ദുബായ്: യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയും സംഘവും ഈ മാസം 31 ന് മുൻപ് ഭൂമിയിലേക്ക് തിരിക്കാനൊരുങ്ങുന്നതായി മുഹമ്മദ് ബിൻ റാഷിദ് ബിൻ സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സുൽത്താൻ അൽമാരി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയതിനുശേഷമാണ് സുൽത്താൻ അൽനെയാദിയും സംഘവും ഭൂമിയിൽ തിരിച്ചെത്തുക. കഴിഞ്ഞ വെള്ളിയാഴ്ച ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അൽമാരി ഇക്കാര്യം അറിയിച്ചത്.
നാസയുടെ ദൗത്യം പൂർത്തിയാക്കുന്ന ദിവസം നാസ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംഘം ആഗസ്ത് 24 മുതൽ 27 വരെ ലോഞ്ച് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അൽ മാരി പറഞ്ഞു. തിരികെ ഭൂമിയിലെത്താൻ 7 മുതൽ 10 ദിവസം വരെയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സുൽത്താൻ അൽ നെയാദി തിരികെ എത്തുമ്പോൾ വീരോചിതമായ സ്വീകരണം നൽകാനാണ് യുഎഇ ഒരുങ്ങുന്നത്. ആഘോഷങ്ങൾ, റോഡ് ഷോകൾ, നേതാക്കളുമായിട്ടുള്ള കൂടിക്കാഴ്ചകൾ തുടങ്ങി ഒട്ടനവധി പരിപാടികളാണ് അദ്ദേഹം തിരികെ എത്തിയാൽ സംഘടിപ്പിക്കുക. മാർച്ച് 3നാണ് ക്രൂ 7 എന്ന ദൗത്യ സംഘം ബഹിരാകാശനിലയത്തിലെത്തിയത്. ബഹിരാകാശനിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം തങ്ങിയ ആദ്യ അറബ് വംശജനെന്ന നേട്ടത്തിനൊപ്പം ബഹിരാകാശത്ത് 7 മണിക്കൂർ നടന്നുകൊണ്ടും അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി മാറി. ബഹിരാകാശനിലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും സൗരോർജ പാനൽ സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇതിനു പുറമെ ബഹിരാകാശത്തു നിന്നും അദ്ദേഹം യുഎഇയിലെ വിവിധ പ്രഗത്ഭരായും വിദ്യാർത്ഥികളുമായും അദ്ദേഹം ആശയ വിനിമയം നടത്തി. അതി മനോഹരമായ നിരവധി ചിത്രങ്ങളാണ് അദ്ദേഹം ഭൂമിയിലേക്ക് ഇതിനോടകം പങ്കുവച്ചത്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ബഹിരാകാശനിലയം പ്രവർത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: