രാജീവ് ആര്‍ മിശ്ര
ഉപഭോക്താക്കള്‍ക്കായി കല്‍ക്കരിയും ലിഗ്‌നൈറ്റും ഉല്‍പ്പാദിപ്പിക്കലും വിതരണം ചെയ്യലുമാണു കല്‍ക്കരി-ലിഗ്‌നൈറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ നയം. എങ്കിലും കല്‍ക്കരി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം, കല്‍ക്കരി-ലിഗ്‌നൈറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലവില്‍ സൃഷ്ടിക്കപ്പെടുന്ന ഖനിജമാലിന്യങ്ങളില്‍നിന്ന് (ഓവര്‍ബര്‍ഡന്‍) വളരെ കുറഞ്ഞ വിലയ്‌ക്ക് മണല്‍ ഉല്‍പ്പാദിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണ്. വേര്‍തിരിച്ചെടുക്കാത്ത ഖനിജ അവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുന്നതിനാലുള്ള അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാന്‍ ഇതിലൂടെ കഴിയും. ഒപ്പം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മണല്‍ ലഭിക്കും എന്ന നേട്ടവുമുണ്ട്. കല്‍ക്കരി പൊതുമേഖലാ സ്ഥാപനങ്ങളില്‍ മണല്‍ ഉല്‍പ്പാദനം ഇതിനകം ആരംഭിച്ചിട്ടുണ്ട്. കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍), നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ (എന്‍എല്‍സിഐഎല്‍), സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ് (എസ്‌സിസിഎല്‍) എന്നിവിടങ്ങളില്‍ നിന്ന് മണല്‍ ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷത്തേയ്‌ക്കുള്ള മാര്‍ഗരേഖയും തയ്യാറാക്കിയിട്ടുണ്ട്.
കല്‍ക്കരി വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയ്‌ക്കൊപ്പം സുപ്രധാനമായ ഉപോല്‍പ്പന്നമായാണ് ‘ഓവര്‍ബര്‍ഡന്‍’ ലഭിക്കുന്നത്. കല്‍ക്കരി ഖനനം ചെയ്യുമ്പോള്‍ കല്‍ക്കരിപ്പാളിക്ക് മുകളിലുള്ള പ്രതലത്തില്‍ നിന്നാണ് ഓവര്‍ബര്‍ഡന്‍ ലഭിക്കുന്നത്. ഇത് കളിമണ്ണ്, എക്കല്‍ മണ്ണ്, സിലിക്ക അടങ്ങിയ മണല്‍ക്കല്ലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഈ ഓവര്‍ബര്‍ഡനില്‍ നിന്നാണ് കല്‍ക്കരി വേര്‍തിരിച്ചെടുക്കുന്നത്. അതിനുശേഷം മണ്ണിനെ അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റുന്നതിനുള്ള ബാക്ക് ഫില്ലിങ്ങിനായി ഓവര്‍ബര്‍ഡന്‍ ഉപയോഗിക്കുന്നു. ഓവര്‍ബര്‍ഡന്‍ ഏകദേശം 20% മുതല്‍ 25% വരെയാണുണ്ടാകുക. ഇതിനെ മാലിന്യമായാണു സാധാരണയായി വിലയിരുത്തിയിരുന്നത്. അതിന്റെ യഥാര്‍ഥ മൂല്യമോ ഗുണമോ മനസിലാക്കാതെയായിരുന്നു ഇത്തരത്തില്‍ മാലിന്യമെന്ന രൂപത്തില്‍ ഉപേക്ഷിച്ചിരുന്നത്. എന്നാല്‍ സുസ്ഥിരചാക്രിക സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള പാതയില്‍, ഓവര്‍ബര്‍ഡനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ചിന്ത ഉയര്‍ന്നുവന്നു. അതാണു മാലിന്യത്തില്‍ നിന്ന് സമ്പത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ തുടക്കം.
ആദ്യസംരംഭം
ഇത്തരമൊരു സംരംഭം ആദ്യമായി വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗിച്ചത് വെസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് (ഡബ്ല്യുസിഎല്‍) ആണ്. 2016-17ലെ ഖനന പ്രക്രിയക്കിടെയായിരുന്നു അത്. പിന്നീട് മഹാരാഷ്‌ട്രയിലെ നാഗ്പൂരിലെ ഭാനേഗാവ് ഖനിയില്‍ പൈലറ്റ് പദ്ധതി നടപ്പാക്കി മണല്‍ വേര്‍തിരിച്ചെടുക്കുകയായിരുന്നു. വകുപ്പുതലത്തില്‍ വികസിപ്പിച്ചെടുത്ത യന്ത്രങ്ങളുപയോഗിച്ചായിരുന്നു ഈ പ്രക്രിയ. പരമാവധി 300 ക്യുബിക് മീറ്ററായിരുന്നു യന്ത്രത്തിന്റെ ഒരു ദിവസത്തെ പരമാവധി ശേഷി. വേര്‍തിരിച്ചെടുത്ത ഈ മണല്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ അതിന്റെ ഗുണമേന്മ നദീതടങ്ങളില്‍ നിന്ന് ലഭിക്കുന്ന മണലിനെക്കാള്‍ മികച്ചതാണെന്ന് കണ്ടെത്തി. ഒരു ക്യുബിക് മീറ്ററിന് 160 രൂപയായിരുന്നു വില. ഇത് അന്നത്തെ വിപണിവിലയുടെ പത്ത് ശതമാനത്തോളമായിരുന്നു. ഈ മണല്‍ നാഗ്പൂര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റിന് കൈമാറുകയും അതുപയോഗിച്ച് പിഎം ആവാസ് യോജനയുടെ ഭാഗമായുള്ള വീടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ഇത്തരത്തില്‍ മണല്‍ വേര്‍തിരിച്ചെടുക്കുന്നതിന് രണ്ട് യന്ത്രങ്ങള്‍ കൂടി കമ്മീഷന്‍ ചെയ്തു.
പൈലറ്റ് പദ്ധതികളുടെ വിജയത്തെ തുടര്‍ന്ന് വെസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് (ഡബ്ല്യുസിഎല്‍) വാണിജ്യ അടിസ്ഥാനത്തില്‍ മണല്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇതിനായി രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റ് നാഗ്പൂരിനടുത്തുള്ള ഗോന്ദേഗാവ് ഖനിയില്‍ സ്ഥാപിക്കുകയും ചെയ്തു. പ്രതിദിനം 2500 ക്യുബിക് മീറ്റര്‍ മണല്‍ ഈ യൂണിറ്റില്‍ ഉല്‍പ്പാദിപ്പിക്കുന്നു.
ഗോന്ദേഗാവ് ഖനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മണലിന്റെ ഭൂരിഭാഗവും സര്‍ക്കാരിന്റെ സംരംഭങ്ങളായ ദേശീയ പാത അതോറിറ്റി, എംഒഐഎല്‍, മഹാ ജെന്‍കോ, മറ്റ് ചെറുകിട യൂണിറ്റുകള്‍ എന്നിവയ്‌ക്കാണ് വിതരണം ചെയ്തത്. വിപണിവിലയുടെ മൂന്നിലൊന്ന് വില മാത്രം ഈടാക്കിയായിരുന്നു വിതരണം. ബാക്കി വരുന്ന മണല്‍ പൊതു ലേല പ്രക്രിയയിലൂടെ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്നതിനായി മാറ്റുകയും ചെയ്തു.
മാലിന്യത്തില്‍നിന്ന് വരുമാനം
ഒരിക്കല്‍ പാഴ്‌വസ്തുവായി മാത്രം കണ്ടിരുന്ന ഓവര്‍ബര്‍ഡന്‍ ഇപ്പോള്‍ വളരെ പ്രയോജനകരമായ വസ്തുവായി മാറി. മണല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ പ്രാദേശികതലത്തില്‍ വലിയ തൊഴില്‍ സാധ്യത തുറക്കുകയും ചെയ്തു. പ്ലാന്റുകളില്‍ നേരിട്ടുള്ള തൊഴിലവസരം മാത്രമല്ല, മറിച്ച് മണല്‍ കയറ്റുമതി, വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ട്രക്കുകള്‍ തുടങ്ങിയവയൊക്കെ തൊഴില്‍ സാധ്യതകളായി മാറി.
ഓവര്‍ബര്‍ഡനെ ഫലപ്രദമായി മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തിനായി കോള്‍ ഇന്ത്യ ലിമിറ്റഡ് ഓവര്‍ബര്‍ഡന്‍ കൈകാര്യം ചെയ്യുന്നതിനും വേര്‍തിരിച്ചെടുക്കുന്നതിനും മണല്‍ നിര്‍മിക്കുന്നതിനുമായി രാജ്യത്തിന്റെ കിഴക്കന്‍ മധ്യ ഭാഗങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. കല്‍ക്കരി, ലിഗ്‌നൈറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള ഒമ്പത് മണല്‍ നിര്‍മാണ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കുകയാണ്. ഇതില്‍ നാലെണ്ണം എസ്‌സിസിഎലിനും, മൂന്നെണ്ണം ഡബ്ല്യുസിഎലിനും, ഓരോന്നു വീതം എന്‍സിഎല്‍, ഇസിഎല്‍ എന്നിവയുടെയും കീഴിലാണ്. ഈ പ്ലാന്റുകളിലെ മൊത്തം വാര്‍ഷികശേഷി പ്രതിവര്‍ഷം 5.5 മില്യണ്‍ ക്യുബിക് മീറ്റര്‍ ആണ്. ഇതിന് പുറമേ കോള്‍ ഇന്ത്യ ലിമിറ്റഡിന് കീഴില്‍ വിവിധ പ്ലാന്റുകളുടെ ടെന്‍ഡറിങ്ങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ലിഗ്‌നൈറ്റ് നിര്‍മാണ കമ്പനിയായ എന്‍എല്‍സിഐഎലും രണ്ട് മണല്‍ നിര്‍മാണ പ്ലാന്റുകളുടെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. ഈ പ്ലാന്റുകളുടെ മണല്‍ ഉല്‍പ്പാദനശേഷി പ്രതിവര്‍ഷം 1.5 മില്യണ്‍ ക്യുബിക് മീറ്ററാണ്.
മുന്നോട്ടുള്ള പാത
ഈ സംരംഭങ്ങളിലൂടെ, കല്‍ക്കരി/ലിഗ്‌നൈറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ മണല്‍ ഉല്‍പ്പാദനത്തിലും ഉപഭോഗത്തിലും വലിയ പരിവര്‍ത്തനത്തിനാണു നേതൃത്വം നല്‍കുന്നത്. ഇത് പരിസ്ഥിതി സുസ്ഥിരതയ്‌ക്കും സാമൂഹ്യക്ഷേമത്തിനും വലിയതോതില്‍ സംഭാവനയേകും. മിതമായ നിരക്കില്‍ ഓവര്‍ബര്‍ഡനില്‍ നിന്ന് കൂടുതല്‍ എംസാന്‍ഡ് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ക്കായി കല്‍ക്കരി മന്ത്രാലയം കല്‍ക്കരി/ലിഗ്‌നൈറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പ്രോത്സാഹനമേകുന്നുണ്ട്.
മെച്ചപ്പെട്ട സാങ്കേതികവിദ്യയിലൂടെ നമ്മുടെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വന്‍തോതിലുള്ള ഉല്‍പ്പാദനം സാധ്യമാക്കും. ഇതിലൂടെ ഒരു ക്യുബിക് മീറ്ററിന്റെ വില ഗണ്യമായി കുറയും. ഇത് നിര്‍മാണ ആവശ്യങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയ്‌ക്ക് മണല്‍ ലഭിക്കുന്നതിന് സാധാരണക്കാരനെ സഹായിക്കും. നദീതടങ്ങളിലെ മണലിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കാന്‍ കഴിയുമെന്നതിനാല്‍ പരിസ്ഥിതിക്കും ഇതു ഗുണംചെയ്യും.
(വെസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ മുന്‍ സിഎംഡിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: