിലര്‍ സി.പി. പോളി, കലാമണ്ഡലം രാമചാക്യാര്‍, വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഡോ.ഇ.ടി. യദു നാരായണന് മൂസ്സ്, അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. കൃഷ്ണന് മൂസ്സ്, കെയുഎച്ച്എസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പുതുക്കിയ വൈദ്യരത്നം ഹോസ്്പിറ്റല്‍ ലോഗോയുടെ പ്രകാശനം വി. മുരളീധരന് നിര്‍വഹിച്ചു. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററിന് വേണ്ടി വൈദ്യരത്നം നല്കുന്ന ഭൂമിരേഖകള്‍ വൈദ്യര്തനം ജോയിന്റ് എം.ഡി. അഷ്ടവൈദ്യന്‍ പരമേശ്വരന് മൂസ്സില്‍ നിന്ന് മന്ത്രി കെ. രാജന് സ്വീകരിച്ചു.
വൈദ്യരത്നം ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സതി നാരായണന് മൂസ്സ് തൈക്കാട്ടുശ്ശേരിയില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരു കുടുംബത്തിന് വീടുവെച്ചു നല്കുന്ന ‘ഗൃഹസ്ഥം’ പദ്ധതിയുടെയും, യോഗസമീക്ഷയുടെയും ഉദ്ഘാടനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു.
ആയുര്‍വേദ പഠനത്തിനും പ്രോത്സാഹനത്തിനുമുള്ള ആയുര്‍വേദ വിജ്ഞാന് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: