കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ രോഗികളെ കൊണ്ട് നിറയുന്നു. 2000 ലധികം രോഗികളാണ് ഒരു ദിവസം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുന്നതെന്നാണ് കണക്ക്. ഇവയില്‍ പലതും പകര്‍ച്ചപ്പനി മൂലമാണ് എത്തുന്നത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും തിരക്കിന് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മലയോരത്ത് നിന്നും വരെ ആളുകള്‍ ഇവിടെ വരുന്നുണ്ട്. ആവശ്യത്തിന് മരുന്നും ലാബ് അടക്കമുള്ള പരിശോധനയ്ക്ക് കുറഞ്ഞ ചിലവും ഉള്ളത് കൊണ്ട് പാവപ്പെട്ട നിരവധി പേര് കിലോമീറ്ററുകള്‍ താണ്ടി ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. അതേസമയം രാത്രി ഒപിയില്‍ രോഗികള്‍ കൂട്ടത്തോടെയുണ്ടാകുമ്പോള്, പോലീസ് അടിപിടി കേസുകളിലും മറ്റും പെട്ട പ്രതികളുമായി എത്തിയാല്‍ നടപടി ക്രമങ്ങള്‍ക്ക് ഏറെ സമയമെടുക്കുന്നത് രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. മൊഴിയെടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഒരു മണിക്കൂറോളം സമയം വേണ്ടി വരുന്നു.
ഇതേസമയം രോഗികള്‍ക്ക് ദീര്‍ഘനേരം പുറത്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്. ഡോക്ടര്‍മാര്‍ കുറവാണ് എന്നതാണ് രോഗികളെ വലയ്ക്കുന്നത്.
വെള്ളം കുടിക്കാന്‍ പോലും സമയം ലഭിക്കാതെയാണ് പല ഡോക്ടര്‍മാരും രോഗികളെ പരിശോധിക്കുന്നത്. രോഗികളുടെ ബാഹുല്യം ആരോഗ്യ പ്രവര്‍ത്തകരെ തളര്‍ത്തുകയാണ്. ഡോക്ടര്‍മാരെയും ജീവനക്കാരെയും കൂടുതല്‍ നിയമിച്ച് ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: