തിരുവനന്തപുരം : സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിന് സീനിയോറിട്ടിയും മാനദണ്ഡമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. പുതിയ പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിന് അനുമതി നല്‍കിയെങ്കിലും സര്‍ക്കാരിന്റെ ഇതുവരെയുള്ള നടപടികളിലെ വീഴ്ചകളെ വിമര്‍ശിച്ചുകൊണ്ടാണ് ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷിച്ച 111 പേരുടെ സ്‌കോര്‍ ഷീറ്റ് കണ്ടില്ല. യോഗ്യതാ വ്യവസ്ഥകളില്‍ ഒന്നായ ജേണലുകളിലെ പ്രബന്ധങ്ങള്‍ വിലയിരുത്തിയതില്‍ വീഴ്ചയുണ്ട്. യുജിസി ചട്ടപ്രകാരം നിശ്ചയിച്ച ലിസ്റ്റ് അഞ്ച് മാസത്തോളം തടഞ്ഞുവെച്ചിട്ടുണ്ടെന്നും വിഷയത്തില്‍ മന്ത്രി ഫയലില്‍ കുറിച്ചതും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
അതേസമയം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ച് കോളേജ് പ്രിന്‍സിപ്പല്‍ നിയമന നടപടികളെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു. സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നതാണ് ഇടക്കാലവിധി. യുജിസി നിബന്ധനയും കേരള സര്‍വീസ് ചട്ടമനുസരിച്ചുള്ള സീനിയോറിട്ടി മാനദണ്ഡവും പാലിച്ച് സെലക്ഷന്‍ പ്രക്രിയ നടത്തും. കോടതി ഉത്തരവനുസരിച്ച് 42 പേര്‍ക്ക് താത്കാലികനിയമനം നല്‍കും. ഉന്നതവിദ്യാഭ്യാസവകുപ്പ് ഫയലുകള്‍ കൈകാര്യംചെയ്തതില്‍ ട്രിബ്യൂണല്‍ അതൃപ്തിപ്രകടിപ്പിച്ച സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കുമെന്നും മന്ത്രി വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: